| Wednesday, 27th May 2026, 7:43 am

ജീവനക്കാരുടെ സ്ഥലംമാറ്റം: പ്രതികാര നടപടികള്‍ അവസാനിപ്പിക്കണമെന്ന്‌ സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ ഉള്‍പ്പെടെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത് അടക്കമുള്ള നടപടികളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ്. സംസ്ഥാന സര്‍ക്കാരിന്റെ പ്രതികാര നടപടികളുടെ ഭാഗമാണ് സസ്‌പെന്‍ഷന്‍ എന്ന് പാര്‍ട്ടി അഭിപ്രായപ്പെട്ടു. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റയുടനെ ആരംഭിച്ചിരിക്കുന്ന പ്രതികാര നടപടികള്‍ അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

യു.ഡി.എഫ് മന്ത്രിസഭ അധികാരമേല്‍ക്കുന്നതിന് മുമ്പ് തന്നെ ഇത്തരം പ്രതികാര നടപടികള്‍ ആരംഭിച്ചിരുന്നുവെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. വലതുപക്ഷ യൂണിയനുകളുടെ ലെറ്റര്‍ പാഡിലെഴുതിയ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ജീവനക്കാരെ സ്ഥലം മാറ്റുന്ന നിലയുണ്ടായെന്നും അതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുവന്നതുമാണെന്നും പാര്‍ട്ടിയുടെ പ്രസ്താവനയില്‍ പറയുന്നു.

ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാനാവാതെ പോകുന്ന സാഹചര്യത്തില്‍ അതില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതിനുവേണ്ടിയാണ് സര്‍ക്കാര്‍ ഇത്തരം നടപടികള്‍ സ്വീകരിക്കുന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിച്ചു.

പിണറായിയുടെ ഗണ്‍മാന്‍ അടക്കമുള്ള പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തത് പ്രതികാര നടപടിയുടെ ഭാഗമാണെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തുന്നു. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള മന്ത്രിമാര്‍ സഞ്ചരിച്ച വാഹനം ആക്രമിക്കാന്‍ ശ്രമിച്ചവരെ പിന്തിരിപ്പിക്കുന്നതിന്റെ ഭാഗമായി ഉത്തരാവദിത്വം നിര്‍വഹിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി ഇതിന്റെ ഭാഗമാണ്. സര്‍ക്കാര്‍ മാറിവരുമ്പോള്‍ ഇത്തരം വിഷയങ്ങളെ രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കുന്നത് ഒട്ടും ഉചിതമല്ലെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

‘നവകേരള സദസ്സിനോടും, എല്‍.ഡി.എഫ് സര്‍ക്കാരിനോടും രാഷ്ട്രീയമായി വിയോജിക്കാം, ജനാധിപത്യപരമായ പ്രതിഷേധങ്ങളുമാവാം. എന്നാല്‍, അത്തരത്തിലൊന്നായിരുന്നില്ല അവിടെ നടന്നത്. മുഖ്യമന്ത്രിക്ക് ഇസെഡ് കാറ്റഗറിയിലുള്ള സുരക്ഷ നിശ്ചയിക്കുന്നത് സംസ്ഥാന സര്‍ക്കാരല്ല. സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പൈലറ്റും എസ്‌കോര്‍ട്ടും മാത്രം മതിയെന്ന് തീരുമാനമെടുത്തതാണ്. പിന്നീട്, ഐ.ബിയുടെ നിര്‍ദേശത്തിലാണ് ഇസെഡ് കാറ്റഗറിയുള്ള സുരക്ഷ ഏര്‍പ്പെടുത്തുന്നത്,’ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവനയില്‍ പറയുന്നു.

2023 ഡിസംബറില്‍ ആലപ്പുഴയില്‍ വെച്ചായിരുന്നു നവകേരള യാത്രയ്ക്കിടെ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റത്. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ സഞ്ചരിച്ച ബസിന് നേരെ പ്രതിഷേധിച്ച കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അകമ്പടി വാഹനത്തില്‍ നിന്നിറങ്ങിയ ഗണ്‍മാനും സംഘവും ലാത്തി ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു. അന്ന് മര്‍ദ്ദനമേറ്റ കെ.എസ്.യു ജില്ലാ പ്രസിഡന്റ് എ.ഡി. തോമസ് നിലവില്‍ ആലപ്പുഴയില്‍ നിന്നുള്ള എം.എല്‍.എയാണ്.

