| Sunday, 31st August 2025, 3:54 pm

ഔട്ടാകാന്‍ പൂജ്യം ശതമാനം പോലും ചാന്‍സില്ലാത്ത പന്തില്‍ ഔട്ട്, അതും ഒരാളും ആഗ്രഹിക്കാത്ത തരത്തില്‍; നാണക്കേടില്‍ ഹോപ്പ്

സ്പോര്‍ട്സ് ഡെസ്‌ക്

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ നിരാശാജനകമായ രീതിയില്‍ പുറത്തായി സൂപ്പര്‍ താരം ഷായ് ഹോപ്പ്. ഞായറാഴ്ച രാവിലെ നടന്ന ഗയാന ആമസോണ്‍ വാറിയേഴ്‌സ് – ട്രിബാംഗോ നൈറ്റ് റൈഡേഴ്‌സ് മത്സരത്തിലാണ് വാറിയേഴ്‌സ് താരം ഹോപ്പ് മോശം രീതിയില്‍ ഹിറ്റ് വിക്കറ്റായി പുറത്തായത്.

മത്സരത്തിന്റെ 14ാം ഓവറിലാണ് ഹോപ്പ് ഹിറ്റ് വിക്കറ്റായി മടങ്ങുന്നത്. ഓവറിലെ അവസാന പന്തില്‍ ഷോട്ടിന് ശ്രമിച്ച താരത്തിന് അമ്പേ പിഴയ്ക്കുകയും വിക്കറ്റില്‍ ബാറ്റ് കൊണ്ടടിച്ച് മടങ്ങുകയുമായിരുന്നു.

ക്രിക്കറ്റില്‍ ഹിറ്റ് വിക്കറ്റുകള്‍ അത്ര പുതുമയല്ലാത്ത കാഴ്ചയാണെങ്കിലും ഹോപ്പിന്റെ വിക്കറ്റ് ഏതൊരു ക്രിക്കറ്റ് ആരാധകനെയും അമ്പരപ്പിക്കുന്നതായിരുന്നു.

ഓഫ് സൈഡിന് പുറത്ത് ഏറെ വൈഡായെറിഞ്ഞ പന്തില്‍ ഏന്തിവലിഞ്ഞ് ഷോട്ട് കളിക്കാനായിരുന്നു ഹോപ്പിന്റെ ശ്രമം. എന്നാല്‍ ആ ശ്രമം വിഫലമാവുകയും ഹോപ്പ് ഹിറ്റ് വിക്കറ്റായി പുറത്താവുകയുമായിരുന്നു. ഇതിന്റെ വീഡിയോ വൈറാലാവുകയാണ്.

29 പന്തില്‍ 39 റണ്‍സുമായാണ് ഷായ് ഹോപ്പ് മടങ്ങിയത്. ടീമിന്റെ ടോപ് സ്‌കോററും ഹോപ്പ് തന്നെയായിരുന്നു. ക്രീസില്‍ നിലയുറപ്പിച്ച താരത്തിന്റെ പുറത്താകല്‍ മത്സരഫലത്തിലും പ്രതിഫലിച്ചിരുന്നു. മത്സരത്തില്‍ വാറിയേഴ്‌സ് ആറ് വിക്കറ്റിന് പരാജയപ്പെട്ടു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വാറിയേഴ്‌സ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് നേടി. ഹോപ്പിന് പുറമെ ക്വിന്റണ്‍ സ്വാംസണ്‍ (19 പന്തില്‍ 25), ഡ്വെയ്ന്‍ പ്രിട്ടോറിയസ് (16 പന്തില്‍ 21) എന്നിവരാണ് വാറിയേഴ്‌സിനായി സ്‌കോര്‍ ചെയ്ത മറ്റ് താരങ്ങള്‍.

നൈറ്റ് റൈഡേഴ്‌സിനായി അകീല്‍ ഹൊസൈന്‍ മൂന്ന് വിക്കറ്റും ടെറാന്‍സ് ഹിന്‍ഡ്‌സ് രണ്ട് വിക്കറ്റും വീഴ്ത്തി. സ്വാംസണ്‍ റണ്‍ ഔട്ടായി മടങ്ങിയപ്പോള്‍ സുനില്‍ നരെയ്ന്‍, മുഹമ്മദ് ആമിര്‍, ആന്ദ്ര റസല്‍ എന്നിവര്‍ ചേര്‍ന്നാണ് ശേഷിച്ച വിക്കറ്റ് വീഴ്ത്തിയത്.

മറുപടി ബാറ്റിങ്ങിനറങ്ങിയ നൈറ്റ് റൈഡേഴ്‌സ് ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായി തിളങ്ങി. അലക്‌സ് ഹെയ്ല്‍സ് 43 പന്തില്‍ 74 റണ്‍സും കോളിന്‍ മണ്‍റോ 30 പന്തില്‍ 52 റണ്‍സും നേടി. 14 പന്തില്‍ പുറത്താകാതെ 27 റണ്‍സടിച്ച റസലിന്റെ ഇന്നിങ്‌സും നൈറ്റ് റൈഡേഴ്‌സിന്റെ വിജയം എളുപ്പമാക്കി.

Content Highlight: CPL 2025: Shai Hope’s hit wicket goes viral

We use cookies to give you the best possible experience. Learn more