| Wednesday, 27th May 2026, 10:28 am

ഇ.ഡി. റെയ്ഡ്: പ്രതിഷേധവുമായി സി.പി.ഐ.എം; ബി.ജെ.പിയും കോണ്‍ഗ്രസും ചേര്‍ന്നുള്ള സംയുക്ത ഓപ്പറേഷനെന്ന് പി. ജയരാജന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട് അടക്കമുള്ള ഇടങ്ങളിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് റെയ്ഡില്‍ പ്രതിഷേധവുമായി സി.പി.ഐ.എം. സി.എം.ആര്‍.എല്‍-എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ കണ്ണൂരിലെ വീടും തിരുവനന്തപുരത്തെ വാടക വീടും അടക്കം 10 ഇടങ്ങളില്‍ ഇ.ഡി റെയ്ഡ് നടത്തിയത്.

കണ്ണൂരില്‍ ഇ.ഡി. റെയ്ഡ് നടക്കുന്ന പിണറായിയുടെ വീട്ടിന് മുന്നില്‍ സി.പി.ഐ.എം നേതാക്കളും പ്രവര്‍ത്തകരും എത്തിച്ചേര്‍ന്നിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രദേശത്ത് മുദ്രാവാക്യം മുഴക്കി.

ഈ റെയ്ഡ് ബി.ജെ.പിയും കോണ്‍ഗ്രസും ചേര്‍ന്നുള്ള ഒരു സംയുക്ത ഓപ്പറേഷന്റെ തുടക്കമാണെന്ന് സി.പി.ഐ.എം നേതാവ് പി. ജയരാജന്‍ ആരോപിച്ചു. ബംഗാളിലും തൃപുരയിലും സി.പി.എമ്മിനെ തകര്‍ക്കാനുള്ള പദ്ധതി സംഘപരിവാരം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്. അതിന്റെ തുടര്‍ച്ചയായ സാംസ്‌കാരിക മാര്‍ക്‌സിസത്തെ ഉന്മൂലനം ചെയ്യണമെന്ന് നരേന്ദ്ര മോദി തന്നെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി.

കണ്ണൂരില്‍ പിണറായിയുടെ വീട്ടിലെത്തിയ ജയരാജന്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി.ഡി. സതീശനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിറകെയാണ് റെയ്‌ഡെന്നും ജയരാജന്‍ പറഞ്ഞു.

‘തെരഞ്ഞെടുപ്പ് പരാജയത്തെത്തുടര്‍ന്ന് സി.പി.ഐ.എമ്മിനെയും ഇടതുപക്ഷത്തെയും തകര്‍ക്കാനുള്ള കൃത്യമായ ആസൂത്രണങ്ങളാണ് നടന്നിട്ടുള്ളത്. കഴിഞ്ഞ ദിവസമാണ് മോദിയും മേനോന്‍ സതീശനും തമ്മിലുള്ള കൂടിയാലോചന നടന്നത്. അതിന്റെ തൊട്ടടുത്ത ദിവസം പിണറായിയുടെ വീട്ടില്‍ റെയ്ഡ്. തിരുവന്തപുരത്തെ വാടക വീട്ടില്‍ റെയ്ഡ്. അതുപോലെ റിയാസിന്റെ വീട്ടില്‍ റെയ്ഡ്. ഇത് കൃത്യമായി ഒരു പ്ലാനിങ് ആണ്. ഒരു ഗ്രാന്‍ഡ് ഡിസൈന്‍. അത് സമൂഹം തിരിച്ചറിയും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ ജയരാജന്‍ പറഞ്ഞു

എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് ദല്‍ഹി ഹൈകോടതിയില്‍ ഒരു കേസ് നിലനില്‍ക്കുന്നുണ്ട്. ആ കേസില്‍ ആദ്യ ജഡ്ജിയെ മാറ്റി പുതിയ ജഡ്ജിയുടെ പരിഗണനയിലേക്ക് മാറ്റിയിരുന്നു. ആ കേസില്‍ വിധി പറയുന്നതിന് മുമ്പേ കേരള ഹൈക്കോടതിയില്‍ നിന്ന് അനുമതി വാങ്ങിച്ചാണ് ഇപ്പോള്‍ ഇ.ഡിയുടെ അന്വേഷണങ്ങളെന്നും ജയരാജന്‍ പറഞ്ഞു.

ഇ.ഡി എന്ന് പറയുന്നത് സംഘപരിവാരിന്റെ എക്‌സ്ട്രാ ഡിപ്പാര്‍ട്ട്‌മെന്റായിട്ടാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഇരകളാണ് കോണ്‍ഗ്രസ് നേതാക്കള്‍. സംഘപരിവാരിനെ എതിര്‍ക്കുന്ന എല്ലാ നേതാക്കളെയും കള്ളക്കേസില്‍ കുടുക്കാനുള്ള ഇതുപോലത്തെ ഹീനമായ ശ്രമങ്ങള്‍ ഇതിനകം മനസിലാക്കിയതാണ്. ആ ഹീനമായ ശ്രമത്തിന്റെ കേരളത്തിലെ പുതിയ അധ്യായമാണ് ഇപ്പോള്‍ ആരംഭിച്ചതെന്നും പി. ജയരാജന്‍ പറഞ്ഞു.

കേരളത്തെ സംഘപരിവാറിന് വിഴുങ്ങാനാവാത്തത് ഇടതുപക്ഷത്തിന്റെ ഉറച്ച നിലപാട് കാരണമാണ്. അതിനാല്‍ കേരളത്തില്‍ സി.പി.ഐ.എമ്മിനെ തകര്‍ക്കാനാണ് ബി.ജെ.പി നീക്കം. അതിനെ സഹായിക്കാന്‍ ഇടത് വിരുദ്ധ ജ്വരമുണ്ടാക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നു. അതിന്റെ ഭാഗമാണ് ഈ റെയ്‌ഡെന്നും സി.പി.ഐ.എം നേതാവ് അഭിപ്രായപ്പെട്ടു.

Content Highlight: CPIM Protest Against ED Raid at Pinarayi Vijayan Home. Comment From P Jayarajan

We use cookies to give you the best possible experience. Learn more