| Monday, 29th December 2025, 9:19 am

പത്തില്‍ പത്ത്; ചരിത്രം തിരുത്തി റോണോയുടെ അല്‍ നസര്‍

ഫസീഹ പി.സി.

സൗദി പ്രൊ ലീഗില്‍ ശനിയാഴ്ച (ഡിസംബര്‍ 27) നടന്ന മത്സരത്തില്‍ അല്‍ നസര്‍ വിജയം സ്വന്തമാക്കിയിരുന്നു. അല്‍ അവ്വല്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ അല്‍ അഖ്ദൂദിനെയാണ് റൊണാള്‍ഡോയുടെ ടീം തകര്‍ത്തെറിഞ്ഞത്. മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അറേബ്യന്‍ ക്ലബ്ബിന്റെ വിജയം.

പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോള്‍ കരുത്തിലാണ് ടീം വിജയം സ്വന്തമാക്കിയത്. വിജയത്തോടെ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താനും അല്‍ അല്‍മിയക്ക് സാധിച്ചു. നിലവില്‍ ക്ലബിന് 30 പോയിന്റാണുള്ളത്.

അല്‍ നസര്‍ ടീം. Photo: Al Nassr FC/x.com

ഈ മത്സരത്തിലെ വിജയത്തോടെ ഒരു സൂപ്പര്‍നേട്ടവും അല്‍ നസര്‍ സ്വന്തമാക്കി. സൗദി പ്രൊ ലീഗില്‍ തുടര്‍ച്ചയായ 10 വിജയങ്ങളുമായി സീസണ്‍ ആരംഭിക്കുന്ന ആദ്യ ടീം എന്ന നേട്ടമാണ് ക്ലബ്ബ് തങ്ങളുടെ പേരില്‍ ചാര്‍ത്തിയത്. അല്‍ അഖ്ദൂദിനെ തകര്‍ത്തതോടെ ടീം ഈ സീസണിലെ തങ്ങളുടെ തുടര്‍ച്ചയായ പത്താം വിജയമാണ് കുറിച്ചത്.

അല്‍ താവൂണുമായുള്ള മത്സരത്തോടെയാണ് അല്‍ നസര്‍ ഈ സീസണ്‍ ആരംഭിച്ചത്. ഓഗസ്റ്റ് 25ന് നടന്ന  മത്സരത്തില്‍ ടീം അഞ്ച് ഗോളിന് വിജയിച്ചിരുന്നു. പിന്നീട് ലീഗില്‍ കളിച്ച ഒരു മത്സരത്തില്‍ പോലും ടീമിന് തോല്‍വി വഴങ്ങേണ്ടി വന്നില്ല. ടൂര്‍ണമെന്റിലെ പല വമ്പന്മാരും പിന്നീട് ഈ സീസണില്‍ അല്‍ നാസറുമായി കൊമ്പുകോര്‍ത്തു.

എന്നാല്‍, ഈ മത്സരങ്ങളിലെല്ലാം റോണോയുടെ ക്ലബ്ബ് വിജയക്കൊടി പാറിച്ചു. അവയാകട്ടെ ഏറ്റവും ആധികാരികമായാണ് ടീം സ്വന്തമാക്കിയത്. ഈ സീസണിലെ ഓരോ മത്സരത്തിലും അല്‍ നസര്‍ ജയം നേടിയെടുത്തത് കുറഞ്ഞത് രണ്ട് ഗോളെങ്കിലും വലയിലെത്തിച്ചാണ്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. Photo: Al Nassr FC/x.com

അതേസമയം, മത്സരത്തില്‍ അല്‍ നസറിനായി റൊണാള്‍ഡോയാണ് ആദ്യം വല കുലുക്കിയത്. 31ാം മിനിട്ടിലായിരുന്നു താരത്തിന്റെ ആദ്യ ഗോള്‍. അബ്ദുല്ല അല്‍അംരി നല്‍കിയ പാസ് സ്വീകരിച്ചായിരുന്നു പോര്‍ച്ചുഗല്‍ ഇതിഹാസം പന്ത് വലയിലെത്തിച്ചത്.

ഏറെ വൈകാതെ റോണോ തന്റെ രണ്ടാം ഗോളും നേടി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിട്ടിലായിരുന്നു ഈ ഗോള്‍. ഈ ഗോളിന് വഴിയൊരുക്കിയത് മാഴ്സെലോ ബ്രോസോവിച്ചായിരുന്നു.

മത്സരത്തിൽ ഗോൾ നേടുന്ന ജാവോ ഫെലിക്സ്. Photo: Al Nassr FC/x.com

രണ്ടാം പകുതിയില്‍ ജാവോ ഫെലിക്‌സ് അല്‍ നസറിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. മത്സരത്തിന്റെ അവസാന നിമിഷങ്ങളിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. അതോടെ അല്‍ നസര്‍ ഈ സീസണിലെ തങ്ങളുടെ പത്താം വിജയം സ്വന്തമാക്കി.

Content Highlight: Cristiano Ronaldo’s Al Nassr become the first club ever to start a Saudi Pro League season with 10 straight wins

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more