കോഴിക്കോട്: കാടുപിടിച്ചു കിടക്കുന്ന ഭൂമിയില്‍ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ചൂളത്തറകളും കോണ്‍ക്രീറ്റ് അടര്‍ന്നുവീഴുന്ന സീലിങ്ങുകളുമായാണ് കോഴിക്കോട് കോര്‍പ്പറേഷനു കീഴിലുള്ള പല പൊതുശ്മശാനങ്ങളും ഇന്ന് സ്ഥിതി ചെയ്യുന്നത്. ഉയരമില്ലാത്ത തറകളില്‍ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുന്നതിനുള്ള ചൂളയൊരുക്കുന്നതും മറ്റു കാര്യങ്ങള്‍ ചെയ്യുന്നതും ഏറെ ശ്രമകരമാണെന്നതു മാത്രമല്ല അപകടം പിടിച്ചതുമാണ്.
മാവൂര്‍ റോഡിലെയും വെസ്റ്റ് ഹില്ലിലെയും ശ്മശാനങ്ങളില്‍ മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കാന്‍ പോലും കോര്‍പ്പറേഷന്‍ തയ്യാറായിട്ടില്ല. തുടങ്ങിവെച്ച പല പദ്ധതികളും പാതിവഴിയില്‍ മുടങ്ങികിടക്കുകയാണ്. “തറക്ക് ഉയരം തീരെ കുറവായതിനാല്‍ കുനിഞ്ഞിരുന്ന് വേണം ചൂളയൊരുക്കാന്‍. ചൂളത്തറകള്‍ മിക്കതും പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. എല്ലാ ചൂളത്തറകളും ഉയര്‍ത്തുമെന്നായിരുന്നു പ്രഖ്യാപനം. പക്ഷെ മൂന്നെണ്ണം മാത്രമാണ് ഉയര്‍ത്തിയത്. മറ്റുള്ളവയുടെ അവസ്ഥയെന്താകുമെന്നു പോലുമറിയില്ല.” മാവൂര്‍ റോഡ് ചാളത്തറ ശ്മശാനം നടത്തിപ്പുകാരിലൊരാളായ ബാബു ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
ചൂളത്തറക്കു ഉയരം തീരെ കുറവായതിനാല്‍ ചിതയില്‍ നിന്നുള്ള തീ മുഖത്തേക്ക് ആളുന്നത് അപകടകരമാണെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. മറ്റു പല ആരോഗ്യപ്രശ്‌നങ്ങളും ഇതുമൂലമുണ്ടാകുന്നുവെന്നും ഇവര്‍ പറയുന്നു. സീലിങ് തകര്‍ന്നുവീണ് കോണ്‍ക്രീറ്റ് അടര്‍ന്നുവീഴുന്ന അവസ്ഥയിലുള്ള ചൂളത്തറകളാണ് വെസ്റ്റ്ഹില്‍ ശ്മശാനത്തിലുള്ളത്. ചിതയൊരുക്കുന്നതും മറ്റു കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതുമെല്ലാം ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയില്‍ നില്‍ക്കുന്ന കെട്ടിടങ്ങളിലാണെന്നും വെസ്റ്റഹില്‍ ശ്മശാനം നടത്തിപ്പുകാരിലൊരാളായ ബാബുട്ടി പറയുന്നു.
അടിസ്ഥാന ആവശ്യങ്ങളായ ശുചിമുറിപോലും ഈ ശ്മശാനങ്ങളിലില്ല. മൃതദേഹം സംസ്‌ക്കരിച്ചു കഴിഞ്ഞാല്‍ കുളിക്കാനും വസ്ത്രം മാറാനും ഇവിടെ സൗകര്യങ്ങള്‍ ഒന്നും തന്നെയില്ല. ശവസംസ്‌ക്കാര ചടങ്ങുകള്‍ക്കു വേണ്ടിയെത്തുന്ന ബന്ധുക്കള്‍ പലരും വലിയ ബുദ്ധിമുട്ടുകളാണ് നേരിടുന്നതെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. ചൂളയൊരുക്കുന്നതിന് ആവശ്യമായ ചിരട്ടയും മറ്റു വസ്തുക്കളും സൂക്ഷിച്ചുവെക്കുന്നതിന് ഒരു ഷെഡ് പോലുമില്ല പല ശ്മശാനങ്ങളിലും. മാലിന്യസംസ്‌ക്കരണത്തിനും സംവിധാമില്ല. ശ്മശാന പറമ്പിനകത്തേക്ക് മാലിന്യം വലിച്ചെറിയുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്.
മഴക്കാലമായതോടെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് ശ്മശാനത്തൊഴിലാളികളെ രൂക്ഷമായി ബാധിച്ചിരിക്കുകയാണ്. കാടുപിടിച്ചു കിടക്കുന്ന പരിസരപ്രദേശങ്ങള്‍ മഴ കനത്തതോടെ ചെളിവെള്ളം നിറഞ്ഞികെട്ടികിടക്കുന്ന അവസ്ഥയിലാണ്. കോഴിക്കോട് കോര്‍പ്പറേഷനു കീഴിലുള്ള പുതിയപാലത്തെയും മാങ്കാവിലെയും മാനാരിയിലെയും പൊതുശ്മശാനങ്ങളുടെ ഗതിയും പരിതാപകരമാണ്. പതിറ്റാണ്ടുകളായി ശ്്മശാനം ഏറ്റെടുത്ത നടത്തുന്ന ഇവരെ കോര്‍പ്പറേഷന്‍ തൊഴിലാളികളായി അംഗീകരിക്കാന്‍ തയ്യാറാകാത്ത കോര്‍പ്പറേഷന്‍ ഇവരുടെ അടിസ്ഥാന ആവശ്യങ്ങളോടും കണ്ണടക്കുകയാണ്.