| Sunday, 13th September 2026, 6:48 pm

സി.പി.ഐ.എം നേതാവ് ബേബി ജോണ്‍ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: മുതിര്‍ന്ന സി.പി.ഐ.എം നേതാവ് ബേബി ജോണ്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. ദീര്‍ഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2006 ജൂലൈയിലാണ് അദ്ദേഹം ജില്ലാ സെക്രട്ടറിയായത്. 1986ല്‍ ജില്ലാ കമ്മിറ്റിയംഗമായ അദ്ദേഹം 97ല്‍ ജില്ലാ സെക്രട്ടറിയറ്റിലും ഉള്‍പ്പെട്ടു.

2011 നിയമസഭ തെരഞ്ഞെടുപ്പില്‍ മണലൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. സി.ഐ.ടി.യു തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു. കെ.എസ്.എഫ് ചാവക്കാട് താലൂക്ക് പ്രസിഡന്റായി ഏഴുവര്‍ഷത്തോളം പ്രവര്‍ത്തിച്ചിരുന്നു. ബീഡിത്തൊഴിലാളി യൂണിയന്റെ ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേരള ബീഡി ആന്‍ഡ് സിഗാര്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, മത്സ്യത്തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി, ചാവക്കാട് മേഖലാ ചെത്തുതൊഴിലാളി യൂണിയന്‍ പ്രസിഡന്റ്, തൃശൂര്‍ ജില്ലാ ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മണലൂര്‍ തൈക്കാട് ചക്രമാക്കില്‍ അന്തോണിയുടെയും മേരിയുടെയും മകനായി 1952ലാണ് ബേബി ജോണ്‍ ജനിച്ചത്. 1969മുതല്‍ ഇടതുപക്ഷവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. 1971ല്‍ പാര്‍ട്ടി അംഗമായി. പാലുവായ് ബ്രാഞ്ച് സെക്രട്ടറി, തൈക്കാട്, ചാവക്കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. 1984മുതല്‍ 97വരെ ചാവക്കാട് ഏരിയ സെക്രട്ടറിയായി. 1991ല്‍ മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു,

അടിയന്തരാവസ്ഥയില്‍ രണ്ടരമാസം ജയിലിലായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഡി.ഐ.ആര്‍ പ്രകാരം രണ്ടുതവണ അറസ്റ്റിലായിരുന്നു.

1980ല്‍ ചാവക്കാട് നഗരസഭയിലെ കൗണ്‍സിലറും ആദ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായി. 88-ലും കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടു.

പരേതയായ ഷീലയാണ് ഭാര്യ. മാനവന്‍, ഹിമവാന്‍, അംഗന എന്നിവരാണ് മക്കള്‍.

Content Highlight: CPIM Leader Baby John Master Passes Away

We use cookies to give you the best possible experience. Learn more