സംസ്ഥാന സര്‍ക്കാര്‍ പൊലീസിനേയും രാഷ്ട്രീയ താല്‍പര്യത്തോടെ ഉപയോഗിക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എസ്.എഫ്.ഐക്കാര്‍ക്കെതിരെ നടന്ന ആക്രമണങ്ങളിലൂടെ വ്യക്തമാകുന്നതെന്നു സി.പി.ഐ.എം സംസ്ഥാന സെക്രട്ടറേിയേറ്റ് അഭിപ്രായപ്പെട്ടു.

‘യൂണിവേഴ്സിറ്റി യൂണിയന്‍ ഇലക്ഷന്‍ വിജയിച്ചതിനെ തുടര്‍ന്ന് എസ്.എഫ്.ഐ നടത്തിയ ആഹ്ലാദ പ്രകടനത്തെ കെ.എസ്.യുക്കാര്‍ ആക്രമിക്കുകയായിരുന്നു. അക്രമികളെ തുരത്തുന്നതിന് പകരം എസ്.എഫ്.ഐ പ്രവര്‍ത്തകരെ ഭീകരമായി മര്‍ദിക്കുകയുമാണ് ചെയ്ത്. മര്‍ദ്ദനത്തില്‍ ആശുപത്രിയിലായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ വിലിയ വകുപ്പുകള്‍ ചേര്‍ത്ത് കേസുകള്‍ എടുത്തിരിക്കുകയാണെ്,’ സി.പി.ഐ.എം പ്രസ്താവനയില്‍ പറഞ്ഞു.

അധികാരമേറ്റാല്‍ ഉടന്‍ തന്നെ നടപ്പിലാക്കുമെന്ന് പറഞ്ഞ വാഗ്ദാനങ്ങളൊന്നും തന്നെ സംസ്ഥാന സര്‍ക്കാരിന് നടപ്പിലാക്കാനാവുന്നില്ലെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി. എറണാകുളം പാരിയത്തുകാവിലെ കുടിയൊഴിപ്പിക്കല്‍ ശ്രമത്തെക്കുറിച്ചും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവനയില്‍ പറയുന്നു. സര്‍ക്കാരിന്റെ നയം എങ്ങോട്ട് പോകുന്നുവെന്നതിന്റെ മറ്റൊരു തെളിവാണ് ആ സംഭവമെന്നും പാര്‍ട്ടി പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

‘എറണാകുളത്ത് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരെ കുടിയൊഴിപ്പിക്കുന്നതിനുള്ള ഇടപെടലാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. സി.പി.ഐ.എം ഉള്‍പ്പെടെ നടത്തിയ് ഇടപെടല്‍ കാരണമാണ് അത് നടക്കാതെ പോയത്,’ പ്രസ്താവനയില്‍ പറയുന്നു.

യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റാല്‍ ഉടന്‍ തന്നെ നടപ്പിലാക്കുമെന്ന് പറഞ്ഞ വാഗ്ദാനങ്ങളൊന്നും തന്നെ സംസ്ഥാന സര്‍ക്കാരിന് നടപ്പിലാക്കാനാവുന്നില്ലെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി. ഖജനാവ് കാലിയാണെന്ന് പറഞ്ഞ് നടന്നവരാകട്ടെ 6,000 കോടിയോളം രൂപ ഖജനാവിലുണ്ട് എന്ന കാര്യം പുറത്തുവന്നതോടെ വായ അടഞ്ഞുപോയിരിക്കുകയാണെന്നും സി.പി.ഐ.എമ്മിന്റെ പ്രസ്താവനയില്‍ പറയുന്നു.

Content Highlight: CPIM Kerala State Secretariat Response on UDF Government Action against  Five policemen on case related to beating up KSU and Youth Congress workers during the Nava Kerala Yatra.

We use cookies to give you the best possible experience. Learn more