| Friday, 24th January 2025, 10:54 am

സി.പി.ഐ.എമ്മിന് സമരവിജയം; തമിഴ്നാട്ടിലെ ടങ്സ്റ്റണ്‍ ഖനനം ഉപേക്ഷിച്ച് കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ ടങ്സ്റ്റണ്‍ ഖനനം നടത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി കേന്ദ്ര സര്‍ക്കാര്‍. പദ്ധതി ഉപേക്ഷിച്ചതായി കേന്ദ്ര ഖനനമന്ത്രി ജി. കിഷന്‍ റെഡ്ഡി പറഞ്ഞു. സി.പി.ഐ.എമ്മിന്റെ പ്രതിഷേധത്തെ തുടര്‍ന്നാണ് കേന്ദ്രം മുട്ടുകുത്തിയത്.

മധുരയ്ക്ക് സമീപത്തുള്ള മേലൂരില്‍ 5000 ഏക്കര്‍ പ്രദേശത്തെ ടങ്സ്റ്റണ്‍ പദ്ധതിയാണ് കേന്ദ്രം ഉപേക്ഷിച്ചത്. പ്രദേശത്തെ ജൈവവൈവിധ്യ പൈതൃകവും പാരമ്പര്യവും കണക്കിലെടുത്ത് ലേല നടപടികള്‍ ഉപേക്ഷിച്ചെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.

2022ല്‍ ഈ പ്രദേശത്തെ ജൈവവൈവിധ്യ പൈതൃക സ്ഥലമായി പ്രഖ്യാപിച്ചിരുന്നു. അപൂര്‍വങ്ങളായ സസ്യ-ജന്തുജാലങ്ങളും, ജൈന ക്ഷേത്രങ്ങള്‍, ഗുഹാക്ഷേത്രങ്ങള്‍, തമിഴ്-ബാഹ്‌മി ലിഖിതങ്ങള്‍, പഞ്ചപാണ്ഡവ ശിലാ ഫലകങ്ങള്‍ തുടങ്ങിയവ നിലനില്‍ക്കുന്ന പ്രദേശം കൂടിയാണിത്.

എന്നാല്‍ 2024ല്‍ ഇവിടെ ഖനനം നടത്താന്‍ ഹിന്ദുസ്ഥാന്‍ സിങ് ലിമിറ്റഡിന്റെ കരാറിന് കേന്ദ്രം അംഗീകാരം നല്‍കുകയായിരുന്നു. തുടര്‍ന്നുണ്ടായ ശക്തമായ സി.പി.ഐ.എം പ്രതിഷേധത്തിന് പിന്നാലെ ജനുവരി 12ന് പദ്ധതിക്കെതിരെ തമിഴ്‌നാട് നിയമസഭാ പ്രമേയം പാസാക്കിയിരുന്നു.

മധുര എം.പിയും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ വെങ്കടേശരന്‍ കേന്ദ്രമന്ത്രിയെ നേരിട്ട് സന്ദര്‍ശിച്ച് ഖനന പദ്ധതിക്കുള്ള അനുമതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഖനനം വന്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും സി.പി.ഐ.എം ചൂണ്ടിക്കാട്ടിയിരുന്നു.

ടങ്സ്റ്റണ്‍ ഖനിമാലിന്യം അര്‍ബുദം അടക്കമുള്ള മാരകരോഗങ്ങള്‍ക്ക് കാരണമാകുമെന്ന ബെല്‍ജിയത്തിലെയും ചൈനയിലെയും പഠന റിപ്പോര്‍ട്ടുകളും സി.പി.ഐ.എം പ്രതിനിധികള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

ടങ്സ്റ്റണ്‍ ഖനനപദ്ധതിയുടെ ഭാഗമായി തരംതിരിക്കപ്പെട്ട 48 വില്ലേജുകളിലെ പതിനായിരക്കണക്കിന് ആളുകളെ സംഘടിപ്പിച്ച് കേന്ദ്ര നിലപാടിനെതിരെ സി.പി.ഐ.എം പ്രക്ഷോഭം നടത്തുകയും ചെയ്തു.

ഖനനം നടത്താന്‍ പദ്ധതിയിടുന്ന പ്രദേശങ്ങള്‍ കാര്‍ഷിക മേഖലയായി പ്രഖ്യാപിക്കണമെന്നായിരുന്നു സി.പി.ഐ.എമ്മിന്റെ ആവശ്യം. മേലൂരില്‍ 20 കിലോമീറ്റര്‍ ദൂരത്തില്‍ ആയിരക്കണക്കിന് ആളുകളെ അണിനിരത്തി ഡി.വൈ.എഫ്.ഐ പദയാത്രയും നടത്തിയിരുന്നു.

എന്നാല്‍ പ്രക്ഷോഭം നടത്തിയ സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയാണ് ചെയ്തത്. ജനുവരി ഏഴിന് പ്രദേശത്തെ ഗ്രാമവാസികളും കര്‍ഷകരും ചേര്‍ന്ന് മധുര ദേശീയപാതയായ നരസിംഹപട്ടി മുതല്‍ തളക്കുളം വരെ റാലി നടത്തുകയും ചെയ്തിരുന്നു.

Content Highlight: CPIM Protest; Central government withdraws from decision to mine tungsten in TamilNadu

We use cookies to give you the best possible experience. Learn more