| Monday, 8th March 2010, 1:51 pm

സി പി ഐ എം ഉപരോധ സമരം തുടങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാരോപിച്ച് സി പി ഐ എം ഉപരോധ സമരം തുടങ്ങി. അഞ്ചുനാള്‍ നീളുന്ന ഉപരോധത്തിന്റെ ആദ്യദിനത്തില്‍ താലൂക്ക് കേന്ദ്രങ്ങളിലെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സ്തംഭിച്ചു. രാവിലെ എട്ടുമണിക്ക് തുടങ്ങിയ ഉപരോധം വൈകിട്ട് അഞ്ചുവരെ നീളും. വെള്ളിയാഴ്ചവരെ ഇതേരീതിയില്‍ ഉപരോധം തുടരും.

ഉപരോധം മൂലം തലസ്ഥാനത്ത് നാല് കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സ്തംഭിച്ചു. ജി പി ഒക്കു മുന്നില്‍ നൂറുക്കണക്കിന് പ്രവര്‍ത്തകര്‍ തീര്‍ത്ത ഉപരോധം സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ജനങ്ങളെ പട്ടിണിക്കിടുന്ന സമീപനമാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 35 ലക്ഷം പേര്‍ക്ക് രണ്ടുരൂപക്ക് അരി നല്‍കുമെന്ന സംസ്ഥാനസര്‍ക്കാരിന്റെ പ്രഖ്യാപനം ഞങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന കേന്ദ്രമന്ത്രി കെ വി തോമസിന്റെ വാദം നിരുത്തരവാദപരമാണെന്നും പിണറായി പറഞ്ഞു.

എറണാകുളത്ത് ടെലഫോണ്‍ എക്‌സ്‌ചേഞ്ച് ഉപരോധം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. കോട്ടയത്ത് കേന്ദ്രകമ്മിറ്റി അംഗം എം സി ജോസൈഫന്‍ ഉദ്ഘാടനം ചെയ്തു. തൃശൂരില്‍ കേന്ദ്രസെക്രട്ടറിയറ്റ് അംഗം എ വിജയരാഘവനും കൊല്ലത്ത് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ടി ശിവദാസമേനോനും ഉദ്ഘാടനം ചെയ്തു. പത്തനംതിട്ടയില്‍ കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വനും കോഴിക്കോട്ട് സെക്രട്ടറിയറ്റ് അംഗം വി വി ദക്ഷിണാമൂര്‍ത്തിയും കണ്ണൂരില്‍ സെക്രട്ടറിയറ്റ് അംഗം എം വി ഗോവിന്ദനും ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധം കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരന്‍ എം പി ഉദ്ഘാടനം ചെയ്തു. വയനാട് കല്‍പ്പറ്റ ടെലിഫോ എക്‌സ്‌ചേഞ്ചിനു മുന്നില്‍ നടന്ന ഉപരോധ സമരം സംസ്ഥാന കമ്മിറ്റിയംഗം പി എ മുഹമ്മദും പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന ഉപരോധ സമരം ജില്ലാ സെക്രട്ടറി പി ഉണ്ണിയും ഉദ്ഘാടനം ചെയ്തു. മലപ്പുറത്ത് പെരിന്തല്‍മണ്ണ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധം ജില്ലാ സെക്രട്ടറി കെ ഉമ്മര്‍ മാസ്റ്ററും ഇടുക്കിയില്‍ കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധം ജില്ലാ സെക്രട്ടറി എം എം മണി ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ടെലിഗ്രാഫ് ഓഫീസിന് മുന്നില്‍ നടന്ന ഉപരോധസമരം ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.

We use cookies to give you the best possible experience. Learn more