| Friday, 12th June 2026, 4:31 pm

സ്വന്തം പൗരരുടെ ജീവന്‍ നഷ്ടപ്പെടുമ്പോഴും അമേരിക്കയോട് ലജ്ജാകരമായ വിധേയത്വം; യു.എസ് ആക്രമണങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് പിണറായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒമാന്‍ ഉള്‍ക്കടലില്‍ യു.എസ് ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാത്തതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സി.പി.ഐ.എം നേതാവും കേരളത്തിന്റെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍.

സ്വന്തം പൗരന്മാരുടെ ജീവന്‍ നഷ്ടപ്പെടുമ്പോഴും അമേരിക്കയോടുള്ള ലജ്ജാകരമായ വിധേയത്വം അവസാനിപ്പിച്ച് കൂടുതല്‍ നിശിതമായ വിമര്‍ശനത്തിനോ കര്‍ശനമായ നടപടികള്‍ക്കോ കേന്ദ്ര സര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.

ഈ വിഷയത്തിലുള്ള പ്രതികരണം കേവലമൊരു പ്രതിഷേധത്തില്‍ മാത്രം ഒതുങ്ങാന്‍ പാടില്ല. ഇന്ത്യന്‍ നാവികരുടെ ജീവന്‍ നഷ്ടപ്പെട്ട സംഭവത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ അമേരിക്കയോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടണമെന്ന് പിണറായി പറഞ്ഞു.

‘പശ്ചിമേഷ്യയിലെ അമേരിക്കന്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കാനും, ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള ഉപരോധം പിന്‍വലിച്ച് സ്വതന്ത്രമായ കപ്പല്‍ ഗതാഗതം ഉറപ്പാക്കാനും അമേരിക്കയ്ക്ക് മേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടേണ്ടതുണ്ട്,’ പിണറായി വ്യക്തമാക്കി. ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവം വേദനിപ്പിക്കുന്നതാണെന്നും സി.പി.ഐ.എം നേതാവ് അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ നാവികര്‍ക്കെതിരായ യു.എസ് ആക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം പാലിക്കുന്നതില്‍ രാജ്യത്തെ മറ്റ് പ്രതിപക്ഷ കക്ഷികളും വിമര്‍ശനം ഉന്നയിച്ചിരുന്നു.

ഇന്ത്യന്‍ നാവികരുടെ മരണങ്ങളില്‍ ഇറാന്‍ അപലപിച്ചെന്നും ഇന്ത്യയ്ക്ക് ഇതുപോലെ ഒരു ദുര്‍ബലനായ പ്രധാനമന്ത്രി മുന്‍പുണ്ടായിട്ടില്ലെന്നും കോണ്‍ഗ്രസിന്റെ തൃപുര ഘടകം അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ ആക്രമണങ്ങളെ ‘സായുധ കൊള്ള’ എന്നും കടല്‍ക്കൊള്ള’ എന്നും വിശേഷിപ്പിച്ച് ഇറാന്‍ അപലപിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം.

അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തെ തൊഴിലാളികളുടെയും പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് എ.ഐ.എം.ഐ.എം അധ്യക്ഷനും എം.പിയുമായ അസദുദ്ദീന്‍ ഒവൈസി കുറ്റപ്പെടുത്തിയിരുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു ഒവൈസിയുടെ പ്രതികരണം. ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ സമയം കണ്ടെത്തുന്ന പ്രധാനമന്ത്രിക്ക്, യു.എസ് ആക്രമണത്തില്‍ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട സംഭവത്തെ അപലപിക്കാന്‍ പോലും സമയമില്ലെന്ന് ഒവൈസി വിമര്‍ശിച്ചു.

ഇന്ത്യയുടെ ചരിത്രത്തില്‍ ഇത്രയും ദുര്‍ബലമായ ഒരു സര്‍ക്കാര്‍ ഉണ്ടായിട്ടുണ്ടോ എന്ന് ഒവൈസി ചോദിച്ചു. വിദേശ മണ്ണില്‍ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഭരണകൂടത്തിന് വീഴ്ച പറ്റി എന്നതിന് മറ്റ് ഉദാഹരണങ്ങളും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സ്വന്തം പൗരന്മാരുടെ ജീവന്‍ നഷ്ടപ്പെടുമ്പോഴും അമേരിക്കയോടുള്ള ലജ്ജാകരമായ വിധേയത്വം അവസാനിപ്പിച്ച് കൂടുതല്‍ നിശിതമായ വിമര്‍ശനത്തിനോ കര്‍ശനമായ നടപടികള്‍ക്കോ കേന്ദ്ര സര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ല. ഈ വിഷയത്തിലുള്ള പ്രതികരണം കേവലമൊരു പ്രതിഷേധത്തില്‍ മാത്രം ഒതുങ്ങാന്‍ പാടില്ല.

ഇന്ത്യന്‍ നാവികരുടെ ജീവന്‍ നഷ്ടപ്പെട്ട സംഭവത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ അമേരിക്കയോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടണം. പശ്ചിമേഷ്യയിലെ അമേരിക്കന്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കാനും, ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള ഉപരോധം പിന്‍വലിച്ച് സ്വതന്ത്രമായ കപ്പല്‍ ഗതാഗതം ഉറപ്പാക്കാനും അമേരിക്കയ്ക്ക് മേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടേണ്ടതുണ്ട്.

Content Highlight: CPIM leader pinarayi Vijayan Criticize union government on not taking adequate action on US killing of 3 Indian seamen

Latest Stories

We use cookies to give you the best possible experience. Learn more