| Friday, 10th July 2026, 7:28 pm

ക്രിക്കറ്റ് ജനിച്ചത് ഇംഗ്ലണ്ടില്‍, മരിച്ചത് തെലുങ്ക് സിനിമയില്‍... കൊന്നത് ബുച്ചി ബാബുവും റാം ചരണും; പെദ്ദിയുടെ ക്രിക്കറ്റ് ബോള്‍ പോലെ പടവും എയറില്‍

അമര്‍നാഥ് എം.

മറ്റ് ഇന്‍ഡസ്ട്രികളില്‍ നിന്ന് എപ്പോഴും വ്യത്യസ്തമാണ് തെലുങ്ക് ഇന്‍ഡസ്ട്രി. സാധാരണ സിനിമകളില്‍ നായകന്റെ ഇടിക്ക് വില്ലന്‍ നിലത്ത് വീഴുമ്പോള്‍ തെലുങ്കിലെത്തുമ്പോള്‍ വില്ലന്‍ പത്തടി ദൂരേക്ക് പറന്നുവീഴുന്നതാണ് സ്ഥിരം കാഴ്ച. ഗ്രാവിറ്റിക്കും ഫിസിക്‌സിനും ഒരു വിലയും കൊടുക്കാത്ത ടോളിവുഡ് മലയാളികളുടെ സ്ഥിരം ട്രോള്‍ മെറ്റീരിയലാണ്.

ഫിസിക്‌സിന് പ്രാധാന്യമില്ലാത്ത തെലുങ്ക് സിനിമയില്‍ അവിടുത്തെ സൂപ്പര്‍സ്റ്റാര്‍ നായകനാകുന്ന സ്‌പോര്‍ട്‌സ് സിനിമയിലു സ്ഥിതി വ്യത്യസ്തമല്ല. മില്‍ക്കി വേയില്‍ പോലുമില്ലാത്ത അത്രയും സ്റ്റാറുകളുള്ള ടോളിവുഡിലെ ഗ്ലോബല്‍ സ്റ്റാറായ റാം ചരണിന്റെ ഏറ്റവും പുതിയ ചിത്രമാണ് പെദ്ദി. 300 കോടി മുടക്കി 350 കോടി കളക്ട് ചെയ്ത പെദ്ദി കഴിഞ്ഞദിവസം ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചു.

പെദ്ദി Photo: Theatrical poster

ഒ.ടി.ടിയിലെത്തിയതിന് പിന്നലെ ചിത്രം എയറിലാണ്. സ്‌പോര്‍ട്‌സ് ഡ്രാമ ഴോണറിലൊരുങ്ങിയ പെദ്ദി ഒരു പാഠപുസ്തകമാണെന്ന് പലരും അഭിപ്രായപ്പെടുന്നു. സ്‌പോര്‍ട്‌സ് സിനിമ എങ്ങനെ ചെയ്യരുത് എന്നതിന് പെദ്ദി ഒരു മാതൃകയാണെന്നാണ് കമന്റുകള്‍. നായകന്‍ കാണിച്ചുകൂട്ടുന്ന കാര്യങ്ങള്‍ ഒരുതരത്തിലും ദഹിക്കുന്നില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

വിജയപുരം ജില്ലയിലെ ഒരു സാധാരണ ഗ്രാമത്തിന്റെ ഹീറോയാണ് പെദ്ദി. സിനിമ ആരംഭിക്കുമ്പോള്‍ ആ ഗ്രാമത്തിലെ ഏറ്റവും മികച്ച ക്രിക്കറ്ററായാണ് പെദ്ദിയെ കാണിക്കുന്നത്. ഗ്രാമത്തിന്റെ ടീം തോല്‍വി നേരിടുന്ന സമയത്ത് സബ്‌സ്റ്റിറ്റിയൂട്ടായി ഇറങ്ങുന്ന പെദ്ദി ചുരുട്ടും വലിച്ചുകൊണ്ട് ക്രീസിലേക്ക് നടന്നുവരുന്നു. സിഗരറ്റും കടിച്ച് പിടിച്ച് പെദ്ദി കളിക്കുന്ന ഷോട്ടുകള്‍ കണ്ടാല്‍ ഐ.സി.സി ക്രിക്കറ്റ് എന്ന ഗെയിം തന്നെ ചിലപ്പോള്‍ നിരോധിച്ചേക്കാം.

പെദ്ദി Photo: Meghna Ravindran/ Facebook

ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു നൈറ്റ് മാച്ചും കാണിക്കുന്നുണ്ട്. സ്വന്തം ടീമിനെ ജയിപ്പിക്കാനായി ഇറങ്ങുന്ന പെദ്ദി അവസാനം വരെ പിടിച്ചുനില്‍ക്കുന്നുണ്ട്. ഒമ്പത് വിക്കറ്റും വീണ ശേഷം അവസാന ഓവറില്‍ 10 റണ്ണിലേറെ ആവശ്യമുണ്ട്. എന്നാല്‍ തനിക്ക് സ്‌ട്രൈക്ക് കിട്ടില്ലെന്ന് മനസിലാക്കുന്ന പെദ്ദി റണ്ണിനായി ഓടുകയാണ്. സ്‌ട്രൈക്കര്‍ എന്‍ഡിലേക്ക് ചെന്ന് അവിടെ നില്‍ക്കുന്ന ബാറ്ററെ പൊക്കിയെടുത്ത് നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലേക്ക് എറിയുകയാണ് പെദ്ദി. ഇംഗണ്ടില്‍ ജനിച്ച ക്രിക്കറ്റിനെ തെലുങ്ക് സിനിമ കൊന്നുകളഞ്ഞു എന്നാണ് ട്രോളുകള്‍.

ക്രിക്കറ്റില്‍ നിന്ന് ഗുസ്തിയിലേക്കും നായകന്‍ തന്റെ കളം മാറ്റുന്നുണ്ട്. ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടാന്‍ ആഗ്രഹിക്കുന്ന പെദ്ദിക്ക് എല്ലായിടത്തും അവഗണനയാണ് ലഭിക്കുന്നത്. ഒടുവില്‍ കാല് മുറിച്ച് കളഞ്ഞ് പാരാ ഗെയിംസില്‍ ഇന്ത്യക്കായി പെദ്ദി മെഡല്‍ നേടുന്നതായാണ് കാണിക്കുന്നത്. ഇത്രയും മോശം സ്‌പോര്‍ട്‌സ് സിനിമ അടുത്തൊന്നും കണ്ടിട്ടില്ലെന്നും കമന്റുകളുണ്ട്.

Content Highlight: Cricket scenes in Peddi movie getting trolls after OTT release

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more