| Wednesday, 30th September 2026, 9:33 pm

'നമ്പൂതിരി മുതല്‍ നസ്രാണി വരെ' എന്ന വാദം മുസ് ലിങ്ങളെ ഒഴിവാക്കുന്നത്; വെള്ളാപ്പള്ളിക്കെതിരെ പി. ജയരാജന്‍

റെന്വര്‍ പി

കൊച്ചി: നമ്പൂതിരി മുതല്‍ നസ്രാണി വരെ എന്ന വാദത്തില്‍ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിമര്‍ശിച്ച് സി.പി.ഐ.എം നേതാവ് പി. ജയരാജന്‍. സി. കേശവന്‍ എസ്.എന്‍.ഡി.പിക്ക് നേതൃത്വം നല്‍കിയിരുന്ന കാലത്ത് ഈഴവര്‍ ഹിന്ദു എന്ന് അറിയപ്പെടാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും എന്നാല്‍ ഇപ്പോഴത്തെ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഇതില്‍ നിന്നും എത്രയോ ദൂരെയാണെന്നും ജയരാജന്‍ അഭിപ്രായപ്പെട്ടു.

മുസ്‌ലിങ്ങളെ ഒഴിവാക്കുന്ന നിലപാടാണ് വെള്ളാപ്പള്ളിയുടേതെന്നും ഹിന്ദു ഏകീകരണത്തിന്റെ ഭാഗമായിട്ട് ക്രൈസ്തവര്‍ വരെ ആവാം എന്നാണ് വെള്ളാപ്പള്ളി പറയുന്നതെന്നും ജയരാജന്‍ അഭിപ്രായപ്പെട്ടു. കൊച്ചിയില്‍ ഒരു പുസ്തക ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വെള്ളാപ്പള്ളി പറയുന്നത് എന്താ നായാടി മുതല്‍ നമ്പൂതിരി വരെ മാത്രം പോരാ നായാടി മുതല്‍ നസ്രാണി വരെ യോജിക്കണം എന്നാണ്. മുസ് ലിങ്ങളെ ഒഴിവാക്കും എന്നാണ്.

1924 ല്‍ സര്‍വമത സമ്മേളനം നടത്തിയിട്ടുള്ള ശ്രീനാരായണ ഗുരു പരമാധ്യക്ഷനായ എസ്.എന്‍.ഡി.പി യോഗത്തിന്റെ ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി പറയുന്നത് ഹിന്ദു ഏകീകരണത്തിന്റെ ഭാഗമായിട്ട് നസ്രാണി കൂടി ആവാം എന്നാണ്. നസ്രാണിക്ക് ഒരു പ്രമോഷന്‍ കൊടുത്തിരിക്കുകയാണ്. എന്നാല്‍ മുസ്‌ലിം പറ്റില്ല,’ ജയരാജന്‍ പറഞ്ഞു.

വെള്ളാപ്പള്ളി സ്വന്തം ലാഭത്തിന് വേണ്ടി പല വേഷം കെട്ടുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ പിണറായി സര്‍ക്കാരില്‍ വെള്ളാപ്പള്ളി നവോത്ഥാന സമിതി അധ്യക്ഷനായത് അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ജയരാജന്റെ പ്രതികരണം.

‘എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നവോത്ഥാന സമിതിയുടെ അധ്യക്ഷനാവുക. മകനെ രാജ്യത്തിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടുള്ള ഒരു സംഘടനയുടെ ഒരു പാര്‍ട്ടിയുടെ ഭാഗമാക്കുക. അതിന്റെ സംസ്ഥാന അധ്യക്ഷനാക്കുക.

ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഭാഗമായി ആലപ്പുഴയില്‍ മത്സരിരിക്കുന്ന സ്ഥാനാര്‍ത്ഥി ഈഴവ സ്ഥാനാര്‍ത്ഥിയാണെന്ന് ഭാര്യയെ കൊണ്ട് പ്രഖ്യാപിക്കുക. ഉദരനിമിത്തം ബഹുകൃതവേഷം എന്നതാണ് ശരിയായിട്ടുള്ള വിശേഷണം,’ സി.പി.ഐ.എം നേതാവ് പറഞ്ഞു.

