തിരുവനന്തപുരം: സി.പി.ഐ.ക്കെതിരായ വെളളാപ്പള്ളി നടേശന്റെ വിമര്‍ശനത്തില്‍ പ്രതികരിച്ച് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ചതിയന്‍ ചന്തു എന്ന തൊപ്പി ആയിരം തവണ ചേരുന്നത് വെളളാപ്പള്ളിക്ക് തന്നെയെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.
പത്തുവര്‍ഷം കൂടെ നിന്ന് എല്ലാം നേടിയിട്ട് ഇപ്പോള്‍ തള്ളിപറയുന്നുവെന്നും സി.പി.ഐ.യില്‍ മുഴുവന്‍ ചതിയന്‍ ചന്തുമാരാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ വിമര്‍ശനം. വിമര്‍ശനങ്ങള്‍
പറയേണ്ടത് പാര്‍ട്ടിക്കുള്ളിലാണെന്നും പുറത്തല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍ സര്‍ക്കാരിനോ പാര്‍ട്ടിയിലുള്ളവര്‍ക്കോ മാര്‍ക്കിടാന്‍ വെള്ളാപ്പള്ളിയെ ആരും ഏല്‍പ്പിച്ചിട്ടില്ലെന്നും ചതിയന്‍ ചന്തു എന്ന തൊപ്പി ആയിരം തവണ ചേരുന്നത് വെള്ളാപ്പള്ളിക്ക് തന്നെയാണെന്നും ബിനോയ് വിശ്വം തിരിച്ചടിച്ചു.
അതേസമയം വെളളാപ്പള്ളി മുഖ്യമന്ത്രി പിണറായി വിജയനെ അനുകൂലിച്ചും സംസാരിച്ചിരുന്നു.
മുന്നാം തവണയും പിണറായി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു വെള്ളാപ്പള്ളി സംസാരം തുടങ്ങിയത്. ഇനിയും അത് പറയാന്‍ തയ്യാറാണെന്നും മുഷ്ടി ചുരുട്ടി പിണറായിയുടെ പേര് പറഞ്ഞ് കൊണ്ട് വെള്ളാപ്പള്ളി പ്രതികരിച്ചിരുന്നു.
‘പത്ത് കൊല്ലം ഭരിച്ചിട്ട് മാറാട് കലാപം പോലെയൊന്ന് ഉണ്ടായിട്ടുണ്ടോ, പിണറായി മൂന്നാമതും അധികാരത്തില്‍ വന്നാല്‍ എന്താണ് കുഴപ്പം. പത്മകുമാര്‍ കൊള്ളക്കാരനാണെന്ന് ഞാന്‍ പണ്ടെ പറഞ്ഞിട്ടുണ്ട് ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും,’ വെള്ളാപ്പള്ളി പറഞ്ഞു.
മലബാറില്‍ തങ്ങള്‍ക്ക് ഒരു വിദ്യാഭ്യാസ സ്ഥാപനം പോലും ഇല്ലെന്നും അതിന് സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ലെന്നും വെള്ളാപ്പള്ളി കൂട്ടിചേര്‍ത്തു. എന്നാല്‍ അനുവാദം നല്‍കേണ്ടത് പിണറായി വിജയന്‍ സര്‍ക്കാര്‍ അല്ലേ എന്ന ചോദ്യത്തോട് പ്രോകോപനപരമായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Content Highlight: CPI. Vellappally calls Chandhu a cheat; Binoy Viswam says that hat will fit Vellappally a thousand times