| Saturday, 6th June 2026, 6:49 pm

ബി.ജെ.പി ഡീല്‍ ആരോപണത്തില്‍ നിലപാട് വ്യക്തമാക്കണം: കോണ്‍ഗ്രസിന്‌ കത്തയച്ച് സി.പി.ഐ.എം കേന്ദ്ര നേതൃത്വം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് സി.പി.ഐ.എമ്മിനെതിരെ ഉന്നയിച്ച ബി.ജെ.പി ഡീല്‍ ആരോപണം വരാനിരിക്കുന്ന ഇന്ത്യ മുന്നണി യോഗത്തെയും ബാധിച്ചേക്കാമെന്ന് സൂചന. ഇന്ത്യ മുന്നണി യോഗത്തിന് മുന്നോടിയായി ഈ വിഷയത്തില്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.എ ബേബി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഗാര്‍ഘെയ്ക്ക് കത്തയച്ചതായി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ബി.ജെ.പി ബന്ധം ആരോപണം അടക്കം കോണ്‍ഗ്രസ് സി.പി.എമ്മിനെതിരെ നടത്തിയ ആക്രമണങ്ങളെ കത്തില്‍ ശക്തമായി വിമര്‍ശിക്കുന്നതായി വിഷയത്തില്‍ നേരിട്ട് അറിവലുള്ളവരെ അധികരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. കത്തിന്റെ പകര്‍പ്പ് ഇന്ത്യ മുന്നണിയിലെ മറ്റ് കക്ഷികള്‍ക്കും സി.പി.ഐ.എം നല്‍കിയതായും പറയുന്നു.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അടക്കം സി.പി.ഐ.എം-ബി.ജെ.പി ഡീല്‍ ആരോപണം ഉന്നയിച്ചിരുന്നു. പിണറായി വിജയനെതിരെ കേന്ദ്രസര്‍ക്കാരിന്റെ നിയമ നടപടികളില്ലാത്തത് ഇത്തരം ഡീലിന്റെ ഭാഗമാണെന്ന തരത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികണങ്ങളുണ്ടായിരുന്നു.

ഇടതുപക്ഷവും ബി.ജെ.പിയും തമ്മില്‍ രാഷ്ട്രീയ സഖ്യമുണ്ടെന്ന തരത്തില്‍ ഒരു പ്രചാരണം തന്നെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായതായി എം.എ ബേബിയുടെ കത്തില്‍ പറയുന്നതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

തിങ്കളാഴ്ചയാണ് ഡല്‍ഹിയില്‍ ഇന്ത്യ മുന്നണിയുടെ യോഗം. മുന്നണി ഘടകകക്ഷികളുടെ മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും.

മുന്നണി യോഗത്തിന് മുന്നോടിയായി ബി.ജെ.പി ഡീല്‍ ആരോപണത്തില്‍ കോണ്‍ഗ്രസ് വ്യക്തത വരുത്തണം എന്ന് കത്തില്‍ സി.പി.ഐ.എം ആവശ്യപ്പെട്ടിട്ടുണ്ട്. മുന്നണിയി തകര്‍ക്കുന്ന നീക്കങ്ങളെന്ന് ആരോപണങ്ങളെക്കുറിച്ച് കത്തില്‍ വിശേഷിപ്പിച്ചതായും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതെ സമയം കത്തിന് മറുപടി നല്‍കിയില്ലെങ്കില്‍ മുന്നണി യോഗം സംബന്ധിച്ച് സി.പി.ഐ.എം എന്ത് നിലപാട് സ്വീകരിക്കും എന്ന് വ്യക്തമല്ല. മറുപടി തൃപ്തികരമല്ലെങ്കില്‍ പാര്‍ട്ടി ഏത് തരത്തില്‍ മുന്നോട്ട് പോകും എന്നത് സംബന്ധിച്ച സൂചനകളുമില്ല.

ഇന്ത്യ മുന്നണി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ഡി.എം.കെ നേരത്തെ അറിയിച്ചിരുന്നു. ദീര്‍ഘകാല സഖ്യ കക്ഷിയായ കോണ്‍ഗ്രസ് ഡി.എം.കെയുമായുള്ള ബന്ധമുപേക്ഷിച്ച് ടി.വി.കെയുമായി സഖ്യം ചേര്‍ന്ന് ഭരണത്തില്‍ പങ്കുചേര്‍ന്ന പശ്ചാത്തലത്തിലായിരുന്നു തീരുമാനം.

പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്ന് തീരുമാനിച്ചതെന്ന് ഡി.എം.കെ അറിയിച്ചിരുന്നു.

‘കോണ്‍ഗ്രസ് പാര്‍ട്ടി ഡി.എം.കെയോട് കാണിച്ച വഞ്ചനയില്‍ ആഴത്തില്‍ വേദനിക്കുന്ന അണികളുടെ വികാരം കണക്കിലെടുത്ത് ജൂണ്‍ 8ന് ന്യൂദല്‍ഹിയില്‍ കോണ്‍ഗ്രസ് പങ്കെടുക്കുന്ന ഇന്ത്യ ബ്ലോക്ക് യോഗത്തില്‍ പാര്‍ട്ടി പങ്കെടുക്കില്ല,’ ഡി.എം.കെ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

Content Highlight: CPIM Reportedly writes to Congress National leadership about BJP Deal Allegation

We use cookies to give you the best possible experience. Learn more