| Friday, 8th August 2025, 10:44 pm

ചെമ്മാട് ദാറുല്‍ ഹുദയിലേക്ക് സി.പി.ഐ.എമ്മിന്റെ പ്രതിഷേധ മാര്‍ച്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മാലിന്യ പ്രശ്‌നവും വയല്‍ നികത്തലും ചൂണ്ടിക്കാട്ടി ചെമ്മാട് ദാറുല്‍ ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിലേക്ക് സി.പി.ഐ.എം നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തും. സി.പി.ഐ.എം തിരൂരങ്ങാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ (ഓഗസ്റ്റ് 9) യാണ് മാര്‍ച്ച് നടത്തുന്നത്. ദാറുല്‍ ഹുദയില്‍ നിന്ന് ഒഴുക്കിവിടുന്ന മലിന ജലത്തിന് പരിഹാരം കാണുക, മാനിപ്പാടം മണ്ണിട്ട് നികത്തുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച്.

നാളെ രാവിലെ 10 മണിക്ക് ചെമ്മാട് താജ് ഓഡിറ്റോറിയം പരിസരത്ത് നിന്ന് ദാറുല്‍ ഹുദയിലേക്കാണ് മാര്‍ച്ച് തീരുമാനിച്ചിരിക്കുന്നതെന്ന് സി.പി.ഐ.എം തിരൂരങ്ങാടി ലോക്കല്‍ സെക്രട്ടറി ഇസ്മായില്‍ എം.പി. ഡൂള്‍ന്യൂസിനോട് പറഞ്ഞു. നിലവില്‍ വിദ്യാര്‍ത്ഥികളും ജീവനക്കാരും ഉള്‍പ്പടെ രണ്ടായിരത്തിലധികം ആളുകള്‍ ദാറുല്‍ ഹുദയില്‍ താമസിക്കുന്നുണ്ടെന്നും എന്നാല്‍ അതിനനുസരിച്ചുള്ള മാലിന്യ സംസ്‌കരണ സംവിധാനം അവിടെ പ്രവര്‍ത്തിക്കുന്നില്ലെന്നും ഇസ്മായില്‍ എം.പി. പറഞ്ഞു.

മലിനജലം അലക്ഷ്യമായി സമീപപ്രദേശങ്ങളിലേക്ക് ഒഴുക്കിവിടുകയാണെന്നും ഇക്കാരത്താല്‍ പ്രദേശത്തെ കുടിവെള്ളമുള്‍പ്പടെ മലിനപ്പെട്ടതായും സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറി പറഞ്ഞു. കുടിവെള്ളം പ്രദേശത്തെ തോടുകളിലും കിണറുകളിലും കലരുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാലിന്യ പ്രശ്‌നത്തിന് പുറമെ, സമീപത്തെ വയല്‍ നികത്തുന്നതും സി.പി.ഐ.എം നടത്തുന്ന പ്രതിഷേധത്തിന് കാരണമാണ്. ദാറുല്‍ ഹുദയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും സമീപത്തെ വയല്‍ മണ്ണിട്ട് നികത്തിയിട്ടുണ്ടെന്നും വ്യാപകമായി നെല്‍കൃഷി ചെയ്തിരുന്ന ഈ വയലിലാണ് ഇന്ന് ദാറുല്‍ ഹുദ നിലനില്‍ക്കുന്നതെന്നും സി.പി.ഐ.എം പ്രാദേശിക നേതൃത്വം പറയുന്നു. എന്നാല്‍ വയല്‍ മണ്ണിട്ട് നികത്തിയതില്‍ ദാറുല്‍ ഹുദക്ക് മാത്രമല്ല, മറ്റു സ്ഥാപനങ്ങള്‍ക്കും പങ്കുണ്ടെന്നും സി.പി.ഐ.എം നേതൃത്വം പറയുന്നു.

മലപ്പുറം ജില്ലയിലെ ചെമ്മാട് സമസ്തയിലെ ലീഗ് അനുകൂല വിഭാഗം നേതാവ് ഡോ. ബഹാവുദ്ദീന്‍ നദ്‌വിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ദാറുല്‍ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി. ഇവിടേക്കാണ് സി.പി.ഐ.എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

content highlights: CPI(M) protest march to Chemmad Darul Huda

We use cookies to give you the best possible experience. Learn more