തിരുവനന്തപുരം: വ്യവസായി എം.എ. യൂസഫലിയുടെ ലുലു ഗ്രൂപ്പിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുന്ന സി.പി.ഐ നേതാവ് ടി.എന്‍. മുകുന്ദനെ പാര്‍ട്ടി തള്ളിപ്പറയുകയില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ ബിനോയ് വിശ്വം. നെല്‍വയലുകള്‍ സംരക്ഷിക്കാന്‍ കോടതിയില്‍ കക്ഷിചേര്‍ന്ന സഖാവിനെ ഒരിക്കലും പാര്‍ട്ടി തള്ളിപ്പറയുകയില്ലെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
തൃശൂരില്‍ ആയിരങ്ങള്‍ക്ക് തൊഴില്‍ ലഭിക്കുന്ന വികസന പദ്ധതിയെ ഒരു പാര്‍ട്ടി എതിര്‍ക്കുന്നുവെന്നും ആ പാര്‍ട്ടി സി.പി.ഐ ആണെന്നുമുള്ള പ്രചാരവേല നടന്നപ്പോള്‍ വികസനവിരുദ്ധതയുടെ ആ തൊപ്പി സി.പി.ഐക്ക് ചേരില്ല എന്നാണ് താന്‍ പറഞ്ഞതെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. ഒരിക്കല്‍ പോലും നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തെ ദുര്‍ബലപ്പെടുത്താന്‍ സന്നദ്ധമാകും എന്ന് അതിനര്‍ത്ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘നെല്‍വയലുകള്‍ സംരക്ഷിക്കാന്‍ കോടതിയില്‍ കക്ഷിചേര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകനെ ഒരിക്കലും പാര്‍ട്ടി തള്ളിപ്പറയുകയുമില്ല. ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും എതിരെ പോരാടി ആധുനിക കേരളം യാഥാര്‍ത്ഥ്യമാക്കിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. ലോക വിഖ്യാതമായ കേരള മാതൃക പടുത്തുയര്‍ത്തിയതും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലാണ്. അത് പറയുമ്പോള്‍ സഖാവ് അച്യുതമേനോന്റെ പേരും പാര്‍ട്ടിക്ക് ഒരിക്കലും മറക്കാന്‍ സാധ്യമല്ല,’ ബിനോയ് വിശ്വം കുറിച്ചു.
വ്യവസായങ്ങളും തൊഴിലും സൃഷ്ടിക്കപ്പെടണമെന്ന് തന്നെയാണ് പാര്‍ട്ടി നിലപാട്. സംരംഭകരെ പാര്‍ട്ടി ശത്രുക്കളായി കാണുന്നില്ല. സ്വകാര്യ മൂലധനത്തെ പാടെ വര്‍ജിച്ചുകൊണ്ട് ഈ ഘട്ടത്തില്‍ വികസനം സാധ്യമാവുകയില്ല എന്ന് പാര്‍ട്ടിക്കറിയാം. നിയന്ത്രിതമായുള്ള വിദേശ മൂലധന നിക്ഷേപത്തെ പോലും പാര്‍ട്ടി പൂര്‍ണമായി തള്ളിപ്പറഞ്ഞിട്ടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
സംസ്ഥാനത്തിന്റെ വികസനത്തിന്റെ ഈ ഘട്ടത്തില്‍ വസ്തുനിഷ്ഠവും പ്രായോഗികവുമായ വികസനമാതൃകകള്‍ ആവശ്യമാണ്. അതോടൊപ്പം തന്നെ പ്രകൃതിയെ മറന്നുകൊണ്ടുള്ള വികസനം ഒരിക്കലും സ്ഥായിയാവുകയില്ല എന്നതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വകാര്യ വനങ്ങള്‍ ഏറ്റെടുക്കുന്നതിനും തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും സംരക്ഷിക്കുന്നതിനും നിയമമുണ്ടാക്കുന്നതിനും വന വിസ്തൃതി വര്‍ധിപ്പിക്കുന്നതിനും നേതൃത്വം കൊടുത്തത് ഈ പാര്‍ട്ടിയുടെ മന്ത്രിമാരാണ്. അതുകൊണ്ടാണ് തങ്ങള്‍ക്ക് ഇണങ്ങാത്ത തൊപ്പികള്‍ തങ്ങളുടെ തലയില്‍ ചാര്‍ത്തരുതെന്ന് പറഞ്ഞതെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.
തൃശൂരില്‍ ലുലു മാള്‍ വരാത്തത് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ഇടപെടല്‍ മൂലമാണെന്നായിരുന്നു യൂസഫലി പറഞ്ഞത്. പിന്നാലെ നെല്‍വയല്‍ പരിവർത്തനപ്പെടുത്തിയതിന് എതിരെയാണ് താന്‍ പരാതിയുമായി പോയതെന്ന് പ്രാദേശിക സി.പി.ഐ നേതാവും പരാതിക്കാരനുമായ ടി.എന്‍. മുകുന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
Content Highlight: CPI will not reject TN Mukundan: Binoy Viswam