| Tuesday, 3rd March 2026, 2:02 pm

സെമി ഫൈനലില്‍ ഇന്ത്യ അതിന് ശ്രമിക്കരുത്... ഉപദേശവുമായി സുനില്‍ ഗവാസ്‌കര്‍

ശ്രീരാഗ് പാറക്കല്‍

ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്നത് ടി-20 ലോകകപ്പ് സെമി ഫൈനലിനാണ്. മാര്‍ച്ച് നാലിന് നടക്കുന്ന ആദ്യ സെമിയില്‍ സൗത്ത് ആഫ്രിക്ക ന്യൂസിലാന്‍ഡിനെ നേരിടും. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി. മാര്‍ച്ച് അഞ്ചിന് നടക്കുന്ന സെമിയില്‍ കരുത്തരായ ഇംഗ്ലണ്ടിനെയാണ് ഇന്ത്യയ്ക്ക് നേരിടാനുള്ളത്. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം.

മത്സരത്തിന് മുന്നോടിയായി ഇന്ത്യയ്ക്ക് ഉപദേശവുമായി രംഗത്ത് വന്നിരിക്കുകയാണ് ക്രിക്കറ്റ് അനലിസ്റ്റും മുന്‍ ഇന്ത്യന്‍ താരവുമായ സുനില്‍ ഗവാസ്‌കര്‍. ഇന്ത്യ എപ്പോഴും വേഗതയേറിയ ബാറ്റിങ്ങിന് ശ്രമിക്കരുതെന്നും പവര്‍പ്ലെ കൃത്യമായി മുതലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്പിന്നര്‍മാരെ ശ്രദ്ധിച്ച് കളിക്കണമെന്നും സിക്‌സറിന് ശ്രമിക്കുമ്പോള്‍ പുറത്താകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

ടീം ഇന്ത്യ- Photo: BCCI

‘ഇന്ത്യ എപ്പോഴും നാലാം ഗിയറില്‍ ബാറ്റ് ചെയ്യാന്‍ നോക്കരുതെന്നാണ് എന്റെ ഉപദേശം. ഒരുപക്ഷേ നിങ്ങള്‍ സ്ഥിരത നേടിക്കഴിഞ്ഞാല്‍ ഗിയറുകള്‍ ഉയര്‍ത്താന്‍ നോക്കണം. 30 മീറ്റര്‍ യാഡ് സര്‍ക്കിളിന് പുറത്ത് രണ്ട് ഫീല്‍ഡര്‍മാര്‍ മാത്രമുള്ള പവര്‍പ്ലെയുടെ നേട്ടം നിങ്ങള്‍ തീര്‍ച്ചയായും പ്രയോജനപ്പെടുത്തണം. നിങ്ങളുടെ ശക്തിക്കനുസരിച്ച് കളിക്കുക. പക്ഷേ എല്ലായ്‌പ്പോഴും നാലാം ഗിയറില്‍ ബാറ്റ് ചെയ്യാന്‍ നോക്കേണ്ടതില്ല.

സ്പിന്നര്‍മാരെ കളിക്കുമ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നത് ബൗണ്ടറികളേക്കാള്‍ കൂടുതല്‍ സിക്‌സര്‍ അടിക്കാമെന്നാണ്. പലപ്പോഴും സിക്‌സറിന് ശ്രമിക്കുമ്പോള്‍ ടൈമിങ് തെറ്റി നിങ്ങള്‍ പുറത്താകാനുള്ള സാധ്യത വളരെ കൂടുതലാണ്. പേസിനെ നേരിടുന്നതിനേക്കാള്‍ ബുദ്ധിമുട്ട് സ്പിന്നാണ്.

അതേസമയം ക്വാര്‍ട്ടര്‍ ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ വമ്പന്‍ വിജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. നിര്‍ണായക മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 196 റണ്‍സാണ് ഇന്ത്യയ്ക്ക് മുന്നില്‍ വെച്ചുനീട്ടിയത്. മറുപടി ബാറ്റിങ്ങില്‍ 19.2 ഓവറില്‍ 199 റണ്‍സ് നേടി ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു.

സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ മികവിലാണ് ഇന്ത്യ സെമിയിലെത്തിയത്. 50 പന്തില്‍ നാല് സിക്സും 12 ഫോറും ഉള്‍പ്പെടെ പുറത്താകാതെ 97* റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. 194 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റിലായിരുന്നു സഞ്ജുവിന്റെ താണ്ഡവം.

Content Highlight: Cricket analyst and former Indian player Sunil Gavaskar advice Indian Cricket Team

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more