| Thursday, 9th April 2026, 6:42 pm

ബംഗാൾ വോട്ടർ പട്ടികയിൽ നിന്നും 90 ലക്ഷം പേരുകൾ വെട്ടിമാറ്റിയതിൽ തെര. കമ്മീഷനോട് ഇടപെടൽ ആവശ്യപ്പെട്ട് സി.പി.ഐ.എം

മുഹമ്മദ് നബീല്‍

ന്യൂദൽഹി: പശ്ചിമ ബംഗാളിലെ വോട്ടർപട്ടികയിൽ നിന്ന് വ്യാപകമായി പേരുകൾ നീക്കം ചെയ്തതിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി.

ഇന്ന് അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തിൽ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് കമ്മീഷനോട് ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ വോട്ടർമാരുടെ ഏകദേശം 12 ശതമാനത്തോളം വരുന്ന 90 ലക്ഷത്തിലധികം പേരെ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തതായി സി.പി.ഐ.എം നേതാവ് പറഞ്ഞു.

ഒഴിവാക്കപ്പെട്ടവരിൽ പലരെയും തീർപ്പുകൽപ്പിക്കാത്തവ (Under Adjudication) എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നും, പരാതി പരിഹാര സംവിധാനങ്ങൾ അപ്രാപ്യമാണെന്നും വിവിധ റിപ്പോർട്ടുകൾ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

എസ്.ഐ.ആർ പ്രവർത്തനങ്ങൾ വോട്ടർ പട്ടിക പുതുക്കലിനപ്പുറം വോട്ടർമാരെ കൂട്ടമായി പട്ടികയിൽ നിന്നും ഒഴിവാക്കാനുള്ള നീക്കമായി മാറിയെന്നും സി.പി.ഐ.എം ആരോപിച്ചു.

സുതാര്യമായ നേരിട്ടുള്ള വെരിഫിക്കേഷന് പകരം അൽഗോരിതം അടിസ്ഥാനമാക്കിയുള്ള ഒഴിവാക്കലുകളാണ് (algorithm-driven exclusions) നടന്നതെന്നും പാർട്ടി കത്തിൽ രേഖപ്പെടുത്തി.

‘വോട്ടർമാരെ സംശയിക്കപ്പെടേണ്ടവരായിട്ടാണ് പരിഗണിച്ചത്, മറിച്ചാണെന്ന് തെളിയിക്കേണ്ട ബാധ്യത വോട്ടർമാരുടെ മേലായിരുന്നു,’ കത്തിൽ ചൂണ്ടിക്കാട്ടി.

ഈ നടപടികൾ സാമ്പത്തിക നഷ്ടത്തിനും, മാനസിക വിഷമത്തിനും, മരണങ്ങൾക്കും വരെ കാരണമായിട്ടുണ്ടെന്നും കത്തിൽ കൂട്ടിച്ചേർത്തു.

മുസ്‌ലിംങ്ങൾ, സ്ത്രീകൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നിവരുൾപ്പെടെയുള്ള പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ ഈ നടപടി വളരെയധികം ബാധിച്ചുവെന്ന് വ്യക്തമാക്കുന്ന സ്വതന്ത്ര വിശകലനങ്ങളും കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യൻ ഭരണഘടനയുടെ 326-ാം അനുച്ഛേദം ഉറപ്പുനൽകുന്ന വോട്ടവകാശത്തെ ഇത്തരം കൂട്ടമായ ഒഴിവാക്കലുകൾ ലംഘിക്കുന്നുവെന്ന് പാർട്ടി വാദിച്ചു. വോട്ടവകാശം എന്നത് സമത്വത്തിനും അന്തസ്സിനും അവിഭാജ്യമായ ഒരു പ്രധാന ജനാധിപത്യ അവകാശമാണെന്ന് പാർട്ടി കത്തിൽ പറഞ്ഞു.

ഭരണഘടനാപരമായ വോട്ടവകാശം എന്ത് വിലകൊടുത്തും സംരക്ഷിക്കപ്പെടണമെന്നും വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്കായി തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്നും പാർട്ടി കമ്മീഷനോട് ആവശ്യപ്പെട്ടു.

Content Highlight: CPI(M) seeks intervention from Election Commission in deletion of 90 lakh names from Bengal voter list

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more