| Thursday, 31st July 2025, 11:19 am

കേരളത്തില്‍ കേക്കും മറ്റിടങ്ങളില്‍ കൈവിലങ്ങും, ബി.ജെ.പി ആട്ടിന്‍തോലണിഞ്ഞ ചെന്നായയെന്ന് ഇനിയെങ്കിലും മനസിലാക്കണം: എം.വി. ഗോവിന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രീകളെ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റ് ചെയ്ത നടപടിയെ രൂക്ഷമായി വിമര്‍ശിച്ച ലേഖനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. മോദി അധികാരത്തിലെത്തിയ ശേഷം ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണം പതിന്മടങ്ങ് വര്‍ധിച്ചുവെന്ന് വ്യക്തമാക്കിയ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി ക്രിസ്മസിനും ഈസ്റ്ററിനും കേക്കുമായി ക്രിസ്തീയ ദേവാലയങ്ങളിലും വീടുകളിലുമെത്തുന്ന ബി.ജെ.പി നേതാക്കളുടെയും പ്രതികരണമറിയാന്‍ ജനങ്ങള്‍ക്ക് താത്പര്യമുണ്ടാകുമെന്നും പറഞ്ഞു.

ദേശാഭിമാനിയിലെ നേര്‍വഴി എന്ന പ്രതിവാര പംക്തിയില്‍ ‘ രാജ്യത്തിന്റെ പ്രതിഷേധം’ എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലാണ് കേന്ദ്ര – ഛത്തീസ്ഗഢ് സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ എം.വി. ഗോവിന്ദന്‍ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.

ഈ വിഷയത്തില്‍ ഇടതുപക്ഷം നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ച് ലേഖനത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. കന്യാസ്ത്രീകള്‍ അറസ്റ്റിലായ വിവരം അറിഞ്ഞതിന് പിന്നാലെ മന്ത്രിമാരായ പി. രാജീവും റോഷി അഗസ്റ്റിനും പ്രീതി മേരിയുടെ വീട് സന്ദര്‍ശിക്കുകയും അവര്‍ക്ക് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ സിസ്റ്റര്‍മാരുടെ മോചനത്തിന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ജോണ്‍ ബ്രിട്ടാസ് എം.പി. ഛത്തീസ്ഗഢ് മുഖ്യമന്ത്രിക്ക് കത്തെഴുതി. പാര്‍ലമെന്റിന് പുറത്ത് ഇടതുപക്ഷ എം.പിമാര്‍ പ്രതിഷേധിച്ചു. ബൃന്ദ കാരാട്ടിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ നേതാക്കളും എം.പിമാരും ഇവരെ സന്ദര്‍ശിച്ചു തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിച്ച സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും ഇവരുടെ മോചനത്തിനായി എന്ത് ചെയ്തുവെന്ന ചോദ്യവും ഉന്നയിച്ചു.

ക്രിസ്ത്യന്‍ വിഭാഗത്തെ ബി.ജെ.പിയുമായി അടുപ്പിക്കുകയെന്ന ദൗത്യത്തിന് മന്ത്രിപ്പണി ലഭിച്ച ജോര്‍ജ് കുര്യന്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നാണ് പറഞ്ഞത് എന്ന വിഷയം അദ്ദേഹം ലേഖനത്തില്‍ ചൂണ്ടിക്കാണിച്ചു. ഗോള്‍വാള്‍ക്കര്‍ വിചാരധാരയിലെഴുതിവെച്ച നിയമങ്ങളെ കുറിച്ചാണോ ജോര്‍ജ് കുര്യന്‍ പറയുന്നതെന്നും എം.വി. ഗോവിന്ദന്‍ ചോദ്യമുന്നയിച്ചു.

