| Thursday, 25th September 2025, 3:58 pm

ഞാന്‍ പറഞ്ഞത് ഷാഫി നിഷേധിച്ചില്ലല്ലോ; കുമ്പളങ്ങ കട്ടത് ആരെന്ന് ചോദിച്ചാല്‍ തോളില്‍ ചെളി നോക്കുന്നത് എന്തിനാണ്: സുരേഷ് ബാബു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: ഷാഫി പറമ്പിൽ എം.പിക്കെതിരെ വിമർശനവുമായി സി.പി.ഐ.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ. എൻ സുരേഷ് ബാബു. സ്ത്രീവിഷയത്തിൽ ഇയാൾ രാഹുലിന്റെ ഹെഡ്മാസ്റ്ററാണെന്നും ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് പോകാൻ വിളിക്കുമെന്നും സുരേഷ് ബാബു പറഞ്ഞു.

ഇതിനെതിരെ മറുപടിയുമായി ഷാഫി പറമ്പിൽ രംഗത്ത് വന്നു. സി.പി.ഐ.എം ജില്ലാ സെക്രട്ടറി പറഞ്ഞത് ആരോപണമല്ല അധിക്ഷേപമാണെന്നും ആരോപണത്തിന് മറുപടിയില്ലെന്നും നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. 2026ലെ സി.പി.ഐ.എമ്മിന്റെ തെരഞ്ഞെടുപ്പ് തന്ത്രമാണോ ഇതെന്നും ഷാഫി ചോദിച്ചു. ജില്ലാ സെക്രട്ടറിയെ കൊണ്ട് ഇങ്ങനെ സംസാരിപ്പിക്കുന്നതാണോ അടുത്ത തെരഞ്ഞക്കെടുപ്പിലേക്കുള്ള മാനിഫെസ്റ്റോയെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ഷാഫി ചോദിച്ചു.

താൻ പറഞ്ഞത് ഷാഫി പറമ്പില്‍ നിഷേധിച്ചില്ലെന്നും കുമ്പളങ്ങ കട്ടത് ആരെന്ന് ചോദിച്ചാല്‍ തോളില്‍ ചെളി നോക്കുന്നത് എന്തിനാണെന്നും ഷാഫി വെല്ലുവിളിക്കട്ടെ അപ്പോള്‍ മറുപടി പറയാമെന്നും ഇതിനു പിന്നാലെ സുരേഷ് ബാബു പറഞ്ഞു.

കോൺഗ്രസിലെ പല നേതാക്കളും രാഹുലിന്റെ അധ്യാപകരാണ്. എങ്ങനെയാണ് ഒരു രാഷ്ട്രീയ പ്രവർത്തകന് ഇങ്ങനെ പെരുമാറാൻ സാധിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനോട് രാജിവെക്കണമെന്ന് പറയാൻ ഒരു തരത്തിലും ഷാഫി പറമ്പിൽ തയ്യാറാവില്ല. ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും കൂട്ടുകച്ചവടമാണ് നടത്തുന്നതെന്നും സുരേഷ് ബാബു ആരോപിച്ചു.

കൊത്തി കൊത്തി മുറത്തിൽ കേറി കൊത്തിയപ്പോൾ നിവൃത്തികേടുകൊണ്ടാണ് വി.ഡി സതീശൻ രാഹുലിനെതിരെ നടപടിയെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുലിനെ ഇപ്പോഴും ഷാഫി പറമ്പിൽ സംരക്ഷിക്കുകയാണെന്നും സുരേഷ് ബാബു പറഞ്ഞു.

Content Highlight: CPI(M) Palakkad District Secretary E. N. Suresh Babu criticized Shafi Parambil MP

We use cookies to give you the best possible experience. Learn more