| Thursday, 28th November 2013, 7:57 pm

വിഭാഗീയതയോട് വിട്ട് വീഴ്ചയില്ലെന്ന് സി.പി.ഐ.എം പ്ലീനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]പാലക്കാട്: പാര്‍ട്ടിയിലെ വിഭാഗീയതയോട് വിട്ട് വീഴ്ച പാടില്ലെന്ന് പാലക്കാട് നടക്കുന്ന സി.പി.ഐ.എം പ്ലീനം. വിഭാഗീയത മൂലം കേരളത്തില്‍ പല സാദ്ധ്യതകളും വേണ്ട വിധം വിനിയോഗിക്കാനായില്ല.

പല കാര്യത്തിലും വീഴ്ച ഉണ്ടായി. കഴിഞ്ഞ കാലസംഭവങ്ങള്‍ അനുഭവമാക്കിയെടുത്ത്, അത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിതാന്ത ജാഗ്രത പുലര്‍ത്തണം. പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളും ഇക്കാര്യത്തില്‍ അതീവ ശ്രദ്ധ ചെലുത്തണം.

പാര്‍ട്ടി നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണ സംവിധാനത്തില്‍ കാലോചിതമായ മാറ്റം വരുത്താനും പ്ലീനത്തില്‍ തീരുമാനമായി. നേരത്തെ ഉണ്ടായിരുന്ന സംവിധാനത്തിനു പുറമേ ആധുനീക സാങ്കേതിക വൈദഗ്ധ്യം പ്രചാരണ രംഗത്ത് ഉപയോഗിക്കണം.

പാര്‍ട്ടി വിപുലീകരണത്തിന്റെ ഭാഗമായി പാര്‍ട്ടിയില്‍ വിദ്യാര്‍ഥികളെയും യുവജനങ്ങളെയും സ്ത്രീകളെയും കൂടുതല്‍ ഉള്‍പ്പെടുത്തണം. വിദ്യാര്‍ത്ഥി രാഷ്ട്രീയ രംഗത്ത് ശോഭിച്ച പല സഖാക്കളും പിന്നീട് പാര്‍ട്ടിയുടെ മുന്നണിയിലേക്ക് വരുന്നില്ല.

ഇത്തരം ആളുകളെ തുടര്‍ന്നും പാര്‍ട്ടിയില്‍  സജീവമാക്കാന്‍ ശ്രമിക്കണം. ഇതിനായി വിദ്യാര്‍ഥി, യുവജന രംഗത്ത് പാര്‍ട്ടി അംഗസംഖ്യ കൂട്ടാനുളള പരിപാടിക്ക് രൂപം കൊടുക്കാനും തീരുമാനിച്ചു.

സ്ത്രീകളുടെ അംഗത്വം വര്‍ധിപ്പിക്കാനുള്ള നടപടികളെടുക്കാനും പ്ലീനത്തില്‍ തീരുമാനമായി. ഇതിനായി പ്രാദേശികമായ ചേരുന്ന യോഗങ്ങളുടെ സമയം സ്ത്രീകള്‍ക്കു കൂടി പങ്കെടുക്കാന്‍ കഴിയുന്ന തരത്തില്‍ ക്രമീകരിക്കും. സ്ത്രീ അംഗ സംഖ്യ വര്‍ദ്ധിപ്പിക്കുന്ന വിധത്തില്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തനം നടത്തും.

പാര്‍ട്ടിക്ക് ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള സ്വാധീനം വര്‍ധിപ്പിക്കാനുള്ള പ്രത്യേക പരിപാടി സംസ്ഥാന നേതൃത്വം ആസൂത്രണം ചെയ്യണം. ന്യൂനപക്ഷ വിഭാഗങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കുന്നതിനായി പ്രത്യേക രേഖ തയ്യാറാക്കിയിട്ടുണ്ട്.

കേരള രാഷ്ട്രീയം നിര്‍ണായകമായ വഴിത്തിരിവിലാണെന്നും വലതുപക്ഷ രാഷ്ട്രീയവും യു.ഡി.എഫും ശിഥിലമായിക്കൊണ്ടിരിക്കുകയാണെന്നും പ്ലീനം വിലയിരുത്തി

We use cookies to give you the best possible experience. Learn more