| Monday, 3rd November 2025, 8:18 am

കേന്ദ്രം തരാനുള്ളത് തന്നാല്‍ പെന്‍ഷന്‍ 3,000, അടുത്ത ലക്ഷ്യം ദാരിദ്ര്യം അവസാനിപ്പിക്കല്‍: എം.വി. ഗോവിന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനെതിരായ സാമ്പത്തിക ഉപരോധം അവസാനിപ്പിച്ചാല്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ 3000 രൂപയാക്കി വര്‍ധിപ്പിക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.

ഇതുവരെ തടഞ്ഞുവെച്ചതടക്കം കേന്ദ്രത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന് ഒരു ലക്ഷം കോടിയിലേറെ രൂപ ലഭിക്കാനുണ്ടെന്നും ആ തുക ലഭിച്ചാല്‍ ഒന്നാം എല്‍.ഡി.എഫ് സര്‍ക്കാറിനെപ്പോലെ പ്രഖ്യാപിച്ചതിലും കൂടുതല്‍ തുക പെന്‍ഷനായി നല്‍കാന്‍ സാധിക്കുമന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി.

അവസാന മന്ത്രിസഭാ യോഗം ഒരു കോടിയിലധികം ആളുകള്‍ക്കാണ് അനുകൂല്യം പ്രഖ്യാപിച്ചത്. ഇങ്ങനെയൊന്ന് ലോകത്തെവിടെയും ഉണ്ടാകില്ല. 62 ലക്ഷത്തോളം വരുന്നവര്‍ക്ക് ക്ഷേമ പെന്‍ഷന്‍ 400 രൂപ കൂട്ടി 2000 രൂപയാക്കി.

31.43 ലക്ഷം സ്ത്രീകള്‍ക്കും അഞ്ച് ലക്ഷത്തില്‍പരം യുവതീയുവാക്കള്‍ക്കും 1,000 രൂപ വീതവും നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ചു. ആശമാര്‍, അംഗന്‍വാടി ജീവനക്കാര്‍, പ്രൈമറി അധ്യാപകര്‍ അടക്കമുള്ള അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കും വേതന വര്‍ധനവ് ഉറപ്പാക്കി.

കേരള വികസന ചരിത്രത്തിലെ സുപ്രധാന അധ്യായമാണ് അതിദാരിദ്ര്യമുക്ത പ്രഖ്യാപനമെന്നും അദ്ദേഹം പറഞ്ഞു. നീതി ആയോഗിന്റെ കണക്ക് പ്രകാരം ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ അതിദാരിദ്ര്യം 28 ശതമാനമുള്ളപ്പോള്‍ കേരളത്തില്‍ അത് 0.7 ശതമാനം മാത്രമായിരുന്നുവെന്നും സര്‍ക്കാര്‍ ആ 64,006 പേരെ കണ്ടെത്തി അവരെ അതിദാരിദ്ര്യാത്തില്‍ മുക്തമാക്കിയെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

‘ഒരു ദിവസം കൊണ്ടുള്ള നടപടിയല്ല ഇത്. വര്‍ഷങ്ങളെടുത്ത പ്രക്രിയയാണ്. എന്നാല്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചില വിദഗ്ധന്മാരും ഇതിനെ വിമര്‍ശിക്കുകയാണ്. ഈ മന്ത്രിസഭയുടെ ആദ്യ തീരുമാനമാണിത്. നിയമസഭയിലടക്കം പലതവണ ഇക്കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ സതീശന് വിമര്‍ശനമുണ്ടായിരുന്നില്ല.

ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പറേഷനുകള്‍, ജില്ലാ പഞ്ചായത്തുകള്‍ എന്നിങ്ങനെ തദ്ദേശ സ്ഥാപനങ്ങള്‍ ഒന്നൊന്നായാണ് അതിദാരിദ്ര്യമുക്തമായത്. ഇവ മുഴുവന്‍ ഇടതുപക്ഷം ഭരിക്കുന്നവയല്ല. കോണ്‍ഗ്രസും മുസ്‌ലിം ലീഗും ഭരിക്കുന്നവയുമുണ്ട് എന്നോര്‍ക്കണം. ബദല്‍ ഭരണത്തിന്റെ വിജയമാണിത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കമ്യൂണിസ്റ്റ് വിരുദ്ധത ബാധിച്ചാണ് പ്രതിപക്ഷ നേതാവ് ഇത്തരത്തിവുള്ള ശുദ്ധ അസംബന്ധങ്ങള്‍ എഴുന്നള്ളിക്കുന്നതെന്നും ചില വിദഗ്ധന്‍മാര്‍ അതിന് കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

ട്രംപ് വന്നപ്പോള്‍ ഗുജറാത്തില്‍ ചേരികള്‍ മതില്‍കെട്ടി മറച്ചപോലെയല്ല, കേരളം മുഴുവന്‍ തുറന്നിട്ടിരിക്കയാണെന്ന് പറഞ്ഞ എം.വി. ഗോവിന്ദന്‍ പ്രതിപക്ഷ നേതാവും മാധ്യമങ്ങളും അതിദരിദ്ര്യരുണ്ടെങ്കില്‍ കണ്ടെത്തട്ടെയെന്നും അവരെയും നമുക്ക് മോചിപ്പിക്കാമെന്നും കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ അതിദാരിദ്ര്യമാണ് നിലവില്‍ ഇല്ലാതായതെന്നും അടുത്ത ലക്ഷ്യം സംസ്ഥാനത്ത് ദാരിദ്രം അവസാനിപ്പിക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി.

Content highlight: CPIM State Secretary M.V. Govindan said that if the Central Government gives the amount due to the state, the pension can be increased to Rs. 3,000

We use cookies to give you the best possible experience. Learn more