| Saturday, 10th October 2026, 12:54 pm

ദൽഹിയിലെ അടിച്ചമർത്തലുകൾ അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്നു; കേന്ദ്രത്തിനെതിരെയും തമിഴ്‌നാട് സർക്കാരിനെതിരെയും രൂക്ഷവിമർശനവുമായി എം.കെ. സ്റ്റാലിൻ

ശ്രീലക്ഷ്മി പി.പി

ചെന്നൈ: ദൽഹിയിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കും നേതാക്കൾക്കുമെതിരെ നടക്കുന്ന പൊലീസ് നടപടികൾ അടിയന്തരാവസ്ഥക്കാലത്തെ ക്രൂരതകളെ ഓർമിപ്പിക്കുന്നതാണെന്ന് ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ.

രാജ്യത്ത് അരങ്ങേറുന്ന അടിച്ചമർത്തലുകൾക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് തന്റെ എക്സിലാണ് ഇത് കുറിച്ചത്.

ദൽഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമായി കസ്റ്റഡിയിലെടുത്ത മുഴുവൻ രാഷ്ട്രീയ നേതാക്കളെയും വിദ്യാർത്ഥികളെയും ഉടനടി വിട്ടയക്കണമെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടു.

ജനാധിപത്യപരമായ അവകാശങ്ങൾ വിനിയോഗിച്ച് സമരം ചെയ്യുന്ന യുവാക്കൾക്കെതിരായ കടന്നാക്രമണം കേന്ദ്ര സർക്കാർ അവസാനിപ്പിക്കണം. വിയോജിപ്പ് പ്രകടിപ്പിക്കുന്നത് ഒരിക്കലും ഒരു കുറ്റമല്ലെന്നും, ജനാധിപത്യം സംരക്ഷിക്കാൻ രംഗത്തിറങ്ങുന്നവരുടെ ശബ്ദം അടിച്ചമർത്തിക്കൊണ്ട് രാജ്യത്ത് ജനാധിപത്യത്തിന് നിലനിൽക്കാനാവില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ടി.വി.കെ സർക്കാർ ബി.ജെ.പിയുടെ ഉപഘടകത്തെപ്പോലെ പ്രവർത്തിക്കുന്നുവെന്ന് സ്റ്റാലിൻ പറഞ്ഞു. വിദ്യാർത്ഥികൾക്ക് നേരെയുള്ള അടിച്ചമർത്തലിനെതിരെയും അദ്ദേഹം കടുത്ത വിമർശനം ഉന്നയിച്ചു.

‘ബി.ജെ.പിയുടെ ഒരു ഉപഘടകത്തെപ്പോലെ പ്രവർത്തിക്കുകയും സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്കെതിരെ പൊലീസ് അതിക്രമങ്ങൾ അഴിച്ചുവിടുകയും ചെയ്യുന്ന തമിഴ്‌നാട്ടിലെ ടി.വി.കെ സർക്കാരിനെ ഞാൻ ശക്തമായി അപലപിക്കുന്നു’ സ്റ്റാലിൻ പറഞ്ഞു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെക്കണമെന്നും, അതിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേവലം ഗ്യാനേഷിന്റെ രാജി കൊണ്ട് മാത്രം കാര്യമില്ലെന്നും, തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്ഥാപനപരമായ ചട്ടക്കൂടിനേറ്റ പരിക്കുകൾ പരിഹരിച്ച് അതിന്റെ സ്വാതന്ത്ര്യവും സുതാര്യതയും വിശ്വാസ്യതയും പൂർണമായി പുനസ്ഥാപിക്കണമെന്നും എം.കെ. സ്റ്റാലിൻ ആവശ്യപ്പെട്ടു.

Content Highlight:Crackdowns in Delhi are reminiscent of the Emergency; M.K. Stalin levels sharp criticism against the Centre and the Tamil Nadu government.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more