നോയിഡ: നോയിഡയിലെ തൊഴിലാളി പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള യു.പിയിലെ ബി.ജെ.പി സര്‍ക്കാര്‍ ശ്രമങ്ങളെ ചെറുത്ത് തോല്‍പ്പിച്ച് സി.പി.ഐ.എം. തൊഴിലാളി സമരം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി പൊലീസ് തടങ്കലില്‍വെച്ച സി.ഐ.ടി.യു ദല്‍ഹി സംസ്ഥാന സെക്രട്ടറി പി.വി. അനിയന്‍, പ്രസിഡന്റ് വീരേന്ദ്ര ഗൗര്‍, ഗൗതംബുദ്ധ് നഗര്‍ ജില്ലാ സെക്രട്ടറി രാം സ്വരാത് എന്നിവരെ പ്രതിഷേധത്തെ തുടര്‍ന്ന് വിട്ടയച്ചു.
ജനറല്‍ സെക്രട്ടറി എം.എ. ബേബിയുടെ നേതൃത്വത്തിലുള്ള സി.പി.ഐ.എം പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കുകയായിരുന്നു യു.പി സര്‍ക്കാര്‍. സമരത്തെത്തുടര്‍ന്ന് അറസ്റ്റിലായ തൊഴിലാളികളെയും അവരുടെ കുടുംബാംഗങ്ങളെയും സന്ദര്‍ശിക്കാനാണ് എം.എ. ബേബിയുടെ നേതൃത്വത്തില്‍ നേതാക്കള്‍ നോയ്ഡയിലെത്തിയത്.
സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗങ്ങളായ അമ്രാ റാം എം.പി, ആര്‍. അരുണ്‍കുമാര്‍, എം.പി മാരായ വി. ശിവദാസന്‍, എ.എ. റഹിം എന്നിവരും ഒപ്പമുണ്ടായിരുന്നു. പകല്‍ പത്തോടെ (ഏപ്രില്‍ 17) ദല്‍ഹി -ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലെത്തിയ സംഘത്തെ യു.പി പൊലീസ് തടഞ്ഞു. ദേശീയ പാതയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ പൊലീസിന് പിന്മാറേണ്ടിവന്നു.
സമരക്കാരുമായി ചര്‍ച്ചയ്ക്ക് കളക്ടര്‍ മേധാ രൂപം ജില്ലാ പൊലീസ് ക്യാമ്പിലെത്തുമെന്ന് സി.പി.ഐ.എം സംഘത്തോട് പൊലീസ് അറിയിച്ചെങ്കിലും കളക്ടര്‍ ചര്‍ച്ചക്കെത്തിയില്ല. തുടര്‍ന്ന് കളക്ടറെ നേരിട്ട് കാണുന്നതിന് നേതാക്കള്‍ ജില്ലാ ആസ്ഥാനത്തെത്തി. എന്നാല്‍ ഔദ്യോഗിക വസതിയിലെത്താന്‍ കളക്ടര്‍ നിര്‍ദേശിച്ചു. വസതിയിലും കളക്ടറെ കാണാന്‍ സാധിച്ചില്ല.
ഇതിനിടെയാണ് സി.പി.ഐ.എം സംഘത്തോടൊപ്പം ചേരാനിരുന്ന സി.ഐ.ടിയു നേതാക്കളെ അന്യായമായി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ പ്രതിഷേധിച്ച് കളക്ടറുടെ വസതിക്ക് മുന്നില്‍
നേതാക്കള്‍ പ്രതിഷേധിച്ചു.
ജോണ്‍ ബ്രിട്ടാസ് എം.പി, ദല്‍ഹി സംസ്ഥാന സെക്രട്ടറി അനുരാഗ് സക്‌സേന, പുഷ്‌പേന്ദ്ര ത്യാഗി എന്നീ നേതാക്കളും കളക്ടറുടെ വസതിയില്‍ പ്രതിഷേധത്തില്‍ ചേര്‍ന്നു. ഒടുവില്‍ പ്രതിഷേധത്തിന് മുന്നില്‍ യു.പി സര്‍ക്കാരിന് മുട്ടു മടക്കേണ്ടി വന്നു. കളക്ടര്‍ ഫോണിലൂടെ നേതാക്കളെ ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള തൊഴിലാളികളെ ഉടന്‍ മോചിപ്പിക്കുമെന്നും ഉറപ്പുനല്‍കി. വരും ദിവസങ്ങളില്‍ തൊഴിലാളി സമരത്തിന് ഐക്യദാര്‍ഢ്യമറിയിച്ചുകൊണ്ടുള്ള പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് എം.എ. ബേബി പറഞ്ഞു.
Content Highlight: CPI(M) resists and defeats UP BJP government’s attempts to suppress labor agitation in Noida