തിരുവന്തപുരം: വാഹനം രജിസ്റ്റര്‍ ചെയ്തതില്‍ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ചലച്ചിത്ര താരങ്ങളായ ഫഹദ് ഫസിലിനും അമല പോളിനും ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു. അടുത്ത ആഴ്ച ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. അടുത്ത ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ഉത്തരവില്‍ പറയുന്നത്.
ഒരു കോടിയിലേറെ വിലവരുന്ന എസ് ക്ലാസ്സ് ബെന്‍സ് കാര്‍ അമല പോള്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിലൂടെ സംസ്ഥാന ഖജനാവിന് നിന്ന് 14 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. പുതുച്ചേരിയിലെ ഒരു വിദ്യാര്‍ത്ഥിയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി കാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി വീട് വാടകയ്ക്കെടുത്ത് താമസിക്കുന്നു എന്ന വ്യാജ രേഖ നിര്‍മ്മിച്ചതായി കണ്ടെത്തിയിരുന്നു.
ഫഹദ് ഫാസിലിനും സമാനമായ കേസിലാണ് നിയമനടപടി നേരിടുന്നത്. എഴുപത് ലക്ഷം രൂപ വിലയുള്ള ഇ ക്ലാസ്സ് ബെന്‍സ് കാറാണ് പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്. ഒന്നരലക്ഷം രൂപ അടച്ചാണ് ഫഹദ് കാര്‍ രജിസ്റ്റര്‍ ചെയ്തത്. സംഭവം വിവാദമായതിനെത്തുടര്‍ന്ന് ആലപ്പുഴ ആര്‍.ടി ഓഫിസിലെത്തി നികുതി അടച്ചിരുന്നു.
വാഹന നികുതി തട്ടിപ്പിന് സുരേഷ് ഗോപിക്കെതിരെയും കേസുണ്ട്. കേസെടുത്തതിന് പിന്നാലെ സുരേഷ് ഗോപിക്കെതിരെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുകയാണ്.