| Wednesday, 4th February 2026, 7:34 am

കുറ്റവാളികളെ അവർക്ക് മനസിലാകുന്ന ഭാഷയിൽ കൈകാര്യം ചെയ്യണം; പൊലീസ് ഏറ്റുമുട്ടലുകളെ ന്യായീകരിച്ച് യോഗി ആദിത്യനാഥ്

ഫസീഹ പി.സി.

ലഖ്നൗ: പൊലീസ് ഏറ്റുമുട്ടലുകളെയും കുറ്റകൃതങ്ങൾക്കെതിരായ തന്റെ സർക്കാരിന്റെ സീറോ ടോളറൻസ് നയത്തെയും ന്യായീകരിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൊലീസ് വെടിവെക്കുന്നതിനെ എല്ലാവരും ചോദ്യം ചെയ്യുന്നുവെന്നും നടപടിയെടുക്കാതിരുന്നാൽ പൊലീസിന് വെടി ഏൽക്കില്ലേയെന്നും അദ്ദേഹം പറഞ്ഞു.

കുറ്റവാളികൾക്ക് മനസിലാകുന്ന രീതിയിൽ നേരിടാൻ പൊലിസിന് പരിശീലനം ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഉത്തർപ്രദേശ് ഫാർമ കോൺക്ലേവ് 1.0 യിൽ സംസാരിക്കവെയായിരുന്നു യോഗി ആദിത്യനാഥിന്റെ ഈ പ്രതികരണം.

‘പൊലീസ് എന്തിനാണ് വെടി വെച്ചതെന്ന് ആളുകൾ ചോദിക്കുന്നു. വെടി വെച്ചില്ലെങ്കിൽ പകരം അവർക്ക് വെടി ഏൽക്കില്ലേ? ഒരു കുറ്റവാളിക്ക് തോക്ക് ഉപയോഗിക്കാൻ സ്വാതന്ത്ര്യമുണ്ടെങ്കിൽ, അവരെ നേരിടാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് തോക്കുകൾ നൽകിയിട്ടുണ്ട്.

അതിനായി അവർക്ക് പരിശീലനം നൽകിയിട്ടുണ്ട്. കുറ്റവാളികളെ അവർക്ക് മനസിലാകുന്ന ഭാഷയിൽ കൈകാര്യം ചെയ്യണം,’ യോഗി ആദിത്യനാഥ് പറഞ്ഞു.

കുറ്റവാളികൾക്കെതിരെ നടപടി എടുക്കാൻ സർക്കാർ ആരംഭിച്ച ഘട്ടത്തിൽ പൊലീസ് ഉദ്യോഗസ്ഥർ തങ്ങളുടെ പരിധിക്കുള്ളിൽ തന്നെ എല്ലാ കാര്യങ്ങളും ശ്രമിച്ചിരുന്നുവെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. എന്നാൽ എപ്പോഴും ഇങ്ങനെ ചെയ്യാൻ സാധിക്കില്ല.

കുറ്റവാളികൾ നിയമത്തെ ഭയപ്പെടാത്ത സാഹചര്യങ്ങളിൽ അവർക്ക് മനസിലാകുന്ന ഭാഷയിൽ വിശദീകരിക്കേണ്ടത് ആവശ്യമായി വന്നു. കുറ്റവാളികളെ കൈകാര്യം ചെയ്യുന്നതിൽ സർക്കാർ വിവേചനം കാണിച്ചിട്ടില്ലെന്നും നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊലീസ് ഏറ്റുമുട്ടലുകളിൽ പ്രതികളെ വെടിവെച്ചു കൊല്ലുന്നതിനെതിരെ അലഹബാദ് ഹൈക്കോടതി രൂക്ഷ വിമർശനമുയർത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് യോഗി ആദിത്യ നാഥിന്റെ ഈ പ്രതികരണം. യു.പിയെ ഒരു പൊലീസ് സംസ്ഥാനമാകാൻ അനുവദിക്കില്ലെന്നും സ്ഥാനക്കയറ്റവും പ്രശംസയും നേടാൻ പൊലീസ് ഉദ്യോഗസ്ഥർ ഏറ്റുമുട്ടലുകൾ നടത്തുന്നുണ്ടെന്നും കോടതി പറഞ്ഞിരുന്നു.

യോഗി ആദിത്യനാഥ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഉത്തർ പ്രദേശിൽ നിരവധി പൊലീസ് ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്തിരുന്നു. 2017 മുതൽ 2025 വരെ ഏകദേശം 16284 എൻകൗണ്ടറുകൾ ഇവിടെ നടന്നിട്ടുണ്ടെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തിരുന്നു. ഈ ഏറ്റുമുട്ടലുകളിൽ 10990 പേർക്ക് പരിക്കേൽക്കുകയും 266 പേർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.

ഈ വർഷങ്ങളിൽ നടന്ന പല പൊലീസ് ഏറ്റുമുട്ടലുകളും വ്യാജവും നിരായുധരായ ആളുകളാണ് ഇതിൽ കൊല്ലപ്പെട്ടതെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പലരും പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.

Content Highlight: Criminals should be dealt with in a language they understand; Yogi Adityanath justifies police encounters

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more