| Sunday, 14th September 2025, 10:37 pm

സുരേഷ് ഗോപി അവഗണിച്ച കൊച്ചുവേലായുധന് സി.പി.ഐ.എമ്മിന്റെ കൈത്താങ്ങ്; വീട് നിര്‍മിച്ചുനല്‍കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: കേന്ദ്ര സഹമന്ത്രിയും തൃശൂര്‍ എം.പിയുമായ സുരേഷ് ഗോപി പൊതുമധ്യത്തില്‍ അവഗണിച്ച കൊച്ചുവേലായുധന് സി.പി.ഐ.എം വീട് നിര്‍മിച്ചുനല്‍കും.

ചേര്‍പ്പ് പുള്ളിലെ വീട്ടിലെത്തി കൊച്ചുവേലായുധനേയും കുടുംബാംഗങ്ങളെയും സി.പി.ഐ.എം തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗങ്ങളും പ്രാദേശിക നേതാക്കളും സന്ദര്‍ശിച്ചു. വേലായുധന്റെ വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും അടുത്ത ദിവസം തന്നെ ആരംഭിക്കുമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുല്‍ ഖാദര്‍ ഉറപ്പുനല്‍കി.

രണ്ടുവര്‍ഷം മുമ്പ് തെങ്ങ് വീണ് തകര്‍ന്ന വീടിന്റെ അറ്റകുറ്റപ്പണിക്ക് സഹായം തേടിയാണ് കൊച്ചുവേലായുധന്‍ സുരേഷ് ഗോപിയെ സമീപിച്ചത്.

തൃശൂരിലെ പുള്ളില്‍ വെച്ച് നടന്ന ‘കലുങ്ക് സംവാദം ജനകീയ സദസ്’ എന്ന പരിപാടിയിലാണ് കൊച്ചുവേലായുധന്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ ഇതൊന്നും എം.പിയുടെ ജോലിയല്ല എന്നായിരുന്നു സുരേഷ് ഗോപി നല്‍കിയ മറുപടി.

അതേസമയം ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിയുകയും ജനങ്ങളുമായി നേരിട്ട് സംവാദം നടത്തി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു ജനകീയ സദസിന്റെ പ്രധാന ഉദ്ദേശം. എന്നാല്‍ ഈ പരിപാടിയിലേക്ക് നിവേദനവുമായി വന്ന കൊച്ചുവേലായുധനെ എം.പി അവഗണിക്കുകയാണ് ചെയ്തത്.

സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ സുരേഷ് ഗോപിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. കൊച്ചുവേലായുധനും സുരേഷ് ഗോപിയുടെ പെരുമാറ്റത്തില്‍ അതൃപ്തി അറിയിച്ചിരുന്നു.

കേന്ദ്രമന്ത്രിയുടെ പെരുമാറ്റം പ്രയാസമുണ്ടാക്കിയെന്നും സംഭവത്തില്‍ തിരിച്ച് പ്രതികരിക്കാതിരുന്നത് പൊതുമധ്യത്തില്‍ മന്ത്രിയെ അവഹേളിക്കേണ്ടെന്ന് കരുതിയാണെന്നും കൊച്ചുവേലായുധന്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

‘എനിക്ക് ഒന്നും തന്നില്ലെങ്കിലും കുഴപ്പമില്ല, എന്റെ അപേക്ഷ വാങ്ങിച്ചാല്‍ മതിയായിരുന്നു. പാര്‍ട്ടിക്കാര്‍ ചെയ്തുതരാം എന്ന് പറഞ്ഞു. പരമാവധി ഒരു കൊല്ലം ഞാന്‍ നോക്കി, രണ്ട് കൊല്ലമായി ഈ വീട്ടില്‍ കഴിയുന്നു,’ വേലായുധന്‍ പ്രതികരിച്ചു.

Content Highlight: CPI(M) will build a house for Kochuvelayudhan

We use cookies to give you the best possible experience. Learn more