തിരുവനന്തപുരം: പി.എം ശ്രീയില്‍ കേരളം ഒപ്പുവെച്ചതിനെതിരെ യു.ഡി.എഫും എല്‍.ഡി.എഫിലെ തന്നെ ഘടകകക്ഷികളും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതിനിടെ പിന്തുണയുമായി ശശി തരൂര്‍ എം.പി. കേന്ദ്രത്തിന്റെ പണം എന്തിനാണ് കേരളം വേണ്ടെന്ന് വെയ്ക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
കേരളത്തിലെ നികുതിദായകരായ ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ് ഈ പണം. സി.പി.ഐ വിഷയത്തില്‍ എതിര്‍പ്പ് ഉന്നയിക്കുന്നത് എന്തര്‍ത്ഥത്തിലാണ് എന്ന് തനിക്ക് മനസിലാകുന്നില്ല.
കേന്ദ്ര ഫണ്ട് വേണ്ടെന്ന് വെയ്ക്കുന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നത് മണ്ടത്തരമാണെന്നും തരൂര്‍ എ.എന്‍.ഐയോട് പ്രതികരിച്ചു. കേരളത്തിലെ സ്‌കൂളുകളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ 1500 കോടി രൂപ വാങ്ങിക്കണമെന്നും ശശി തരൂര്‍ വ്യാഴാഴ്ച പറഞ്ഞു.
‘പി.എം ശ്രീയെ സി.പി.ഐ എതിര്‍ക്കുന്നത് എന്തടിസ്ഥാനത്തിലാണ്. നമ്മുടെ നാട്ടിലെ സ്‌കൂളുകളുടെ മേല്‍ക്കൂരകള്‍ അറ്റക്കുറ്റപ്പണികള്‍ നടത്താനും അധ്യാപകര്‍ക്ക് ശമ്പളം നല്‍കാനും വിദ്യാഭ്യാസം മെച്ചപ്പെടുത്താനും കേന്ദ്രത്തിന്റെ പണം നമുക്ക് ആവശ്യമാണ്. ഒരു തീരുമാനത്തില്‍ തന്നെ കടിച്ചുതൂങ്ങി നില്‍ക്കുന്നത് മണ്ടത്തരമാണ്. എല്ലാത്തിനുമപ്പുറം കേരളം പണം വാങ്ങിയെന്ന് കരുതി കേന്ദ്രത്തിന് പാഠ്യപദ്ധതി നിര്‍ദേശിക്കാന്‍ സാധിക്കില്ല’, ശശി തരൂര്‍ വിശദമാക്കി.
1500 കോടി വാങ്ങുന്നതിലൂടെ നമ്മുടെ വിദ്യാഭ്യാസത്തെ കാവിവത്കരിക്കുകയാണ് എന്ന് അവര്‍ പറയുന്നുണ്ടെങ്കില്‍ അത് ആത്മവിശ്വാസമില്ലായ്മയാണെന്നും തന്റെ അഭിപ്രായത്തില്‍ കേരളത്തിന് എന്ത് പഠിപ്പിക്കണമെന്ന് അറിയാമെന്നും തരൂര്‍ പറഞ്ഞു.
‘ഏത് വിഷയങ്ങള്‍ പഠിപ്പിക്കണം, പഠിപ്പിക്കരുത് എന്നൊക്കെ കേരളത്തിന് അറിയാം. പക്ഷെ നമുക്ക് കേന്ദ്രത്തിന്റെ പണം ആവശ്യമാണ്, അത് നമ്മുടെ നികുതിദായകരുടെ പണമാണ്. കേരളത്തിലെ നികുതിദായകര്‍ക്ക് ആ പണത്തിന്റെ ഫലം പറ്റാന്‍ അര്‍ഹതയുണ്ട്’, ശശി തരൂര്‍ പറഞ്ഞു.
അതേസമയം, സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞദിവസം ഒപ്പുവെച്ച പി.എം ശ്രീ പദ്ധതിയില്‍ നിന്നും പിന്മാറിയേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തെത്തുന്നുണ്ട്. ഇന്നു ചേരുന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ അന്തിമതീരുമാനം കൈക്കൊള്ളും.
സി.പി.ഐ, ആര്‍.ജെ.ഡി തുടങ്ങിയ സഖ്യകക്ഷികളില്‍ നിന്നുള്ള കടുത്ത എതിര്‍പ്പാണ് സി.പി.ഐ.എമ്മിന്റെ ചുവടുമാറ്റത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്നണിയിലെ അഭിപ്രായ വ്യത്യാസം തിരിച്ചടിയാകുമെന്നും വിലയിരുത്തലുണ്ട്.
അതേസമയം, സി.പി.ഐ മുന്നണിയിലെ പ്രധാനപാര്‍ട്ടിയാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍ പ്രതികരിച്ചു. സി.പി.ഐയെ കേള്‍ക്കാതെ മുന്നോട്ട് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlight: CPI’s stand against PM Shri is foolishness: Shashi Tharoor