| Friday, 16th January 2026, 8:00 pm

കെ.എം. മാണി നരകത്തീയില്‍ വെന്ത് മരിക്കണമെന്ന് പറഞ്ഞവരാണ് സി.പി.ഐ.എം നേതാക്കള്‍: വി.ഡി. സതീശന്‍

രാഗേന്ദു. പി.ആര്‍

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി ഇടതുപക്ഷത്ത് ഉറച്ചുനില്‍ക്കുമെന്ന് ആവര്‍ത്തിച്ചതോടെ സി.പി.ഐ.എമ്മിന്റെ പഴയകാല പരാമര്‍ശങ്ങള്‍ ഓര്‍മിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

കെ.എം. മാണി നരകത്തീയില്‍ വെന്ത് മരിക്കണമെന്ന് പറഞ്ഞവര്‍ തന്നെ അദ്ദേഹത്തിന് സ്മാരകം പണിയുന്നതില്‍ സന്തോഷമുണ്ടെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഇടതുപക്ഷത്ത് നില്‍ക്കുന്ന കേരള കോണ്‍ഗ്രസിന്റെ വിശ്വാസത്തെ ഹനിക്കുന്ന ഒന്നും തന്നെ യു.ഡി.എഫ് പറഞ്ഞിട്ടില്ല. കെ.എം. മാണിയുടെ സ്മാരകത്തിനായി തിരുവനന്തപുരത്ത് സ്ഥലം അനുവദിച്ച തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. സര്‍ക്കാരിന്റേത് നല്ലൊരു തീരുമാനമാണ്. വരാനിരിക്കുന്ന തലമുറ കെ.എം. മാണി എന്തായിരുന്നുവെന്ന് തിരിച്ചറിയണം,’ വി.ഡി. സതീശന്‍ പറഞ്ഞു.

സ്മാരകത്തിനുള്ള സ്ഥലം കിട്ടിയതില്‍ തങ്ങള്‍ കൂടി നിമിത്തമായതില്‍ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.എം. മാണി നരകത്തീയില്‍ വെന്തുമരിക്കണമെന്ന് പറഞ്ഞവരാണ് സി.പി.ഐ.എം നേതാക്കളെന്നും വിമര്‍ശനമുണ്ട്.

മുന്നണി പ്രവേശനത്തില്‍ കേരള കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവും പാര്‍ട്ടി എം.എല്‍.എയുമായ രമേശ് ചെന്നിത്തല വ്യക്തമാക്കി. ആരെയും തങ്ങള്‍ അങ്ങോട്ട് ചെന്ന് വിളിച്ചിട്ടില്ല. യു.ഡി.എഫില്‍ ചേരണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നവരുമായി ചര്‍ച്ച നടത്തും. അതല്ലാതെ മറ്റൊരു ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കോണ്‍ഗ്രസ് വിട്ട് പോകുന്നവര്‍ പുണ്യവാളന്മാരും സി.പി.ഐ.എം വിട്ട് യു.ഡി.എഫില്‍ ചേരുന്നവര്‍ വര്‍ഗവഞ്ചകരുമാകുന്നത് എങ്ങനെയാണെന്നും ചെന്നിത്തല ചോദിക്കുന്നു.

സി.പി.ഐ.എം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ഐഷ പോറ്റി വര്‍ഗവഞ്ചന കാണിച്ചുവെന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് ചെന്നിത്തലയുടെ പ്രതികരണം.

അതേസമയം തിരുവനന്തപുരത്തെ കവടിയാറില്‍ കെ.എം. മാണി സാമൂഹിക പഠനകേന്ദ്രത്തിന് 25 സെന്റ് ഭൂമി നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം. മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. ജോസ് കെ. മാണിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ ഭൂമി നല്‍കാനുള്ള തീരുമാനത്തിലെത്തിയത്.

Content Highlight: CPI(M) leaders are the ones who told K.M. Mani to burn in hell: V.D. Satheesan

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more