| Thursday, 25th September 2025, 9:00 pm

ഷാഫിക്കെതിരെ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയുടെത് ആരോപണമല്ല, അധിക്ഷേപം; അറസ്റ്റു ചെയ്യണമെന്ന് വി.ഡി സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: ഷാഫി പറമ്പില്‍ എം.പിക്കെതിരെ പരാമര്‍ശം നടത്തിയ സി.പി.ഐ.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബുവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. സി.പി.ഐ.എം ജില്ലാ സെക്രട്ടറി നടത്തിയത് ആരോപണമല്ല, അധിക്ഷേപമാണെന്നും വി.ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്നുകൊണ്ട് എന്തും വിളിച്ചു പറയുകയാണ്. ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും സുരേഷ് ബാബുവിനെ പുറത്താക്കാന്‍ സി.പി.ഐ.എം തയ്യാറാകണം. അധിക്ഷേപത്തിനെതിരായ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്യണമെന്നും വി.ഡി സതീശന്‍ പീച്ചിയില്‍ പറഞ്ഞു.

തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിക്കെതിരെ പരസ്യമായി അസംബന്ധവും അസഭ്യവുമാണ് പറഞ്ഞിരിക്കുന്നതെന്നും അയാളെ ആ സ്ഥാനത്ത് നിന്നും മാറ്റി പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നടപടിയെടുത്തില്ലെങ്കില്‍ ജനങ്ങള്‍ ഇവരെ കൈകാര്യം ചെയ്യുമെന്നും ആ നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു. അസംബന്ധമാണ് ജില്ലാ സെക്രട്ടറി പറഞ്ഞത്. ഇതേ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഭൂരിപക്ഷം കൂട്ടി തന്നതെന്നും സതീശന്‍ പ്രതികരിച്ചു.

ഒന്നും പറയാനില്ലാത്തതുകൊണ്ട് തെരഞ്ഞെടുപ്പ് കാലത്ത് ഇതുപോലുള്ളവരെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ സി.പി.എം അഴിച്ചു വിട്ടിരിക്കുന്നത്. ആര്‍ക്കെതിരെയും അവര്‍ എന്തും പറയും. ഉത്തരവാദിത്തപ്പെട്ട പദവിയാണ് ജില്ലാ സെക്രട്ടറിയുടേതെന്നാണ് കരുതിയിരുന്നത്. എന്നാല്‍ അത്തരം ഒരു പദവിയില്‍ ഇരിക്കുന്നയാളില്‍ നിന്നാണ് ഇത്രയും മോശപ്പെട്ട പരാമര്‍ശമുണ്ടായത്. സി.പി.ഐ.എം നടപടി എടുക്കുമോയെന്ന് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സി.പി.ഐ.എമ്മുകാര്‍ക്കെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ തെറ്റു ചെയ്യാത്തവര്‍ക്കെതിരെ കൂടി കേസെടുക്കുകയാണെന്നും വി.ഡി സതീശന്‍ പറവൂരിലെ കെ.ജെ ഷൈനിന് എതിരായ സോഷ്യല്‍മീഡിയയിലെ അധിക്ഷേപത്തില്‍ പൊലീസ് കേസെടുത്തത് പരാമര്‍ശിച്ചുകൊണ്ട് പറഞ്ഞു. ഗോപാലകൃഷ്ണന്റെ ഭിന്നശേഷിക്കാരിയായ ഭാര്യ പരാതി നല്‍കിയിട്ട് ഇതുവരെ കേസെടുത്തിട്ടില്ലെന്നും സതീശന്‍ വിശദീകരിച്ചു.

സി.പി.ഐ.എമ്മുകാര്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ ഭാഗമായാണ് എറണാകുളത്തെ സംഭവം പുറത്തുവന്നതെന്ന് സതീശന്‍ ആരോപിച്ചു. കേരളത്തിലെ വനിതാ മാധ്യമ പ്രവര്‍ത്തകരെ ഏറ്റവും കൂടുതല്‍ അപമാനിച്ചത് സി.പി.ഐ.എമ്മാണെന്നും സോഷ്യല്‍ മീഡിയയിലും പൊതുയോഗങ്ങളിലും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ മോശമായി സംസാരിക്കുന്നതും സി.പി.ഐ.എമ്മാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, സ്ത്രീവിഷയത്തില്‍ രാഹുലിന്റെ ഹെഡ്മാസ്റ്ററാണ് ഷാഫി പറമ്പിലെന്നാണ് സി.പി.ഐ.എം പാലക്കാട് ജില്ലാസെക്രട്ടറിയായ ഇ.എന്‍ സുരേഷ് ബാബു പറഞ്ഞത്. ഭംഗിയുള്ള സ്ത്രീകളെ കണ്ടാല്‍ ഷാഫി ബെംഗളൂരുവിലേക്ക് ട്രിപ്പ് പോകാനായി വിളിക്കുമെന്നും സുരേഷ് ബാബു പറഞ്ഞിരുന്നു.

പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയ ഷാഫി പറമ്പില്‍, ആരോപണത്തിന് മറുപടിയില്ല, നിയമനടപടിയുമായി മുന്നോട്ട് പോവുകയാണെന്ന് പ്രതികരിച്ചിരുന്നു. പിന്നാലെ താന്‍ പറഞ്ഞത് ഷാഫി നിഷേധിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് സുരേഷ് ബാബുവും രംഗത്തെത്തിയിരുന്നു.

Content Highlight:  CPIM district secretary’s allegation against Shafi Parambil is not an allegation, it is an insult; VD Satheesan

We use cookies to give you the best possible experience. Learn more