| Saturday, 2nd August 2025, 1:15 pm

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്: ജീവനക്കാര്‍ തട്ടിയെടുത്തത് 40 ലക്ഷം രൂപയെന്ന് ക്രൈം ബ്രാഞ്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നടന്ന സാമ്പത്തിക തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുന്‍ ജീവനക്കാരികള്‍ സ്ഥാപനത്തില്‍ നിന്നും 40 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന് കണ്ടെത്തല്‍.

പണമിടപാടുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ രേഖകള്‍ ക്രൈം ബ്രാഞ്ച് ശേഖരിച്ചു. പ്രതികളായ വിനീത, രാധാകുമാരി, ദിവ്യ എന്നീ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കായി 40 ലക്ഷം രൂപ മാറ്റിയെന്ന് ക്രൈബ്രാഞ്ച് കണ്ടെത്തി. ജീവനക്കാരുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അക്കൗണ്ടുകളിലേക്ക് പണം മാറ്റിയോ എന്ന് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.

തിരുവനന്തപുരം കവടിയാറില്‍ പ്രവര്‍ത്തിക്കുന്ന ദിയയുടെ ഉടമസ്ഥതയിലുള്ള ഓ ബൈ ഓസി എന്ന ആഭരണ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ മുന്‍ ജീവനക്കാരികള്‍ തട്ടിയെടുത്തു എന്നായിരുന്നു ദിയ കൃഷ്ണയുടെ പരാതി. ആഭരണം വാങ്ങാനെത്തിയവരില്‍ നിന്നും ക്യൂ. ആര്‍ കോഡ് സ്‌കാനര്‍ മാറ്റിവെച്ച് പല സമയങ്ങളിലായി പണം തട്ടിയെടുത്തിരുന്നുവെന്നും ദിയ കൃഷ്ണയുടെ പരാതിയില്‍ പറയുന്നു.

പിന്നാലെ കൃഷ്ണകുമാര്‍ തങ്ങളെ തട്ടിക്കൊണ്ടുപോയി പണം തട്ടിയെടുത്തു എന്നാരോപിച്ച് ജീവനക്കാരും പരാതി നല്‍കിയിരുന്നു. ഈ കേസില്‍ കൃഷ്ണകുമാറിനും മകള്‍ക്കും ജാമ്യം ലഭിച്ചിരുന്നു. പരാതിയില്‍ തെളിവ് ലഭിച്ചിട്ടില്ലെന്ന് ക്രൈബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. ജീവനക്കാരികള്‍ പണം തട്ടിയെടുത്തതിന് തെളിവുണ്ടെന്നും കോടതിയില്‍ അറിയിച്ചിരുന്നു.

തുടര്‍ന്ന് പ്രതികളുടെ ജ്യാമാപേക്ഷ തിരുവനന്തപുരം സെക്ഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്ന് ഇവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഇവരുടെ മുന്‍ കൂര്‍ ജ്യാമാപേക്ഷ ഹൈക്കോടതിയും തള്ളിയതിന് പിന്നാലെ വിനീത, രാധാകുമാരി എന്നിവര്‍ ഇന്നലെ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയിരുന്നു. എന്നാല്‍ കേസിലെ മൂന്നാം പ്രതി ദിവ്യ ഇപ്പോഴും ഒളിവിലാണ്. ഇവര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുമെന്ന് സൂചനയുണ്ട്. മ്യൂസിയം പൊലീസ് പ്രതികളുടെ വീടുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയിരുന്നു.

Content Highlight: Crime branch find financial scam in Diya Krishna’s shop

We use cookies to give you the best possible experience. Learn more