| Monday, 22nd September 2025, 9:35 pm

അനില്‍കുമാറിന്റെ ഭാര്യയുടെ ചോദ്യത്തില്‍ വെട്ടിലായി, ബി.ജെ.പി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ തിരിഞ്ഞെന്ന് സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറും ബി.ജെ.പി നേതാവുമായ കെ. അനില്‍കുമാറിന്റെ മരണത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് സി.പി.ഐ.എം. അനില്‍കുമാറിന്റെ ആത്മഹത്യയെ തുടര്‍ന്ന് ബി.ജെ.പി നടത്തുന്ന പ്രചരണങ്ങള്‍ രക്ഷപ്പെടാനുള്ള പരവേശത്തിന്റെ ഭാഗമാണെന്നും മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടു.

ബി.ജെ.പി നേതാക്കളെയും പ്രവര്‍ത്തകരെയും താന്‍ സഹായിച്ചിട്ടുണ്ടെന്നും എന്നാല്‍ അവര്‍ പണം തിരിച്ചടക്കാത്തത് തന്നെ പ്രതിസന്ധിയിലാക്കിയെന്നും തന്റെ ആത്മഹത്യാക്കുറിപ്പില്‍ അനില്‍കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ ബാധ്യതകളും തന്റെ തലയില്‍ കെട്ടിവെച്ചതിനാല്‍ ഗത്യന്തരമില്ലാതെയാണ് ആത്മഹത്യ ചെയ്യേണ്ടി വന്നതെന്നും അനില്‍കുമാറിന്റെ കുറിപ്പില്‍ പറയുന്നുണ്ട്.

ബി.ജെ.പിക്കാരുടെ പണം തന്റെ സംസ്‌കാരത്തിന് വേണ്ട എന്ന സന്ദേശം നല്‍കാനാണ് മരണാനന്തരച്ചെലവുകള്‍ക്കായി അനില്‍കുമാര്‍ പണം കരുതിയതെന്ന് സി.പി.ഐ.എം എം.എല്‍.എ വി. ജോയ് ആരോപിച്ചു. ഫാം ടൂര്‍ സഹകരണ സംഘത്തിലെ ഇടപാടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടിട്ടുണ്ട്.

മരണവീട്ടിലെത്തിയ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനോടും മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരനോടും അനില്‍കുമാറിന്റെ ഭാര്യ ‘നിങ്ങളെല്ലാവരും കൂടെ കൊലക്ക് കൊടുത്തില്ലേ’ എന്ന് ചോദിച്ചത് പാര്‍ട്ടിയെ വെട്ടിലാക്കിയെന്നും വി. ജോയ് ആരോപിച്ചു.

പൊതുമധ്യത്തില്‍ ചോദിച്ച ചോദ്യത്തിന് പിന്നാലെ ബി.ജെ.പി നേതാക്കളുടെ സമനില തെറ്റിച്ചെന്നും മാധ്യമപ്രവര്‍ത്തകരുടെ നേരെ അവര്‍ തിരിയുകയാണെന്നും സി.പി.ഐ.എം കുറ്റപ്പെടുത്തി. അനില്‍കുമാറിന്റെ മരണത്തിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന വാദം പച്ചക്കള്ളമാണെന്നും എം.എല്‍.എ പറയുന്നു.

സംഘത്തില്‍ നിന്ന് വലിയ തുകകള്‍ വായ്പയെടുത്ത നേതാക്കള്‍ അത് തിരിച്ചടക്കാതെ വഞ്ചിച്ചതാണ് അനില്‍കുമാറിനെ മരണത്തിലേക്ക് നയിച്ചതെന്നും പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലാത്ത ബാങ്കില്‍നിന്ന് എങ്ങനെയാണ് നേതാക്കള്‍ക്ക് കോടികള്‍ അടിച്ചുമാറ്റാനാവുകയെന്നും വി. ജോയ് ചോദിക്കുന്നു.

Content Highlight: CPIM MLA V Joy saying enquire on Anilkumar’s Suicide

We use cookies to give you the best possible experience. Learn more