| Sunday, 25th May 2025, 9:05 pm

ഇലക്ടറല്‍ ബോണ്ടിന്റെ പേരില്‍ വ്യാജ വാര്‍ത്ത മലയാള മനോരമക്കെതിരെ നടപടി സ്വീകരിച്ച് സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇലക്ടറല്‍ ബോണ്ടിന്റെ പേരില്‍ വ്യാജ വാര്‍ത്ത നല്‍കിയ മലയാള മനോരമക്കെതിരെ പാര്‍ടി നിയമ നടപടി ആരംഭിച്ച് സി.പി.ഐ.എം. മേഘ എന്‍ജിനീയറിങ് ആന്‍ഡ് ഇന്‍ഫ്രാട്രക്ചര്‍ കമ്പനിയില്‍ നിന്ന് സി.പി.ഐ.എം ഇലക്ടറല്‍ ബോണ്ട് വാങ്ങിയെന്ന വാര്‍ത്തക്ക് പിന്നാലെയാണ് നടപടി.

2021-22 കാലഘട്ടത്തില്‍ 25 ലക്ഷം രൂപ ‘ഇലക്ട്രല്‍ ബോണ്ട്’ വാങ്ങിയെന്ന് മനോരമ ദിനപത്രവും മനോരമ ഓണ്‍ലൈനും പ്രചരിപ്പിച്ച വ്യാജ വാര്‍ത്തക്കെതിരെയാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ നിയമനടപടി ആരംഭിച്ചത്.

വാര്‍ത്ത നിരുപാധികം പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നും അത് പത്രത്തിന്റെ ഒന്നാം പേജില്‍ പ്രസിദ്ധീകരിക്കണമെന്നും സി.പി.ഐ.എം അറിയിച്ചു.

അല്ലാത്തപക്ഷം മനോരമക്കെതിരെ ക്രിമിനല്‍ അപകീര്‍ത്തികേസും സിവില്‍ കേസും ഫയല്‍ ചെയ്യുമെന്നും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് പരാതി നല്‍കുമെന്നും വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കിയതായി പറയുന്നു.

ഒരു നയാ പൈസയുടെ പോലും ഇലക്ട്രല്‍ ബോണ്ട് തങ്ങള്‍ സ്വീകരിക്കില്ല എന്നു പ്രഖ്യാപിച്ച് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയ പ്രസ്ഥാനമാണിതെന്നും സി.പി.ഐ.എം അറിയിച്ചു.

അങ്ങനെ ഇലക്ടറല്‍ ബോണ്ടിനെതിരെ നിയമ പോരാട്ടം നടത്തി അത് ഭരണഘടന വിരുദ്ധമായി പ്രഖ്യാപിച്ച് റദ്ദ് ചെയ്യിച്ചതും സി.പി.ഐ,എം ആണ്. ഈ വസ്തുതകള്‍ നിലനില്‍ക്കെയാണ് മനോരമ വ്യാജവാര്‍ത്ത നല്‍കിയത്. സി.പി.ഐ.എമ്മിനെതിരായി നിരന്തരം വ്യാജവാര്‍ത്ത നല്‍കിക്കൊണ്ടിരിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.

Content Highlight: CPI(M) takes action against Malayala Manorama for spreading fake news in the name of electoral bonds

Latest Stories

We use cookies to give you the best possible experience. Learn more