ഇത് ശ്രീനാരായണീയരായിട്ടുള്ള ആളുകള്‍ തന്നെ ഗൗരവപൂര്‍വ്വം ആലോചിക്കേണ്ട വിഷയമാണ്. നടേശനല്ല ആരായാലും പുനരുത്ഥാനത്തിനു വേണ്ടിയുള്ള വാദങ്ങള്‍ മുന്നോട്ടു വെക്കുമ്പോള്‍ അതിനെ എതിര്‍ക്കാനുള്ള ശക്തമായിട്ടുള്ള നിലപാട് ഉണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശോഭായാത്ര മറ്റ് സംസ്ഥാനങ്ങളില്‍ ഇല്ലാത്തതെന്തുകൊണ്ട്

ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ കേരളത്തില്‍ നടക്കുന്ന ശോഭയാത്ര മറ്റ് സംസ്ഥാനങ്ങളില്‍ നടക്കുന്നില്ലെന്നും പി. ജയരാജന്‍ പറഞ്ഞു. 1977ല്‍ മാത്രമാണ് കേരളത്തില്‍ ഇത്തരത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷം നടത്താന്‍ ആരംഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഈ സെപ്റ്റംബര്‍ മാസം ആദ്യവാരം കേരളത്തിലെ തെരുവോരങ്ങള്‍ ഒരു ഘോഷയാത്ര കണ്ടു, ശോഭാത്ര. ഈ ശോഭാത്ര അത് ശ്രീകൃഷ്ണനിലുള്ള വിശ്വാസത്തിന്റെ ഭാഗമാണെങ്കില്‍ എന്തേ കേരളത്തിന് വെളിയില്‍ നടത്താത്തത് ഈ ചോദ്യം ചോദിക്കണ്ടേ നമ്മള്‍.

ഈ ശ്രീകൃഷ്ണ ജയന്തി ദിവസം ശോഭായാത്ര നടത്തുന്ന ബാലഗോകുലത്തിന്റെ വെബ് സൈറ്റില്‍ കാണുന്നത് ഇത് 1977ന് ശേഷം മാത്രമാണെന്നാണ്. 1977ന് മുമ്പ് ഈ നാട്ടില്‍ ശ്രീകൃഷ്ണ വിശ്വാസമില്ലേ. ശ്രീകൃഷ്ണ ക്ഷേത്രം നമ്മുടെ നാട്ടിലുണ്ട്. ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ ശ്രീകൃഷ്ണ ജയന്തി ദിനമായിട്ട് കണക്കാക്കപ്പെടുന്ന അഷ്ടമിരോഹിണി ദിവസം പ്രത്യേകമായിട്ടുള്ള പൂജകള്‍ എത്രയോ ദശകങ്ങളായി നടന്നുവരുന്നുണ്ട്. ആരും പ്രശ്‌നമാക്കിയില്ല. അത് വിശ്വാസത്തിന്റെ ഭാഗമാണ്.

എന്നാല്‍ ആ വിശ്വാസത്തിന്റെ ഭാഗമായിട്ടുള്ള അഷ്ടമിരോഹണിയെ ആ ദിവസം ശോഭാത്രകള്‍ നടത്തിക്കൊണ്ട് അത് ഒരു രാഷ്ട്രീയ പദ്ധതിയാക്കി മാറ്റുക. കേരളത്തിന് വെളിയില്‍ എവിടെയും അതില്ല. ഇത് സംഘടിപ്പിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താക്കള്‍ ഇതിന് മറുപടി പറയണം,’ ജയരാജന്‍ ആവശ്യപ്പെട്ടു.

എന്തേ കേരളത്തിന് വെളിയില്‍ ശ്രീകൃഷ്ണ വിശ്വാസികള്‍ ഇല്ലേയെന്നും അദ്ദേഹം ചോദിച്ചു. എന്താണ് അവിടെയൊന്നും ശോഭാത്ര നടത്താത്തത്. എന്താ കേരളത്തില്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തെ കീഴ്‌പ്പെടുത്താനുള്ള ഹിന്ദുത്വ രാഷ്ട്രീയ പദ്ധതിയുടെ ഭാഗമാണത്. 1977ല്‍ കോഴിക്കോട് തളി സാമൂതിരി ഹൈസ്‌കൂളില്‍ നിന്ന് തുടങ്ങി നഗരം ചുറ്റി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ സമാപിച്ച അന്നത്തെ പരിപാടിയാണ് ആദ്യത്തെ ശോഭായാത്ര. പിന്നെ ഇത് ക്ലച്ച് പിടിക്കുമെന്ന് കണ്ടിട്ട് കേരളത്തിന്റെ മറ്റ് നഗരങ്ങളിലും അതിന്റെ പുതിയ പുതിയ പതിപ്പുകള്‍ പ്രത്യക്ഷപ്പെടുത്തുകയായിരുന്നു എന്നതാണ് ചരിത്രം. ചരിത്രത്തെ നമ്മള്‍ ശരിയായിട്ട് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: CPIM Leader P Jayarajan’s Remarks Against SNDP Leader Vellappalli Natesan

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more