| Monday, 22nd December 2025, 11:48 am

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ്: എം.വി. ഗോവിന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ് എന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്‍. ആര്‍.എസ്.എസിന്റെ നിരവധി കേസുകളില്‍ പ്രതികളായ, എന്തും ചെയ്യാന്‍ മടിയില്ലാത്ത ആളുകളാണ് ഇത് ചെയ്തതെന്നും ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകത്തിന് പിന്നില്‍ ബി.ജെ.പി, ആര്‍.എസ്.എസ് ക്രിമിനലുകളാണ്. അത് പകല്‍വെളിച്ചം പോലെ വ്യക്തമാണ്. നിരവധി കേസുകളില്‍ പ്രതികളായ, ആര്‍.എസ്.എസിന്റെ എന്തും ചെയ്യാന്‍ മടിയില്ലാത്ത ആളുകളാണ് ഇത് ചെയ്തത്. എല്ലാവരേയും തിരിച്ചറിഞ്ഞിട്ടുണ്ട്. ആവശ്യമായ നിലപാട് സ്വീകരിച്ച് ഇതിനെ ശക്തമായ രീതിയില്‍ പ്രതിരോധിക്കേണ്ടതുണ്ട്. ഇത്തരം സംഭവം കേരളത്തില്‍ അനുവദിക്കില്ല,’ എം.വി. ഗോവിന്ദന്‍ പറഞ്ഞു.

അതിഥി തൊഴിലാളിയുടെ കൊലപാതകത്തില്‍ സര്‍ക്കാര്‍ ഇരയുടെ കുടുംബത്തിനൊപ്പമാണെന്ന് മന്ത്രി കെ. രാജനും പ്രതികരിച്ചു. ഒരു കുറ്റവാളിയേയും വെറുതെ വിടില്ലെന്നും മന്ത്രി പറഞ്ഞു. കേസില്‍ എസ്.ഐ.ടി അന്വേഷണം ശക്തമാക്കും. പ്രതികള്‍ക്കെതിരെ എസ്.സി, എസ്.ടി വകുപ്പുകള്‍ ചുമത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഞ്ചിക്കോട് ഫാക്ടറിയില്‍ ജോലി ലഭിച്ചെത്തിയ രാം നാരായണ്‍ വാളയാര്‍ അട്ടപ്പള്ളത്തേക്ക് വഴിതെറ്റിയെത്തിയതായിരുന്നു. രാം നാരായണിനെ കണ്ടുപരിചയമില്ലാത്തതിനാല്‍ തടഞ്ഞുനിര്‍ത്തി പ്രദേശ വാസികള്‍ ചോദ്യം ചെയ്യുകയും മര്‍ദിക്കുകയുമായിരുന്നു. ഈ ക്രൂര മര്‍ദനമാണ് രാം നാരായണിന്റെ ജീവനെടുത്തത്.

ബംഗ്ലാദേശിയെന്നും കള്ളനെന്നുമാരോപിച്ചായിരുന്നു ആള്‍ക്കൂട്ടം മര്‍ദിച്ചത്. ബുധനാഴ്ച മൂന്ന് മണിയോടെയായിരുന്നു സംഭവം.

അതേസമയം കൊല്ലപ്പെട്ട രാം നാരായണിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ കൈമാറും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ക്യാബിനറ്റ് യോഗത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള എല്ലാ മന്ത്രിമാരുമായും ചര്‍ച്ച നടത്തിയ ശേഷമാണ് പണം കൈമാറുക.

ബാങ്ക് അക്കൗണ്ട് ഉള്‍പ്പടെ കൃത്യമായി പരിശോധിച്ച ശേഷം പണം കുടുംബത്തിന് തന്നെ എത്തുമെന്ന കാര്യം ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാം നാരായണിന്റെ മൃതദേഹം സര്‍ക്കാര്‍ ഇന്ന് നാട്ടിലേക്ക് അയക്കും.

Content Highlight: CPI(M) State Secretary M.V. Govin says RSS is behind the mob lynching in Walayar

We use cookies to give you the best possible experience. Learn more