| Friday, 31st October 2025, 3:29 pm

ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു; ആര്‍.എസ്.എസിനെ നിരോധിക്കണം: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന തീവ്രഹിന്ദുത്വ സംഘടനയായ ആര്‍.എസ്.എസിനെ നിരോധിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.

‘രാജ്യത്ത് മിക്ക പ്രശ്‌നങ്ങളും, ക്രമസമാധാന പ്രശ്‌നങ്ങളുമുണ്ടാകുന്നത് ബി.ജെ.പി-ആര്‍.എസ്.എസ് കാരണമാണ്. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ കാഴ്ചപ്പാടുകളെ പ്രധാനമന്ത്രി മതിക്കുന്നുണ്ടെങ്കില്‍ സംഘടനയുടെ നിരോധനം നടപ്പാക്കണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം,’ ഖാര്‍ഗെ പറഞ്ഞു.

1948ല്‍ ശ്യാമപ്രസാദ് മുഖര്‍ജിക്ക് സര്‍ദാര്‍ പട്ടേല്‍ എഴുതിയ കത്ത് പരാമര്‍ശിച്ചുകൊണ്ടായിരുന്നു ഖാര്‍ഗെയുടെ വാക്കുകള്‍.

മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന് ശേഷം പട്ടേല്‍ എഴുതിയ കത്തില്‍ അദ്ദേഹത്തിന്റെ ഘാതക സംഘത്തിന്റെ സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ അന്നത്തെ ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാണിച്ചിരുന്നു.

ആ വര്‍ഷം തന്നെ പട്ടേല്‍ ആര്‍.എസ്.എസിനെ നിരോധിച്ചെന്നും ഖാര്‍ഗെ ഓര്‍മിപ്പിച്ചു. രാജ്യത്തിന്റെ മതേതരഘടന സംരക്ഷിക്കാനായിരുന്നു ഈ നടപടി.

മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ 41ാം ചരമവാര്‍ഷികവും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 150ാം ജന്മവാര്‍ഷികവും ആചരിക്കുന്ന വേളയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഖാര്‍ഗെ. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി ഉരുക്കുവനിതയും ഉരുക്കുമനുഷ്യനും പ്രവര്‍ത്തിച്ചുവെന്നും ഖാര്‍ഗെ പറഞ്ഞു.

രാഷ്ട്രത്തിന്റെയും മതേതരത്വത്തിന്റെയും താത്പര്യം മുന്‍നിര്‍ത്തിയാണ് സര്‍ദാര്‍ പട്ടേല്‍ ആര്‍.എസ്.എസിനെ നിരോധിച്ചത്. ഇപ്പോഴവര്‍ അവര്‍ക്കനുയോജ്യമായ രീതിയില്‍ ചരിത്രം വളച്ചൊടിക്കുകയാണെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.

ഗാന്ധിജി, ഗോഡ്‌സെ, ആര്‍.എസ്.എസ്, 2002ലെ കലാപം എന്നിവയെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ എന്‍.സി.ആര്‍.ടി പാഠപുസ്തകങ്ങളില്‍ നിന്നും നീക്കം ചെയ്ത് മോദി ചരിത്രം വളച്ചൊടിച്ചുവെന്നാണ് ഖാര്‍ഗെ വിമര്‍ശിച്ചത്.

അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും പട്ടേലും തമ്മില്‍ അടുത്തബന്ധം ഉണ്ടായിരുന്ന സമയത്തുപോലും ഇരുവരും തമ്മില്‍ അകല്‍ച്ചയിലായിരുന്നുവെന്ന് ചിത്രീകരിക്കപ്പെട്ടുവെന്നും ഖാര്‍ഗെ പറഞ്ഞു.

അതേസമയം, സര്‍ദാര്‍ പട്ടേലിന് നെഹ്‌റുവും കോണ്‍ഗ്രസും പ്രവര്‍ത്തനസ്വാതന്ത്ര്യം നല്‍കിയിരുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശിച്ചിരുന്നു.

നാട്ടുരാജ്യങ്ങളെ ഏകീകരിച്ചത് പോലെ കശ്മീരിനെയും ഏകീകരിക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍ നെഹ്‌റു അദ്ദേഹത്തെ തടഞ്ഞു. പ്രത്യേക ഭരണഘടനയും പതാകയും നല്‍കി കശ്മീര്‍ വിഭജിക്കപ്പെട്ടു. കോണ്‍ഗ്രസിന്റെ പിഴവ് കാരണമാണ് രാജ്യം പതിറ്റാണ്ടുകള്‍ കഷ്ടപ്പെട്ടതെന്ന് മോദി പറഞ്ഞു.

Content Highlight: Creating law and order problems; RSS should be banned: Mallikarjun Kharge

We use cookies to give you the best possible experience. Learn more