‘ഗോള്‍വാള്‍ക്കര്‍ വിചാരധാരയില്‍ പറഞ്ഞുവച്ചതാണോ കുര്യന് നിയമം. മൂന്ന് ആഭ്യന്തര ശത്രുക്കളെക്കുറിച്ചാണ് ഗോള്‍വാള്‍ക്കര്‍ വിചാരധാരയില്‍ പറയുന്നത്. മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകാരുമാണ് ഈ ആഭ്യന്തര ശത്രുക്കള്‍. ഈ മൂന്നു വിഭാഗങ്ങളുമുള്ള, സംഘപരിവാര്‍ ശക്തികള്‍ക്ക് ഇനിയും തകര്‍ക്കാന്‍ കഴിയാത്ത കോട്ടയാണ് കേരളമെന്നും ഇതേ ഗോള്‍വാള്‍ക്കര്‍ പറഞ്ഞുവച്ചിട്ടുണ്ട്. ആ കോട്ട തകര്‍ക്കാന്‍ നിയോഗിക്കപ്പെട്ട മന്ത്രി ഇതിലപ്പുറം എന്ത് പറയും’ എന്നാണ് ജോര്‍ജ് കുര്യനെതിരെ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.

കേരളത്തില്‍ കേക്കും ഉത്തരേന്ത്യയില്‍ കൈവിലങ്ങും മര്‍ദനവും എന്ന സമീപനം സ്വീകരിക്കുന്ന ബി.ജെ.പി ആട്ടിന്‍തോലണിഞ്ഞ ചെന്നായയാണെന്ന കാര്യം ഇനിയെങ്കിലും ബന്ധപ്പെട്ടവര്‍ മനസിലാക്കണമെന്നും അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്.

നേരത്തെ ക്രൈസ്തവരെയും ക്രൈസ്തവ ദേവാലയങ്ങളെയും ആക്രമിച്ചവരാണ് ഇപ്പോള്‍ അരമന കയറിയിറങ്ങുന്നതെന്നും അദ്ദേഹം ലേഖനത്തില്‍ പരിഹസിച്ചു.

‘ഗ്രഹാംസ്റ്റെയിന്‍സിനെയും രണ്ട് കുട്ടികളെയും ചുട്ടുകൊന്നവരാണിവര്‍. സ്റ്റാന്‍ സ്വാമിയെ ഒരിറക്ക് വെള്ളംപോലും നല്‍കാതെ ജയിലറയിലിട്ട് കൊന്നവരാണിവര്‍. ഗുജറാത്തിലെ ദാംഗ്സിലും ഒഡിഷയിലെ കന്ദമലിലും ക്രൈസ്തവരെ വേട്ടയാടുകയും പള്ളികള്‍ തകര്‍ക്കുകയും കത്തിക്കുകയും ചെയ്തതും ഇവര്‍ തന്നെ.

അവരാണിപ്പോള്‍ അരമന കയറിയിറങ്ങുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈസ്റ്റര്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂ ദല്‍ഹിയിലെ സേക്രഡ് ഹാര്‍ട്ട് പള്ളി സന്ദര്‍ശിക്കുകയും മരം നടുകയും ചെയ്തു. ബി.ജെ.പി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി. നദ്ദയും ഇതേ പള്ളി സന്ദര്‍ശിച്ചു. എന്നാല്‍, തെരഞ്ഞടുപ്പ് കഴിഞ്ഞപ്പോള്‍ അവര്‍ തനിനിറം പുറത്തെടുത്തു’ എം.വി. ഗോവിന്ദന്‍ എഴുതി.

മോദി അധികാരത്തിലെത്തിയ ശേഷമാണ് ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചതെന്ന് കണക്കുകള്‍ നിരത്തി വ്യക്തമാക്കിയ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി നേരത്തെ ഛത്തീസ്ഗഢ് കോണ്‍ഗ്രസ് ഭരിച്ചപ്പോഴും ഇതേ അവസ്ഥകള്‍ തന്നെയാണ് ക്രൈസ്തവര്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ളതെന്നും കൂട്ടിച്ചേര്‍ത്തു.

