| Sunday, 7th June 2026, 5:16 pm

സര്‍വകലാശാല കാവിവല്‍ക്കരിക്കുന്ന ഗവര്‍ണര്‍ക്ക് യു.ഡി.എഫ് സര്‍ക്കാര്‍ മൗനാനുവാദം നല്‍കുന്നത് അപകടകരം: അഡ്വ. മുഹമ്മദ് റിയാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: എം.ജി. സര്‍വകലാശാലയില്‍ സെനറ്റിലേക്ക് ബി.ജെ.പി-ആര്‍.എസ്.എസ് ബന്ധമുള്ളവരെ നാമനിര്‍ദേശം ചെയ്ത ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ നടപടിയെ വിമര്‍ശിച്ച് സി.പി.ഐ.എം നേതാവ് അഡ്വ. പി.എ. മുഹമ്മദ് റിയാസ്. മാനദണ്ഡങ്ങളും ചട്ടങ്ങളും ലംഘിച്ചുകൊണ്ട് സംഘപരിവാര്‍ അനുകൂലികളെ കുത്തിനിറച്ച ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നടപടിയില്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ മൗനാനുവാദം അപകടകരമാണെന്നും റിയാസ് അഭിപ്രായപ്പെട്ടു.

സര്‍വകലാശാലകളുടെ കാവിവല്‍ക്കരണത്തിനെതിരായ പോരാട്ടം കേരളത്തിന്റെ ഭാവിയെ സംരക്ഷിക്കാനുള്ള പോരാട്ടമാണ്.ഇത്തരം വിഷയങ്ങളില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ച ശക്തമായ പ്രതിരോധവും മതനിരപേക്ഷ നിലപാടും ഇന്ന് ഏറെ പ്രസക്തമാവുകയാണെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അദ്ധേഹം അഭിപ്രായപ്പെട്ടു.

യു.ഡി.എഫ് മതനിരപേക്ഷ വോട്ടുകള്‍ വാങ്ങി അധികാരത്തിലെത്തി സംഘപരിവാര്‍ അജണ്ടയ്ക്ക് മുന്നില്‍ കീഴടങ്ങുന്നത് ജനവിധിയോടുള്ള വെല്ലുവിളിയാണെന്നും മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. യു.ഡി.എഫിന് വോട്ട് ചെയ്ത അനേകം മതനിരപേക്ഷ മനസുകളും ഈ വിഷയത്തില്‍ സി.പി.ഐ.എം ഉയര്‍ത്തുന്ന നിലപാടിനൊപ്പമാണെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘സര്‍വകലാശാലകള്‍ മതവര്‍ഗീയ പ്രസ്ഥാനങ്ങളുടെ പരീക്ഷണശാലകളല്ല. സ്വതന്ത്ര ചിന്തയുടെ ഇടങ്ങളാണ്. ശാസ്ത്രീയ അന്വേഷണത്തിന്റെ കേന്ദ്രങ്ങളാണ്. മതനിരപേക്ഷ മൂല്യങ്ങളുടെ കാവലാണ്. അതുകൊണ്ടുതന്നെ സര്‍വകലാശാലകളുടെ കാവിവല്‍ക്കരണത്തിനെതിരായ പോരാട്ടം കേരളത്തിന്റെ ഭാവിയെ സംരക്ഷിക്കാനുള്ള പോരാട്ടമാണ്,’ റിയാസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇത് കേരളത്തിന്റെ മതനിരപേക്ഷ മനസ്സും സംഘപരിവാര്‍ അജണ്ടയും തമ്മിലുള്ള പോരാട്ടമാണെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.

എം.ജി സര്‍വകലാശാല സെനറ്റില്‍ മാനദണ്ഡങ്ങളും ചട്ടങ്ങളും ലംഘിച്ചുകൊണ്ട് സംഘപരിവാര്‍ അനുകൂലികളെ കുത്തിനിറച്ച ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നടപടിക്കെതിരെ യു.ഡി.എഫ് സര്‍ക്കാരിന്റെ മൗനാനുവാദം അപകടകരമാണ്. 30 അംഗ സെനറ്റില്‍ ബി.ജെ.പി ദേശീയസമിതി അംഗം ഉള്‍പ്പെടെ 19 സംഘപരിവാറുകാരെയാണ് തിരുകിക്കയറ്റിയത്. നേരത്തെ എംജി സര്‍വകലാശാല വൈസ് ചാന്‍സലറായി കുസാറ്റിലെ ബി.ജെ.പി അനുകൂല അദ്ധ്യാപക സംഘടനാ നേതാവിനെ ഗവര്‍ണര്‍ നിയമിച്ചപ്പോഴും നിലപാട് പറയാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായില്ലെന്നും റിയാസ് ചൂണ്ടിക്കാട്ടി.

