| Wednesday, 6th May 2026, 10:37 pm

ഡി.എം.കെ സഖ്യം വിടില്ലെന്ന സൂചനകളുമായി സി.പി.ഐ.എം; സ്റ്റാലിനെ സന്ദർശിച്ച് നേതാക്കൾ

മുഹമ്മദ് നബീല്‍

ചെന്നൈ: സർക്കാർ രൂപീകരിക്കുന്നതിന് ടി.വി.കെ നേതാവ് വിജയ് രാഷ്ട്രീയ പാർട്ടികളുടെയൊക്കെ പിന്തുണ തേടി ഓടുമ്പോഴും ഡി.എം.കെ സഖ്യം വിടില്ലെന്ന സൂചനകളുമായി സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി ഷൺമുഖവും സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ. കനകരാജും നിയുക്ത എം.എൽ.എമാരായ ടി. ലതയും, ആർ. സെല്ലസാമിയും ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിൻ്റെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദർശിച്ചു.

തെരഞ്ഞെടുപ്പിൽ തങ്ങളെ വിജയിപ്പിച്ച ഡി.എം.കെയോടുള്ള നന്ദി സൂചിപ്പിക്കാനാണ് നേതാക്കളുടെ സന്ദർശനമെന്നാണ് സി.പി.ഐ.എം തമിഴ്നാട് സംസ്ഥാന കമ്മറ്റിയുടെ നവമാധ്യമത്തിലെ പ്രതികരണം. ടി.വി.കെ സർക്കാർ രൂപീകരണത്തിലേക്ക് സി.പി.ഐ.എമ്മിനെയടക്കം ക്ഷണിച്ചിരിക്കുന്ന ഈ ഘട്ടത്തിലെ സന്ദർശനത്തിന് രാഷ്ട്രീയ മാനങ്ങൾ ഏറെയാണ്.

ഏത് പ്രതിസന്ധി ഘട്ടത്തിലും സി.പി.ഐ.എം ഡി.എം.കെ സഖ്യത്തോടൊപ്പം നിലയുറപ്പിക്കുമെന്നതാണ് ഈ കൂടിക്കാഴ്ച നൽകുന്ന സൂചനകളെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. നിയമസഭ തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റിൽ മത്സരിച്ച സി.പി.ഐ.എം സ്ഥാനാർത്ഥികളിൽ രണ്ട് പേരാണ് വിജയിച്ചത്.

അതേസമയം സർക്കാർ രൂപീകരിക്കുന്നതിനായി ടി.വി.കെ നേതാവ് ഗവർണറെ സമീപിച്ചെങ്കിലും കേവല ഭൂരിപക്ഷമായ 118 എം.എൽ.എമാരുടെ പിന്തുണ നേടാനാകാത്തതിനാൽ സർക്കാർ രൂപീകരിക്കാൻ കഴിയില്ലെന്ന് ഗവർണർ തിരിച്ചടിച്ചു. കോൺഗ്രസ് ടി.വി.കെയ്ക് പിന്തുണ പ്രഖ്യാപിച്ചെങ്കിലും 118 എന്ന ലക്ഷ്യത്തിലെത്താൻ വിജയ്ക്ക് കഴിഞ്ഞില്ല. ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ടി.വി.കെ സഖ്യം.

മുസ്‌ലിം ലീഗ് ഡി.എം.കെ സഖ്യം വിടില്ലെന്ന് ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്.’ഇന്നലെയും ഇന്നും സ്റ്റാലിനൊപ്പമാണ്. നാളെയും മുസ്‌ലിം ലീഗ് സ്റ്റാലിന് ഒപ്പമായിരിക്കും’ മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീൻ പറഞ്ഞു.

അതേസമയം കോൺഗ്രസ് ഡി.എം.കെ സഖ്യത്തിൽ നിന്നും പിൻവാങ്ങിയാൽ ഇന്ത്യ മുന്നണി വിടുമെന്ന് ഡി.എം.കെയും പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlight:CPI(M) leaders meet Stalin, hinting that they will not leave DMK alliance

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more