| Wednesday, 15th July 2026, 10:44 am

പ്രതിപക്ഷ ഉപനേതാവ് പദവിയില്ലെങ്കില്‍ നിയമസഭയില്‍ സി.പി.ഐ.എമ്മുമായി സഹകരിക്കില്ലെന്ന് സി.പി.ഐ; എല്‍.ഡി.എഫില്‍ പ്രതിസന്ധി

ആദർശ് എം.കെ.

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി ലഭിച്ചില്ലെങ്കില്‍ നിയമസഭയ്ക്കകത്ത് സി.പി.ഐ.എമ്മുമായി സഹകരിക്കേണ്ടതില്ലെന്ന് സി.പി.ഐ. സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഈ നിലപാട് സ്വീകരിച്ചത്.

നിയമസഭയില്‍ എല്ലാ വിഷയങ്ങളിലും പ്രതിപക്ഷ നിരയില്‍ ഒരേ നിലപാട് സ്വീകരിക്കേണ്ടതില്ലെന്നും, ആവശ്യമായി വന്നാല്‍ സി.പി.ഐ.എമ്മിനെതിരെ നിലപാടെടുക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സി.പി.ഐക്ക് നല്‍കുന്ന കാര്യം ആലോചിക്കാന്‍ പോലും കഴിയില്ലെന്ന് സി.പി.ഐ.എം സംസ്ഥാന നേതൃത്വം കഴിഞ്ഞ ദിവസം വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് സി.പി.ഐയുടെ പ്രതികരണം.

കഴിഞ്ഞ ദിവസം എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ എം.എന്‍ സ്മാരകത്തിലെത്തി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉപനേതാവ് സ്ഥാനം നല്‍കില്ല എന്നത് പാര്‍ട്ടിയുടെ ഉറച്ച തീരുമാനമാണെന്ന് അദ്ദേഹം ബിനോയ് വിശ്വത്തെ അറിയിച്ചു.

അതേസമയം, എല്‍.ഡി.എഫ് യോഗം വിളിച്ചാല്‍ പങ്കെടുക്കുമെന്നും, എന്നാല്‍ യോഗത്തില്‍ തങ്ങളുടെ ആവശ്യം ശക്തമായി ഉന്നയിക്കുമെന്നുമാണ് ബിനോയ് വിശ്വം വ്യക്തമാക്കിയത്.

ആവശ്യത്തിന്മേല്‍ തര്‍ക്കമുണ്ടായാല്‍ അത് മാധ്യമങ്ങളോട് പരസ്യമായി തുറന്നു പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, വിഴിഞ്ഞം വിഷയത്തില്‍ ഇപ്പോള്‍ യോജിച്ചുള്ള സമരം വേണ്ടെന്നും സി.പി.ഐ വ്യക്തമാക്കിയിട്ടുണ്ട്.

സഭയ്ക്ക് പുറത്ത് എല്‍.ഡി.എഫ് മുന്നണിയായി തുടരുമെങ്കിലും നിയമസഭയ്ക്കകത്ത് ഒറ്റക്കെട്ടായി പോകാന്‍ കഴിയില്ലെന്ന നിലപാടിലാണ് സി.പി.ഐ. സി.പി.ഐ.എം സ്വീകരിക്കുന്ന ചില നിലപാടുകളോട് യോജിക്കാന്‍ കഴിയില്ലെങ്കില്‍ കെ. രാജന്‍ അടക്കമുള്ള നിയമസഭാ കക്ഷി നേതാക്കള്‍ സഭയില്‍ അത് തുറന്നു പറയുമെന്നും പാര്‍ട്ടി സൂചിപ്പിക്കുന്നു.

സി.പി.ഐ.എമ്മിന്റെ ‘വലിയേട്ടന്‍ മനോഭാവം’ അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് സി.പി.ഐ ഇതിലൂടെ നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് തോല്‍വികളുടെ പശ്ചാത്തലത്തില്‍ മുന്നണിക്കുള്ളില്‍ അര്‍ഹമായ പരിഗണന വേണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം.

സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് പുറമേ ദല്‍ഹിയില്‍ ഡി. രാജയും വിഷയത്തില്‍ പരസ്യ നിലപാട് വ്യക്തമാക്കിയതോടെ സി.പി.ഐക്ക് ഇനി ഈ ആവശ്യത്തില്‍ നിന്നും പിന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണ്.

Content Highlight: CPI states it will not cooperate with the CPI(M) in the Assembly unless the post of Deputy Leader of the Opposition is granted

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more