താത്കാലിക വി.സി നിയമനത്തിനുള്ള പാനല്‍ നല്‍കാന്‍ പോലും സര്‍ക്കാര്‍ ശ്രമിച്ചില്ല എന്നത് ഗൗരവകരമായ വീഴ്ചയായിരുന്നു. നിയമസഭ പ്രസംഗത്തില്‍ ഈ വിഷയം ഉന്നയിച്ചിരുന്നു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും മറുപടി ലഭിച്ചിരുന്നില്ലന്നും റിയാസ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

സര്‍വകലാശാലകള്‍ മതവര്‍ഗീയ പ്രസ്ഥാനങ്ങളുടെ പരീക്ഷണശാലകളല്ല. അവ സ്വതന്ത്ര ചിന്തയുടെ ഇടങ്ങളാണ്…

ശാസ്ത്രീയ അന്വേഷണത്തിന്റെ കേന്ദ്രങ്ങളാണ്. മതനിരപേക്ഷ മൂല്യങ്ങളുടെ കാവലാണ്. അതുകൊണ്ടുതന്നെ സര്‍വകലാശാലകളുടെ കാവിവല്‍ക്കരണത്തിനെതിരായ പോരാട്ടം കേരളത്തിന്റെ ഭാവിയെ സംരക്ഷിക്കാനുള്ള പോരാട്ടമാണ്…

എംജി സര്‍വകലാശാല സെനറ്റില്‍ മാനദണ്ഡങ്ങളും ചട്ടങ്ങളും ലംഘിച്ചുകൊണ്ട് സംഘപരിവാര്‍ അനുകൂലികളെ കുത്തിനിറച്ച ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നടപടിക്കെതിരെ യുഡിഎഫ് സര്‍ക്കാരിന്റെ മൗനാനുവാദം അപകടകരമാണ്.

30 അംഗ സെനറ്റില്‍ ബിജെപി ദേശീയസമിതി അംഗം ഉള്‍പ്പെടെ 19 സംഘപരിവാറുകാരെയാണ് തിരുകിക്കയറ്റിയത്.
നേരത്തെ എംജി സര്‍വകലാശാല വൈസ് ചാന്‍സലറായി കുസാറ്റിലെ ബിജെപി അനുകൂല അദ്ധ്യാപക സംഘടനാ നേതാവിനെ ഗവര്‍ണര്‍ നിയമിച്ചപ്പോഴും നിലപാട് പറയാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായില്ല.

താല്‍ക്കാലിക വിസി നിയമനത്തിനുള്ള പാനല്‍ നല്‍കാന്‍ പോലും സര്‍ക്കാര്‍ ശ്രമിച്ചില്ല എന്നത് ഗൗരവകരമായ വീഴ്ചയായിരുന്നു.

നിയമസഭ പ്രസംഗത്തില്‍ ഈ വിഷയം ഉന്നയിച്ചിരുന്നു.സര്‍ക്കാരിന്റെ ഭാഗത്തുനിന്നും മറുപടി ലഭിച്ചിരുന്നില്ല.

ഇത്തരം വിഷയങ്ങളില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ച ശക്തമായ പ്രതിരോധവും മതനിരപേക്ഷ നിലപാടും ഇന്ന് ഏറെ പ്രസക്തമാവുകയാണ്.

മതനിരപേക്ഷ വോട്ടുകള്‍ വാങ്ങി അധികാരത്തിലെത്തി, സംഘപരിവാര്‍ അജണ്ടയ്ക്ക് മുന്നില്‍ കീഴടങ്ങുന്നത് ജനവിധിയോടുള്ള വെല്ലുവിളിയാണ്.

യു.ഡി.എഫിന് വോട്ട് ചെയ്ത അനേകം മതനിരപേക്ഷ മനസ്സുകളും ഈ വിഷയത്തില്‍ ഞങ്ങള്‍ ഉയര്‍ത്തുന്ന നിലപാടിനൊപ്പമാണെന്ന് ഉറപ്പുണ്ട്.

ഇത് കേരളത്തിന്റെ മതനിരപേക്ഷ മനസ്സും സംഘപരിവാര്‍ അജണ്ടയും തമ്മിലുള്ള പോരാട്ടമാണ്.

-പി എ മുഹമ്മദ് റിയാസ്

Content Highlight: CPIM Leader Adv. P.A Muhammed Riyas Against Governor on Putting Pro BJP People in Universities

Latest Stories

We use cookies to give you the best possible experience. Learn more