| Thursday, 23rd June 2016, 5:57 pm

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിടണമെന്ന് വൈസ് പ്രസിഡന്റ് സി.ആര്‍ മഹേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിടണമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍ മഹേഷ്. ഇന്ദിരാഭവനില്‍ കെ.പി.സി.സി നേതാക്കളുടെ സാന്നിധ്യത്തില്‍ വിളിച്ചുചേര്‍ത്ത സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് മഹേഷ് ഇക്കാര്യം വ്യക്തമാക്കിയത്.

പാര്‍ലമെന്റ് രീതിയിലുളള തെരഞ്ഞെടുപ്പ് മാറ്റി പഴയ രീതി പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രതികരണശേഷിയില്ലാത്ത കമ്മിറ്റിയെ ക്രെയിന്‍വച്ച് പൊക്കിയാലും പൊങ്ങില്ലന്നും പ്രായം കഴിഞ്ഞവരെ ഒഴിവാക്കി പുതിയ കമ്മിറ്റി രൂപീകരിക്കണമെന്നും മഹേഷ് ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസിന്റ തിരഞ്ഞെടുപ്പ് രീതി മാറ്റണമെന്ന് പൊതു അഭിപ്രായം ഉയര്‍ന്നു.

രാഹുല്‍ഗാന്ധി ആവിഷ്‌കരിച്ച പാര്‍ലമെന്റ്തല കമ്മിറ്റി ഒഴിവാക്കി ജില്ലാതല കമ്മിറ്റികള്‍ രൂപീകരിക്കണം. ഇക്കാര്യം കേന്ദ്രനേതൃത്വത്തെ അറിയിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കില്ലെന്ന് കരുതി മഹേഷ് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. തുടര്‍ന്ന് കരുനാഗപ്പള്ളിയില്‍ കന്നിമത്സരത്തിന് അവസരം കിട്ടിയ മഹേഷ് തോല്‍ക്കുകയും ചെയ്തു.

Latest Stories

We use cookies to give you the best possible experience. Learn more