| Saturday, 10th October 2026, 1:06 pm

ജയില്‍ പോലെയുള്ള വാഹനം; മര്യാദയില്ലാതെ പൊലീസ് പെരുമാറുന്നു: ദല്‍ഹിയില്‍ കസ്റ്റഡിയിലായ സി.പി.ഐ.എം നേതാക്കള്‍

റെന്വര്‍ പി

ദല്‍ഹി: തങ്ങളോട് പൊലീസ് മര്യാദയില്ലാതെയാണ് പെരുമാറുന്നതെന്നും എന്താണ് തങ്ങള്‍ ചെയ്ത കുറ്റമെന്നും ദല്‍ഹിയില്‍ കസ്റ്റഡിയിലായ സി.പി.ഐ.എം നേതാക്കള്‍. ജയില്‍ പോലെ അറകളുള്ള വാഹനത്തിലാണ് തങ്ങളെ കൊണ്ടുപോവുന്നതെന്നും പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് ദല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനിരിക്കെയായിരുന്നു നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഒരു മണിക്കൂറോളം തങ്ങളെ നഗരത്തില്‍ റോന്ത് ചുറ്റിച്ച ശേഷം ഛത്രസാല്‍ സ്റ്റേഡിയത്തില്‍ എത്തിച്ചിരിക്കുകയാണ് പൊലീസ് ചെയ്തതെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി. പറഞ്ഞു. എന്താണ് ഞങ്ങള്‍ ചെയ്ത കുറ്റം എന്ന് അറിയില്ല. സാമാന്യ മര്യാദയില്ലാതെയാണ് പൊലീസ് പെരുമാറുന്നത്. ഫോട്ടോ എടുത്താല്‍ പേടിപ്പിക്കുന്ന അവസ്ഥയാണ്. ഇതാണ് ദല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയില്‍ എടുത്ത് ഞങ്ങളെ എങ്ങോട്ടോ കൊണ്ടുവന്നിരിക്കുകയാണെന്ന് എളമരം കരീം പറഞ്ഞു. 25-ഓളം പ്രവര്‍ത്തകര്‍ വാഹനത്തില്‍ ഉണ്ടായിരുന്നു. ബുരാരിയിലാണ് ഇപ്പോള്‍ ഞങ്ങളെ എത്തിച്ചിരിക്കുന്നതെന്നും അദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

സി.പി.എം നേതാക്കളൊക്കെ ഇവിടെ ഉണ്ട്. ഒരു മുറിയില്‍ കൊണ്ടുവന്ന് ഇരുത്തിയിരിക്കുകയാണ്. വളരെ മോശമായ നിലയിലാണ് പൊലീസ് പെരുമാറുന്നതെന്നും എളമരം കരീം പറഞ്ഞു.

പൊലീസിന്റെ ബലപ്രയോഗത്തില്‍ പലര്‍ക്കും പരിക്കേറ്റതായി പി. രാജീവ് പറഞ്ഞു. ഒരു മണിക്കൂറോളം ആയി വാഹനത്തില്‍. അറകളുള്ള വാഹനത്തിലൂടെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. എങ്ങോട്ടാണെന്ന് അറിയില്ല. പൊലീസ് സ്റ്റേഷനിലേക്കാണെന്നാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള ഹൗസില്‍നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോള്‍തന്നെ എല്ലാവരേയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ച്ചയായി ചുറ്റിക്കൊണ്ടിരിക്കുകയാണ്. ഒരു മണിക്കൂറോളമായി. നാല് അറകളാണ് വാഹനത്തില്‍ ഉള്ളത്. 15 പേരാണ് ഒപ്പം ഉള്ളതെന്നും പി. രാജീവ് പറഞ്ഞു.

പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ അടക്കമുള്ള നേതാക്കളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ ബേബി, ബാലഗോപാല്‍, എം.വി ഗോവിന്ദന്‍, പി.കെ ശ്രീമതി തുടങ്ങിയവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സി.പി.ഐ.എം എം.പിമാര്‍ അടക്കമുള്ളവരെ പൊലീസ് വലിച്ചിഴച്ച് കൊണ്ടുപോവുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പിണറായി വിജയന് നേര്‍ക്ക് പൊലീസ് ബലം പ്രയോഗിക്കാന്‍ ശ്രമിച്ചു. എന്നാല്‍ മറ്റ് നേതാക്കള്‍ ഇത് തടഞ്ഞു. എം.എ. ബേബി അടക്കമുള്ളവരെ പൊലീസ് ഉയര്‍ത്തി എടുത്ത് പൊലീസ് വാഹനങ്ങളില്‍ കയറ്റുന്നതായി സംഭവത്തിന്റെ വീഡിയോകളില്‍ കാണാം.

ദല്‍ഹി കേരള ഹൗസില്‍ നിന്ന് ജന്തര്‍ മന്തറിലേക്ക് മാര്‍ച്ച് നടത്തുന്നതിനിടെയാണ് സി.പി.ഐ.എം നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേരള ഹൗസില്‍ നിന്ന് പുറത്തിറങ്ങിയ നേതാക്കളെ പൊലീസ് ഉടന്‍ തന്നെ വളയുകയായിരുന്നു.

Content Highlight: CPIM Leaders about Detention by Delhi  Police on Jantar Mantar Protest Day

 
റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more