| Saturday, 12th September 2026, 1:13 pm

അവർക്കെതിരെ ഗോൾ നേടിയാൽ എതിർ ടീം 85, 90 മിനിട്ടിൽ സമ്മർദം അനുഭവിക്കും: റൊണാൾഡോ

സുദേവ് എ

2026 യുവേഫ ചാമ്പ്യൻസ് ലീഗ് ആവേശത്തോടെ കൊടിയേറിയിരിക്കുകയാണ്. നിലവിൽ ചാമ്പ്യൻസ് ലീഗിലെ ആദ്യ റൗണ്ട് മത്സരങ്ങൾ പൂർത്തിയായിട്ടുണ്ട്. യുവേഫ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീമായ റയൽ മാഡ്രിഡും ഇത്തവണ ശക്തമായ ടീമുമായാണ് കളത്തിലിറങ്ങുന്നത്.

ചരിത്രത്തിലെ പതിനാറാം കിരീടം സ്വന്തമാക്കാൻ ജോസേ മൗറീന്യോയുടെ കീഴിലാണ് ലോസ് ബ്ലാങ്കോസ് പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്. യു.സി.എല്ലിലെ ആദ്യ മത്സരത്തിൽ ഇറ്റാലിയൻ വമ്പന്മാരായ ഇന്റർ മിലാനെ വീഴ്ത്തി റയൽ കരുത്തുകാട്ടിയിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ലോസ് ബ്ലാങ്കോസിന്റെ വിജയം.

മറ്റൊരു ചാമ്പ്യൻസ് ലീഗിന്റെ ആവേശത്തിനിടയിൽ പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ റയലിന്റെ ചാമ്പ്യൻസ് ലീഗിലെ വലിയ ആധിപത്യത്തിന് പിന്നിലുള്ള രഹസ്യത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ഫുട്ബോൾ സർക്കിളുകളിൽ വീണ്ടും ചർച്ചയാവുന്നത്. തന്റെ യുട്യൂബ് ചാനലിലൂടെയായിരുന്നു റൊണാൾഡോ റയലിന്റെ ചാമ്പ്യൻസ് ലീഗ് വിജയ രഹസ്യത്തെക്കുറിച്ച് സംസാരിച്ചിരുന്നത്.

‘ആളുകൾ പറയുന്നത് റയലിന് ഭാഗ്യമുണ്ടെന്നാണ്. എന്നാൽ അവർ ഭാഗ്യവാന്മാരല്ല. റയൽ ഇത്തരം നിമിഷങ്ങൾക്കായി എപ്പോഴും തയ്യാറെടുക്കുന്നു. ബെർണബ്യൂവിൽ ഇതിന് വേണ്ടിയുള്ള വ്യത്യസ്തമായ ഒരു ശക്തിയുണ്ട്. വലിയ ടീമുകൾ അവിടെ പോകുമ്പോൾ അവർ ഒരു ഗോൾ റയലിനെതിരെ സ്‌കോർ ചെയ്യും. എന്നാൽ മത്സരത്തിന്റെ 85 മിനിട്ടിലോ 90 മിനിട്ടിലോ അവർ സമ്മർദം അനുഭവിക്കും. എന്നെ സംബന്ധിച്ചിടത്തോളം റയൽ എക്കാലത്തെയും മികച്ച ക്ലബ്ബാണ്,’ റൊണാൾഡോ പറഞ്ഞു.

റയൽ മാഡ്രിഡ് അവസാനമായി ചാമ്പ്യൻസ് ലീഗ് ജേതാക്കളായത് 2024ലായിരുന്നു. ജർമൻ വമ്പൻമാരായ ബൊറൂസിയ ഡോർട്മുണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയായിരുന്നു റയൽ മാഡ്രിഡ് വീണ്ടും യൂറോപ്പിലെ രാജാക്കന്മാരായി മാറിയിരുന്നത്.

എന്നാൽ കഴിഞ്ഞ രണ്ട് വർഷങ്ങളായി യൂറോപ്യൻ കിരീടം മാഡ്രിഡിൽ എത്തിയിട്ടില്ല. ഇത്തവണ റയൽ വീണ്ടും യൂറോപ്പിന്റെ നെറുകയിലെത്തുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

അതേസമയം റയലിനായി അവിസ്മരണീയമായ ഒരു കരിയറായിരുന്നു റൊണാൾഡോ പടുത്തുയർത്തിയത്. റയലിനായി 438 മത്സരങ്ങളിൽ ബൂട്ട് കെട്ടിയ പോർച്ചുഗീസ് ഇതിഹാസം 450 ഗോളുകളും 131 അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്.

റയലിനൊപ്പം ഒരുപിടി കിരീടനേട്ടങ്ങളിൽ പങ്കാളിയാവാനും റൊണാൾഡോക്ക് സാധിച്ചിട്ടുണ്ട്. നാല് യുവേഫ ചാമ്പ്യൻസ് ലീഗ്, മൂന്ന് വീതം യുവേഫ സൂപ്പർകപ്പ്, ഫിഫ ക്ലബ്ബ് ലോകകപ്പ്, രണ്ട് വീതം ലാ ലീഗ, കോപ്പ ഡെൽറേ, സ്പാനിഷ് സൂപ്പർ കപ്പ് എന്നീ ട്രോഫികളാണ് റൊണാൾഡോ റയലിനൊപ്പം നേടിയത്.

2018ലാണ് റൊണാൾഡോ റയലിനൊപ്പമുളള ഐതിഹാസിക കരിയർ അവസാനിപ്പിച്ചുകൊണ്ട് ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിലേക്ക് ചേക്കേറിയത്. യുവന്റസിൽ നിന്നും 2021ൽ തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റർ യൂണൈറ്റഡിലേക്കും റൊണാൾഡോ കൂടുമാറി.

2023ൽ റൊണാൾഡോ മാഞ്ചസ്റ്ററിനോട് വിടപറഞ്ഞുകൊണ്ട് സൗദി വമ്പന്മാരായ അൽ നസറിലേക്ക് ചേക്കേറുകയായിരുന്നു. റൊണാൾഡോ അൽ നസറിനായി പ്രായത്തെപോലും കാഴ്ചക്കാരനാക്കി കൊണ്ട് മിന്നും പ്രകടങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

Content Highlight: Cristaino Ronaldo talks The Reason of Real Madrid UCL Win

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more