ന്യൂദല്‍ഹി: പ്രതികളുടെ ക്രിമിനല് ഭൂതകാലം ജാമ്യം റദ്ദാക്കാനുള്ള കാരണമല്ലെന്ന് സുപ്രീം കോടതി. ആലപ്പുഴയിലെ എസ്.ഡി.പി.ഐ പ്രവര്‍ത്തകനായിരുന്ന കെ.എസ് ഷാനിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം നല്‍കിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം.
നാലു പ്രതികള്‍ക്കാണ് ജസ്റ്റിസ് ദീപങ്കര്‍ ദത്തയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് ജാമ്യം അനുവദിച്ചത്. ഹൈക്കോടതി നേരത്തെ ഇവരുടെ ജാമ്യം റദ്ദാക്കിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.
ഷാന്‍ വധക്കേസിലെ ആര്‍.എസ്.എസുകാരായ ഒമ്പത് പ്രതികള്‍ക്ക് 2022 ല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതില്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ള നാല് പേരുടെ ജാമ്യമാണ് ഹൈക്കോടതി റദ്ദാക്കിയിരുന്നത്. പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലം കൂടി കണക്കിലെടുത്തായിരുന്നു ജാമ്യം നിഷേധിച്ചത്.
സെഷന്‍സ് ജഡ്ജി യാന്ത്രികമായി പ്രവര്‍ത്തിച്ചെന്നും പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകളില്‍ കൃത്രിമം കാണിക്കാനുമുള്ള സാധ്യതകള്‍ ജഡ്ജി പരിഗണിച്ചിട്ടില്ലെന്നും അന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ഹൈക്കോടതി വിധിക്കെതിരെ അഭിമന്യു, അതുല്‍, സനന്ദ് എന്നീ പ്രതികളാണ് സുപ്രീം കോടതിയെ സമീപിച്ചത്. സാക്ഷികളെ സ്വാധീനിക്കരുത്, ജാമ്യവസ്ഥകള്‍ എന്തെങ്കിലും ആവശ്യമെങ്കില്‍ വിചാരണക്കോടതിക്ക് കൂട്ടിച്ചേര്‍ക്കാന്‍ അധികാരം ഉണ്ടായിരിക്കും എന്നീ ഉപാധികളോടെയാണ് ഇവര്‍ക്ക് സുപ്രീം കോടതി ജാമ്യം ഇന്നലെ അനുവദിച്ചിരിക്കുന്നത്.
പ്രതികള്‍ ആലപ്പുഴ ജില്ലയില്‍ പ്രവേശിച്ച് ഇടക്കാല ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് ഒരാളെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം ഉന്നയിച്ചിട്ടും സുപ്രീംകോടതി ജാമ്യത്തിന് അനുകൂലമായി വിധി പ്രസ്താവിക്കുകയായിരുന്നു.
എന്നാല്‍ വിചാരണയുടെ ഭാഗമായാണ് പ്രതികള്‍ ആലപ്പുഴയില്‍ വന്നതെന്നും ഭീഷണിപ്പെടുത്തിയതായി അവകാശപ്പെടുന്ന വ്യക്തി ആ ആരോപണം നിഷേധിച്ചുവെന്നും പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചു.
2022 ല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിക്കുന്നതിന് മുമ്പ് പ്രതികള്‍ ഒരു വര്‍ഷത്തിലേറെ ജയിലില്‍ കിടന്നിരുന്നുവെന്ന വസ്തുത ഹൈക്കോടതി പരിഗണിക്കേണ്ടതായിരുന്നുവെന്നും ജസ്റ്റിസ് ദത്ത ചൂണ്ടിക്കാട്ടി. അതേസമയം 2024 ല്‍ ഹൈക്കോടതി ജാമ്യം റദ്ദാക്കുന്നതുവരെ അവര്‍ രണ്ട് വര്‍ഷത്തോളം ജാമ്യത്തിലായിരുന്നെന്ന വാദം സുപ്രീം കോടതി പരിഗണിച്ചില്ല.
വിചാരണയുടെ സമഗ്രത ഉയര്‍ത്തിപ്പിടിക്കാനാണ് പ്രതികളുടെ ജാമ്യം റദ്ദാക്കുന്നത്. ഹീനമോ ഗുരുതരമോ ആയ കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ തെളിവുകളില്‍ കൃത്രിമം കാണിക്കാനോ ഉള്ള സാധ്യത ഇല്ലാതാക്കുകയും
അതുവഴി സാമൂഹിക താത്പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യമെന്ന് കോടതി പറഞ്ഞു.
എന്നാല്‍ പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയോ തെളിവുകളില്‍ കൃത്രിമം കാണിക്കുകയോ ചെയ്താല്‍ അവരെ തിരികെ കസ്റ്റഡിയില്‍ എടുക്കാന് കോടതിയ്ക്ക് ഉത്തരവിടാമെന്നും ജസ്റ്റിസ് ദത്ത പറഞ്ഞു.
‘പബ്ലിക് പ്രോസിക്യൂട്ടര്‍ എന്തെങ്കിലും രീതിയിലുള്ള എതിര്‍പ്പ് ഉന്നയിക്കാത്ത പക്ഷം സെഷന്‍സ് കോടതി നല്‍കിയ ജാമ്യത്തെ എതിര്‍ക്കാന്‍ പാടില്ലായിരുന്നു. മറ്റുകാരണങ്ങളൊന്നുമില്ലെങ്കില്‍ അപ്പീലുകാരോട് മുന്‍വിധിയോടെ പെരുമാറരുത്,’ കോടതി പറഞ്ഞു.
ആലപ്പുഴയിലെ മണ്ണഞ്ചേരിയില്‍ 2021 ഡിസംബര്‍ 18-ന് വൈകിട്ടാണ് എസ്.ഡി.പി.ഐ നേതാവായിരുന്ന കെ.എസ്. ഷാന്‍ കൊല്ലപ്പെട്ടത്. പിറ്റേന്ന് രാവിലെ ബി.ജെ.പി നേതാവായ രണ്‍ജീത് ശ്രീനിവാസന്‍ ആലപ്പുഴയിലെ വീട്ടിലും കൊല്ലപ്പെട്ടു. ഇതിലെ 15 പ്രതികള്‍ക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു
Content Highlight: Criminal past alone cannot be a ground to deny bail, says Supreme Court judgment