| Saturday, 28th November 2026, 3:10 pm

ആവനാഴിയിലെ വിഷം പുരട്ടിയ ആയുധങ്ങൾ ബി.ജെ.പി പുറത്തെടുക്കും; ഇന്ത്യൻ ഭരണഘടനയെ മാറ്റിയെഴുതും; മണ്ഡല പുനർനിർണയ ബില്ലിനെതിരെ എ.എ. റഹീം

ശ്രീലക്ഷ്മി എ.വി.

തിരുവനന്തപുരം: മണ്ഡല പുനർനിർണയ ബില്ലിനെതിരെ വിമർശനവുമായി സി.പി.ഐ.എം രാജ്യസഭാ എം.പി എ.എ റഹീം. ആവനാഴിയിലെ വിഷം പുരട്ടിയ ആയുധങ്ങൾ ബി.ജെ.പി പുറത്തെടുക്കുമെന്നും നിയമ നിർമാണങ്ങളിലേക്കും ഭരണഘടനാ ഭേദഗതിയിലേക്കും പോകുമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി സർക്കാരിന്റെ ഈ നീക്കത്തെ എതിർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ ഭരണഘടനയെ മാറ്റിയെഴുതാനുള്ള ഫ്ലോർ ടെസ്റ്റ് ആണ് ഇവിടെ നടക്കുന്നതെന്നും ബി.ജെ.പിക്ക് സ്ഥാനമുറപ്പിക്കാൻ കഴിയുന്ന സ്ഥലങ്ങളിലാണ് അവർ എണ്ണം കൂട്ടാൻ പോകുന്നതെന്നും ഇതിൽ ബി.ജെ.പി വിജയിച്ചാൽ ഭരണഘടയുടെ അടിത്തറ മാറുമെന്നും അദ്ദേഹം പറഞ്ഞു.

ഡീലിമിറ്റേഷൻ കമ്മീഷൻ ഗ്യാനേഷ്‌കുമാറാണെന്നും ഡീലിമിറ്റേഷൻ കമ്മീഷനെ ഉപയോഗിച്ച് അവർക്ക് നമ്പർ ഉറപ്പിക്കാൻ കഴിയുന്ന ഗെയിമാണ് അവർ പ്ലാൻ ചെയ്തിരിക്കുന്നതെന്നും അതിന്റെ റോഡ് മാപ്പ് ആണ് ബി.ജെ.പി ഉണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇന്ത്യ ബ്ലോക്കിലെ എല്ലാ പാർട്ടികളും ഈ ആശങ്കകളെ പങ്കുവെച്ചിട്ടുണ്ടെന്നും വരും മണിക്കൂറുകൾ ഇന്ത്യയെ സംബന്ധിച്ച് നിർണായകമാണെന്നും ഇതൊരു ശ്രമകരമായ രാഷ്ട്രീയ ദൗത്യമാക്കി എടുക്കണമെന്നാണ് ഇന്ത്യ ബ്ലോക്കിൽ ഉയർന്നുവന്ന പൊതുവായ ധാരണയെന്നും എ.എ. റഹീം പറഞ്ഞു.

മണ്ഡല പുനർനിർണയബില്ലും വനിതാ സംവരണവുമായി ബന്ധപ്പെട്ട നിയമഭേദഗതികളും പാസാക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. നവംബർ 30ന് ലോക്‌സഭയും ഡിസംബർ രണ്ടിന് രാജ്യസഭയും വീണ്ടും ചേരാനിരിക്കുകയാണ്.

ഈ വർഷം ഏപ്രിലിൽ ഭരണഘടനാ ഭേദഗതി ബിൽ പാസാക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാതെ പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ, അംഗബലം ഉറപ്പാക്കാനുള്ള മാസങ്ങൾ നീണ്ട നീക്കങ്ങൾക്കൊടുവിലാണ് ഇത്തവണ പാർലമെൻ്റ് വിളിച്ചുചേർക്കുന്നത്.

ഇരുസഭകളും അത്യാവശ്യമായ സർക്കാർ കാര്യങ്ങൾ പരിഗണിക്കുന്നതിനായി വീണ്ടും ചേരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു വ്യാഴാഴ്‌ച അറിയിച്ചിരുന്നു. ഡിസംബർ മൂന്നോടെ സമ്മേളനം അവസാനിച്ചേക്കും.

Content Highlight: CPI(M) Rajya Sabha MP A.A. Rahim has criticized the constituency delimitation bill.

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more