| Saturday, 23rd August 2025, 8:52 pm

കള്ളക്കഥകള്‍ പറഞ്ഞ് കള്ളനാക്കുന്നു; ആളുകളെ തേജോവധം ചെയ്യുന്നത് സി.പിഐ.എം ഇനിയെങ്കിലും നിര്‍ത്തണം: ചാണ്ടി ഉമ്മന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദോഹ: ആളുകളെ തേജോവധം ചെയ്യുന്നത് ഇനിയെങ്കിലും സി.പി.ഐ.എം നിര്‍ത്തണമെന്ന് പുതുപ്പള്ളി എം.എല്‍.എ ചാണ്ടി ഉമ്മന്‍. അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും തന്റെ പിതാവുമായ ഉമ്മന്‍ ചാണ്ടിയോട് സി.പി.ഐ.എം ചെയ്തതൊന്നും തന്നെ തങ്ങള്‍ വ്യക്തിപരമായി എടുക്കുന്നില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ദോഹയില്‍ ഒ.ഐ.സി.സി ഇന്‍കാസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു കള്ളക്കഥയുണ്ടാക്കി, ആ കഥയ്ക്ക് പല മറുവശങ്ങള്‍ കൊടുത്ത്, കള്ളം പറഞ്ഞുപറഞ്ഞ് ആളെ കള്ളനാക്കി മാറ്റുകയാണ്. ഇതാണ് ചിലര്‍ ഇന്നും നടത്തിക്കൊണ്ടിരിക്കുന്നത്,’ ചാണ്ടി ഉമ്മന്‍ പറഞ്ഞു. സി.പി.ഐ.എമ്മിനെ പോലെ ഇത്രയും നീചമായി ആളുകളെ ദ്രോഹിക്കുന്ന ഒരു പാര്‍ട്ടി മറ്റൊരിടത്തും ഉണ്ടാകില്ലെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.

കമ്മ്യൂണിസ്റ്റുകാരില്‍ നിന്ന് പഠിച്ച കാര്യങ്ങളെ കുറിച്ച് ഹിറ്റ്ലര്‍ തന്റെ ആത്മകഥയായ മെയിന്‍ കാംഫില്‍ പറയുന്നത്, നല്ലപോലെ പ്രചരണം നടത്തുക, ആളുകളെ തല്ലിയൊതുക്കുക, ആത്മീയ തീവ്രവാദം നടത്തുക എന്നാണെന്നും ചാണ്ടി ഉമ്മന്‍ സംസാരിച്ചു.

നിങ്ങള്‍ ഒന്നും നേടുന്നില്ല. നിങ്ങള്‍ ഒരു മുഖ്യമന്ത്രിയെ എന്തൊക്കെ പറഞ്ഞു. എന്തൊക്കെ കള്ളക്കേസുകള്‍ ഉണ്ടാക്കി. ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞത് കമ്മ്യൂണിസ്റ്റുകാരല്ലേ? സെക്രട്ടറിയേറ്റ് വളഞ്ഞ് സമരം നടത്തിയത് കമ്മ്യൂണിസ്റ്റുകാരല്ലേ? ദേശാഭിമാനിയില്‍ അഞ്ച് വര്‍ഷത്തോളം വെണ്ടയ്ക്ക അക്ഷരത്തില്‍ അച്ച് നിരത്തിയത് കമ്മ്യൂണിസ്റ്റുകാരല്ലേ? ഇല്ലാത്ത കഥകള്‍ കേരളത്തിലുണ്ടനീളം പരത്തിയതും ഉമ്മന്‍ ചാണ്ടിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കരിവാരി തേച്ചതും കമ്മ്യൂണിസ്റ്റുകാരല്ലേയെന്നും ചാണ്ടി ഉമ്മന്‍ ചോദിച്ചു.

കോണ്‍ഗ്രസുകാരെ തമ്മില്‍ തല്ലിക്കാനുള്ള ശ്രമം നടക്കില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഇല്ലാത്ത കഥകള്‍ ഉണ്ടാക്കി ഒരു മനുഷ്യന്റെ ജീവിതം തകര്‍ത്തത് തനിക്ക് മറക്കാനാകില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

അതേസമയം പാലക്കാട് എം.എല്‍.എയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ തുടര്‍ച്ചയായി ലൈംഗിക ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ചാണ്ടി ഉമ്മന്റെ പ്രസംഗം. സി.പി.ഐ.എമ്മിനെ കുറ്റപ്പെടുത്തികൊണ്ടുള്ള ചാണ്ടി ഉമ്മന്റെ പരാമര്‍ശങ്ങള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ വെളുപ്പിക്കാനുള്ള ശ്രമമാണെന്ന് പ്രതികരണങ്ങള്‍ ഉയരുന്നുണ്ട്.

നിലവില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. നേരത്തെ രാഹുലിനെതിരെ പുറത്തുവന്ന ഓഡിയോ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കാന്‍ കഴിയില്ലെന്നായിരുന്നു കമ്മീഷന്റെ നിലപാട്. എന്നാല്‍ തുടര്‍ച്ചയായി പരാതികള്‍ ഉയര്‍ന്നതോടെ കേസെടുക്കുകയായിരുന്നു.

Content Highlight: CPI(M) should at least stop glorifying people: Chandy Oommen

We use cookies to give you the best possible experience. Learn more