‘മോദി അധികാരത്തില്‍ വന്ന ശേഷമാണ് ന്യൂന പക്ഷവിരുദ്ധ ആക്രമണങ്ങള്‍ പതിന്മടങ്ങ് വര്‍ധി ച്ചത്. 2014ല്‍ 127 ആക്രമണങ്ങളാണ് ക്രൈസ്തവര്‍ക്കെതിരെ മാത്രം റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 2024ല്‍ അത് 834 ആയി വര്‍ധിച്ചു. ഈ വര്‍ഷം ജൂണ്‍ വരെ 378 ആക്രമണം റിപ്പോര്‍ട്ട് ചെയ്തു. ബി.ജെ.പി ഭരണം നടത്തുന്ന യു.പി, ഛത്തീസ്ഗഢ്, ഗുജറാത്ത്, ഒഡീഷ, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

മൂന്ന് വര്‍ഷം മുമ്പ് കോണ്‍ഗ്രസ് ഭരിക്കുമ്പോഴും ഛത്തീസ്ഗഡിലെ നാരായണ്‍പുരില്‍ ക്രൈസ്തവര്‍ക്കു നേരെ വ്യാപകമായ ആക്രമണങ്ങള്‍ ഉണ്ടായിരുന്നു. കേരളത്തില്‍ മാത്രമാണ് സമാധാനത്തോടെ ജീവിക്കാന്‍ കഴിയുന്നതെന്ന് ക്രൈസ്തവ മത മേലധ്യക്ഷന്മാര്‍തന്നെ പറഞ്ഞു. കന്യാസ്ത്രീകളെയും പുരോഹിതന്മാരെയും അവര്‍ അണിയുന്ന വസ്ത്രത്താല്‍ തിരിച്ചറിഞ്ഞ് ആക്രമിക്കുകയെന്ന രീതി ആവര്‍ത്തിക്കപ്പെടുന്നു.

ക്രിസ്ത്യന്‍ മതത്തില്‍പ്പെട്ടവര്‍ മരിച്ചാല്‍ മറവു ചെയ്യാന്‍ പോലും അനുവദിക്കാത്തവിധം സാമൂഹ്യാന്തരീക്ഷം കലുഷിതം. മൃതദേഹം സംസ്‌കരിക്കണമെങ്കില്‍ മതം മാറണം എന്നതുള്‍പ്പെടെയുള്ള ഭീതിജനകമായ കല്‍പനകളാണ് ഹിന്ദുത്വവാദികള്‍ നടത്തുന്നത്. സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്ത് മതപരിവര്‍ത്തനം നടത്തുന്നതുള്‍പ്പെടെയുള്ള വാര്‍ത്തകളാണ് ബി.ജെ.പിക്ക് ഡബിള്‍ എന്‍ജിന്‍ സര്‍ക്കാരുള്ളിടത്തുനിന്ന് കേള്‍ക്കുന്നത്.

എന്ത് വസ്ത്രം ധരിക്കണമെന്നും ഏത് ഭക്ഷണം കഴിക്കണമെന്നും എങ്ങനെ പ്രാര്‍ഥിക്കണമെന്നും എങ്ങനെ മൃതദേഹം സംസ്‌കരിക്കണം എന്നുവരെ ഹിന്ദുത്വവാദികള്‍ നിശ്ചയിക്കുന്നത് ഭീതിജനകമാണ്. ഇവരെ നിയന്ത്രിക്കേണ്ട പൊലീസ് ആകട്ടെ ഈ സംസ്ഥാനങ്ങളില്‍ അക്രമികള്‍ക്കൊപ്പം ചേര്‍ന്ന് ഇരകളെ വേട്ടയാടുകയാണ്,’ അദ്ദേഹം ലേഖനത്തില്‍ കുറിച്ചു.

Content highlight: CPIM state secretary MV Govindan slams BJP

We use cookies to give you the best possible experience. Learn more