| Thursday, 2nd July 2015, 6:50 pm

കെ.എസ് ബിമലിന് അന്തിമോപചാരമര്‍പ്പിക്കാന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയും നേതാക്കളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കഴിഞ്ഞ ദിവസം അന്തരിച്ച കെ.എസ് ബിമലിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ സംസ്ഥാന സെക്രട്ടറി ഉള്‍പ്പടെയുള്ള പ്രമുഖ സി.പി.ഐ.എം  നേതാക്കളെത്തിയത് ശ്രദ്ദേയമായി. റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നടന്ന അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്തതിന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട സി.പി.ഐ.എം നേതാവായിരുന്നു കെ.എസ് ബിമല്‍.

സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണനു പുറമെ ഡി.വൈ.എഫ്.ഐ അഖിലേന്ത്യ സെക്രട്ടറിയും സംസ്ഥാന കമ്മറ്റി അംഗവുമായ എം.ബി രാജേഷ് എംപി, സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്റര്‍, എ. പ്രദീപ് കുമാര്‍ എം.എല്‍.എ, എം സ്വരാജ്, മുഹമ്മദ് റിയാസ്, കെ.ടി കുഞ്ഞിക്കണ്ണന്‍, തുടങ്ങിയ വന്‍ നിര സി.പി.ഐ.എം നേതാക്കളും പ്രവര്‍ത്തകരും കെ.എസ് ബിമലിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തി.

ആര്‍.എം.പി നേതാക്കളായ കെ.കെ രമ, ടി.എല്‍ സന്തോഷ്, എന്‍ വേണു, ജനാധിപത്യവേദി, മാസ് നേതാക്കളായ എന്‍.പി പ്രതാപ് കുമാര്‍ , കെ.പി ചന്ദ്രന്‍, അഡ്വ. ജോണി സെബാസ്റ്റിയന്‍ തുടങ്ങിയവര്‍ മൃതദേഹത്തില്‍ ചുവന്ന പതാക പുതപ്പിച്ചു.


വന്‍ ജനാവലിയായിരുന്നു ബിമലിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്. എസ്.എഫ്.ഐ, ഡി.വൈ എഫ്.ഐ, ജനാധിപത്യ വേദി തുടങ്ങിയ സംഘ
ടനകളുടെ പ്രവര്‍ത്തനത്തില്‍ സഹപ്രവര്‍ത്തകരായവരായിരുന്നു ഇവരില്‍ ഭൂരിഭാഗവും. ദേശാഭിമാനി പത്രത്തില്‍ കെ.എസ് ബിമലിന്റെ ചരമ വാര്‍ത്തയ്ക്ക് വലിയ പ്രാധാന്യമായിരുന്നു നല്‍കിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന വിദ്യാര്‍ത്ഥി യുവജന സമരങ്ങളുടെ ചരിത്രം വിശദീകരിച്ചുകൊണ്ടുള്ളതായിരുന്നു വാര്‍ത്ത.

യു.ഡി.എഫ് നേതാക്കളായ എം.കെ രാഘവന്‍ എം.പി, കെ.സി അബു, പി.കെ ഫിറോസ് ( യൂത്ത് ലീഗ്), തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തുള്ളവരും അന്ത്യോപചാരമര്‍പ്പിക്കാന്‍ കോഴിക്കോട് ടൗണ്‍ഹാളിലെത്തിയിരുന്നു. തുടര്‍ന്ന് മൃതദേഹം വിലാപയാത്രയായി വടകരയിലേക്ക് കൊണ്ടുപോയി. മൃതദേഹം കൊയിലാണ്ടിയിലും വടകര ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിന് വെച്ചു.

സന്ധ്യയോടെ ജന്മനാടായ എടച്ചേരിയിലേക്ക് കൊണ്ടുപോയ മൃതദേഹം കമ്മ്യൂണിറ്റി ഹാളിലും തുടര്‍ന്ന് ബിമല്‍ അധ്യാപകനായി ജോലി ചെയ്തിരുന്ന നരിക്കുന്ന് യു.പി സ്‌കൂളിലും പൊതുദര്‍ശനത്തിന് വെച്ച ശേഷം സ്വവസതിയിലേക്ക് കൊണ്ടുപോയി. രാത്രിയോട് കൂടി വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. വന്‍ജനാവലിയാണ് ബിമലിന് അന്തിമോപചാരമര്‍പ്പിക്കാന്‍ ഓരോ സ്ഥലത്തും എത്തിച്ചേര്‍ന്നത്.

We use cookies to give you the best possible experience. Learn more