| Thursday, 10th September 2026, 11:25 am

റൂട്ടിന് സച്ചിനെ മറികടക്കാനാകുമോ? ക്രിക്കറ്റ് ഇതിഹാസം പറയുന്നതിങ്ങനെ

ആദർശ് എം.കെ.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സെന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ റെക്കോഡ് മോഡേണ്‍ ഡേ ലെജന്‍ഡ് ജോ റൂട്ടിന് തകര്‍ക്കാന്‍ സാധിക്കുമോ എന്ന ചര്‍ച്ചകള്‍ ക്രിക്കറ്റ് സര്‍ക്കിളുകളില്‍ സജീവമവുകയാണ്.

ഓരോ പരമ്പരയും ഓരോ വര്‍ഷവും കഴിയുമ്പോള്‍ സച്ചിന്റെ റെക്കോഡിലേക്ക് അടുക്കുന്ന റൂട്ടിന് സച്ചിന്റെ റെക്കോഡ് തകര്‍ക്കാന്‍ സാധിക്കുമെന്ന് തന്നെയാണ് ആരാധകരുടെ വിലയിരുത്തല്‍.

മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരവും ക്രിക്കറ്റ് ഇതിഹാസവുമായ സര്‍ വിവ് റിച്ചാര്‍ഡ്‌സും അതേ അഭിപ്രായക്കാരനാണ്. സച്ചിനെ മറികടക്കാന്‍ റൂട്ടിന് സാധിക്കുമെന്നാണ് റിച്ചാര്‍ഡ്‌സിന്റെ വിലയിരുത്തല്‍.

പാകിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് റിച്ചാര്‍ഡ്‌സ് ഇക്കാര്യം അഭിപ്രായപ്പെട്ടത്.

വിവ് റിച്ചാര്‍ഡ്‌സ്

ഇംഗ്ലണ്ട് ക്യാപ്റ്റന്‍ എന്ന നിലയിലുള്ള ചുമതല ജോ റൂട്ടിന് റണ്‍വേട്ടയില്‍ സച്ചിനെ മറികടക്കാന്‍ സഹായകരമാകുമെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.

റൂട്ട് സച്ചിന്റെ റെക്കോര്‍ഡ് തകര്‍ക്കുമോ എന്ന ചോദ്യത്തിന് വിസ്ഡന്‍ ക്രിക്കറ്റിനോട് പ്രതികരിക്കുകയായിരുന്നു മുന്‍ വെന്‍ഡീസ് താരം.

‘അവന്‍ ക്യാപ്റ്റനാണെങ്കില്‍, എന്തുകൊണ്ട് ആയിക്കൂടാ? അവന്‍ നിലവില്‍ ക്യാപ്റ്റനാണ്, അതിനാല്‍ അത് നേടാന്‍ അവന്‍ ഏറ്റവും അനുയോജ്യമായ സ്ഥാനത്താണ് നില്‍ക്കുന്നത്. അത് നേടാന്‍ റൂട്ട് ശ്രമിക്കുന്നതില്‍ ഒരു തെറ്റുമില്ല. അവനെ സംബന്ധിച്ച് അത് വലിയ നാഴികക്കല്ലായിരിക്കും.

കൂടാതെ, യോര്‍ക്ക്‌ഷെയറില്‍ നിന്നുള്ള ഏറ്റവും മികച്ച ബാറ്റര്‍ സര്‍ ജെഫ്രി ബോയ്‌കോട്ട് അല്ല എന്ന സന്ദേശം അദ്ദേഹത്തിന് നല്‍കാനും ഇത് ഉപകരിക്കും. ആ ബാറ്റണ്‍ ജോ റൂട്ടിലേക്ക് കൈമാറപ്പെടും,’ റിച്ചാര്‍ഡ്‌സ് പറഞ്ഞു.

ജോ റൂട്ട്. Photo: ECB/x.com

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളില്‍ നിലവില്‍ റൂട്ട് രണ്ടാമതും സച്ചിന്‍ ഒന്നാമതുമാണ്.

കരിയറിലെ 200 ടെസ്റ്റ് മത്സരത്തിലെ 329 ഇന്നിങ്‌സുകളില്‍ നിന്നും 53.78 എന്ന മികച്ച ശരാശരിയില്‍ 15,921 റണ്‍സാണ് സച്ചിന്‍ നേടിയിട്ടുള്ളത്. 51 സെഞ്ച്വറിയും 68 അര്‍ധ സെഞ്ച്വറിയും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തിട്ടുണ്ട്. 2004 ഡിസംബറില്‍ ധാക്കയില്‍ ബംഗ്ലാദേശിനെതിരെ പുറത്താകാതെ നേടിയ 248 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

അതേസമയം, സച്ചിന്റെ റെക്കോഡുകള്‍ ഒന്നൊന്നായി തകര്‍ക്കുന്ന റൂട്ട് 169 ടെസ്റ്റിലെ 308 ഇന്നിങ്‌സില്‍ നിന്നും 50.23 ശരാശരിയില്‍ 14.216 റണ്‍സ് നേടിയിട്ടുണ്ട്. 41 സെഞ്ച്വറിയും 68 അര്‍ധ സെഞ്ച്വറിയും നേടിയ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 262 ആണ്. 2024ല്‍ പാകിസ്ഥാനെതിരെ മുള്‍ട്ടാനിലായിരുന്നു റൂട്ട് തന്റെ മികച്ച സ്‌കോര്‍ കുറിച്ചത്.

ജോ റൂട്ട്. Photo: ECB/x.com

ബെന്‍ സ്‌റ്റോക്‌സിന്റെ പടിയിറക്കത്തോടെയാണ് റൂട്ട് വീണ്ടും ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ക്യാപ്റ്റനായി മടങ്ങിയെത്തിയത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ആതിഥേയര്‍, റൂട്ടിന് കീഴില്‍ ക്ലീന്‍ സ്വീപ്പിനാണ് ശ്രമിക്കുന്നത്.

പരമ്പരയിലെ രണ്ടാം മത്സരത്തില്‍ മങ്ങിയെങ്കിലും റൂട്ടിന്റെ കഴിവില്‍ റിച്ചാര്‍ഡ്‌സ് പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുന്നുണ്ട്.

Content Highlight: Cricket legend Viv Richards believes Joe Root can break Sachin’s record for the most Test runs.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more