| Monday, 21st July 2025, 4:52 pm

V. S. Achuthanandan: വി.എസ്. ഇടവേളകളില്ലാത്ത സമരം, കമ്മ്യൂണിസ്റ്റ് നിശ്ചയദാര്‍ഢ്യം; അനുസ്മരിച്ച് എം.വി. ഗോവിന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ദേഹവിയോഗത്തില്‍ അനുസ്മരിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. വി.എസ്. എന്നാല്‍ ഇടവേളകളില്ലാത്ത സമരമായിരുന്നു വി.എസ് എന്നും അടിസ്ഥാന വര്‍ഗത്തിന്റെ മുന്നേറ്റത്തിന് കരുത്തേകിയ പോരാളിയായിരുന്നുവെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം വി.എസിന് അന്ത്യാഭിവാദനങ്ങളര്‍പ്പിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇടവേളകളില്ലാത്ത സമരമാണ് വി.എസ്. അടിസ്ഥാന വര്‍ഗ്ഗത്തിന്റെ മുന്നേറ്റത്തിന് കരുത്തേകിയ പോരാളി. കേരളത്തിന്റെ എണ്ണമറ്റ സമര പോരാട്ടങ്ങളെ നിര്‍ണയിക്കുകയും മുന്നേ നയിക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റ് നിശ്ചയദാര്‍ഢ്യമാണ് സഖാവ് വി.എസിന്റെത്. ഏതു സമൂഹത്തെയും ആവേശം കൊള്ളിക്കുവാന്‍ വി.എസിന് സാധിച്ചു. ഏതു പ്രതിസന്ധിയെയും നേരിടുവാനുള്ള ഊര്‍ജ്ജമാണ് സഖാവ്. തലമുറകള്‍ക്ക് പിന്തുടരുവാനുള്ള മഹത്തായ പാദമുദ്രകള്‍ അടയാളപ്പെടുത്തിയാണ് വിപ്ലവ നായകന്‍ നിത്യനിദ്രയിലേക്ക് കടക്കുന്നത്.

ഇന്ന് വൈകീട്ട് മൂന്നേ കാലോടെയാണ് വി.എസ്.അന്തരിച്ചത്. ഹൃദയാഘാതത്തെതുടര്‍ന്ന് ഒരുമാസമായി തിരുവനന്തപുരത്തെ പട്ടം എസ്.യു.ടി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. അടുത്തിടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടായരുന്നെങ്കിലും വീണ്ടും വഷളാവുകയായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അടക്കം മുതിര്‍ന്ന സി.പി.ഐ.എം നേതാക്കളും കോണ്‍ഗ്രസ് നേതാവായ വി.എം. സുധീരന്‍ അടക്കമുള്ളവര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.

വി.എസിന്റെ ഭൗതികദേഹം എ.കെ.ജി. സെന്ററിലേക്ക് കൊണ്ടുവരും. രാത്രിയോടെ ഭൗതികദേഹം തിരുവനന്തപുരത്തെ വസതിയിലെത്തിക്കും. നാളെ രാവിലെ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും.

ശേഷം ദേശീയപാത വഴി രാത്രിയോടെ ആലപ്പുഴയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിക്കും. വ്യാഴാഴ്ച രാവിലെ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം ഉച്ച കഴിഞ്ഞ് ആലപ്പുഴ വലിയ ചുടുകാട്ടില്‍ വെച്ച് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടക്കും.

Content highlight: CPM State Secretary M.V. Govindan pays tribute to VS Achuthanandan on his passing

We use cookies to give you the best possible experience. Learn more