സൗദി സൂപ്പര്‍ കപ്പില്‍ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. ആദ്യ മത്സരത്തില്‍ ഫൈനല്‍ ലക്ഷ്യമിട്ട് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസര്‍ ഇന്നിറങ്ങും. എതിരാളിയായി എത്തുന്നത് ഫ്രഞ്ച് ഫുട്‌ബോളര്‍ കരിം ബെന്‍സേമയുടെ അല്‍ ഇത്തിഹാദാണ്. സൂപ്പര്‍ താരങ്ങള്‍ നേര്‍ക്കുനേര്‍ പോരാടുന്ന ഈ ‘സൂപ്പര്‍’ പോരാട്ടം ഹോങ് കോങ് സ്റ്റേഡിയത്തില്‍ വൈകുന്നേരം 5.30നാണ് നടക്കുക.
മികച്ച മുന്നൊരുക്കങ്ങളോടെയാണ് അല്‍ നസര്‍ ഈ പോരാട്ടത്തിനെത്തുന്നത്. സീസണിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരങ്ങളില്‍ വമ്പന്‍ വിജയം സ്വന്തമാക്കിയ ആത്മവിശ്വാസത്തിലായിരിക്കും റോണോയും പിള്ളേരും ഇന്ന് കളത്തിലിറങ്ങുക.
ഓഗസ്റ്റ് എട്ടിന് പോര്‍ച്ചുഗല്‍ ടീം റിയോ അവേയുമായി നടന്ന മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിന് ടീം വിജയിച്ചിരുന്നു. അത് ടീമിന് വലിയ ഉന്മേഷമാണ് നല്‍കുന്നത്. കൂടാതെ, മത്സരത്തില്‍ ഹാട്രിക്ക് നേടിയ റൊണാള്‍ഡോയുടെ ഫോമും ടീമിന് പ്രതീക്ഷ നല്‍കുന്നു.
ഒപ്പം, സീസണിന് മുന്നോടിയായി പുതിയ താരങ്ങളെ ടീമിലെത്തിച്ചതും സൗദി ക്ലബ്ബിന് കരുത്തേകുന്നുണ്ട്. അടുത്തിടെ ടീമിലെത്തിയ ജാവോ ഫെലിക്‌സ്, കിങ്‌സിലി കോമന്‍, ഇനിഗോ മാര്‍ട്ടിനെസ് എന്നിവര്‍ റൊണാള്‍ഡോയ്ക്കും സാദിയോ മാനേയ്ക്കും ഒപ്പമെത്തുമ്പോള്‍ അല്‍ നസറിന്റെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂടും.
എന്നാല്‍, മറുവശത്ത് അല്‍ ഇത്തിഹാദ് വലിയ ആശങ്കയോടെയാണ് സൂപ്പര്‍ പോരാട്ടത്തിനായി ഒരുങ്ങുന്നത്. സീസണിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരങ്ങളിലെ മോശം പ്രകടനമാണ് ടീമിന് ആശങ്കയുയര്‍ത്തുന്നത്. ജൂലൈയില്‍ നടന്ന മൂന്ന് മത്സരങ്ങളിലും ടീം വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയിരുന്നു.
പ്രീ സീസണ്‍ അത്ര മികച്ചതല്ലെങ്കിലും എന്‍ഗോളോ കാന്റെയും ഫാബിഞ്ഞോയും ബെൻസേമയും ഒത്തുചേരുന്ന നിര ടീമിന് പ്രതീക്ഷ നല്‍കുന്നുണ്ട്. കൂടാതെ, അല്‍ നസറിനെതിരെ ക്ലബ്ബിനുള്ള മുന്‍തൂക്കം ടീമിന് ചെറുതല്ലാത്ത ആശ്വാസം നല്‍കുന്നുണ്ട്.
അല്‍ നസറും അല്‍ ഇത്തിഹാദും അവസാനം ഏറ്റുമുട്ടിയ അഞ്ച് മത്സരങ്ങളില്‍ ഇത്തിഹാദാണ് കൂടുതല്‍ വിജയം സ്വന്തമാക്കിയത്. ഇത്തിഹാദ് മൂന്ന് തവണ വിജയികളായപ്പോള്‍ രണ്ട് തവണ റോണോയുടെ ടീമും ജയിച്ചു.
അതേസമയം, ടൂര്‍ണമെന്റിന്റെ രണ്ടാം സെമിഫൈനല്‍ നാളെ നടക്കും. അല്‍ ഖാദ്സിയയും അല്‍ അഹ്ലിയുമാണ് ഈ മത്സരത്തിൽ ഏറ്റുമുട്ടുന്നത്. ഈ രണ്ട് സെമി ഫൈനലിലെയും വിജയികള്‍ ഓഗസ്റ്റ് 23ന് നടുക്കുന്ന കലാശപ്പോരില്‍ മാറ്റുരക്കും.
Content Highlight: Cristiano Ronaldo’s Al Nassr is set to face Karim Benzema’s Al Ittihad in Saudi Super Cup semi final