| Tuesday, 16th September 2025, 10:15 am

നദ്‌വിക്കെതിരായ പരനാറി പരാമര്‍ശം; സി.പി.ഐ.എം നേതാവിനെ മഹല്ലില്‍ നിന്ന് പുറത്താക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ബഹാവുദ്ദീന്‍ നദ്‌വിക്കെതിരായ ‘പരനാറി’ പരാമര്‍ശത്തില്‍ സി.പി.ഐ.എം നേതാവിനെ മഹല്ലില്‍ നിന്ന് പുറത്താക്കി എസ്.എം.എഫ്. കോഴിക്കോട് മടവൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം അഡ്വ. ഹക്കീല്‍ അഹമ്മദിനെയാണ് പുറത്താക്കിയത്.

മന്ത്രിമാര്‍ക്ക് ‘വൈഫ് ഇന്‍ചാര്‍ജ് ‘ ഭാര്യമാരുണ്ടെന്ന നദ്‌വിയുടെ പരാമര്‍ശത്തിനെതിരെ സി.പി.ഐ.എം നടത്തിയ പ്രതിഷേധ പരിപാടിയിലാണ് ഹക്കീല്‍ ‘പരനാറി’ പരാമര്‍ശം നടത്തിയത്. ‘ബഹാവുദ്ദീന്‍ ഉസ്താദല്ല, നാക്ക് പഴുത്തൊരു പരനാറി’ എന്നായിരുന്നു ഹക്കീലിന്റെ പരാമര്‍ശം.

പിന്നാലെ നദ്‌വിക്കെതിരായ പരാമര്‍ശത്തെ വിമര്‍ശിച്ചും നദ്‌വിയെ ന്യായീകരിച്ചും സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി രംഗത്തെത്തിയിരുന്നു.

ബഹാവുദ്ദീന്‍ പറഞ്ഞത് ചരിത്രപരമായ വസ്തുതയാണെന്നും പണ്ഡിതന്മാര്‍ക്കെതിരെ അസംഭ്യം പറഞ്ഞാല്‍ കയ്യും കെട്ടി നോക്കിനില്‍ക്കാനാകില്ലെന്നുമാണ് നാസര്‍ ഫൈസി കൂടത്തായി പ്രതികരിച്ചത്. മടവൂരില്‍ സുന്നി മഹല്‍ ഫെഡറേഷന്‍ നടത്തിയ പ്രതിഷേധ സംഗമത്തിലായിരുന്നു നാസര്‍ ഫൈസിയുടെ പ്രതികരണം.

ഇ.എം.സിന്റെ മാതാവിനെ മുഹമ്മദ് നബിയുടെ പങ്കാളി ആയിഷാ ബീവിയോട് ഉപമിച്ച് സി.പി.ഐ.എമ്മിനെ ബഹുമാനിക്കുകയാണ് നദ്‌വി ചെയ്തത്. ഒരു ഘട്ടത്തില്‍ പോലും നദ്‌വി ഇ.എം.എസിനെ അപമാനിച്ചിട്ടില്ല. ഏറ്റവും മാന്യമായ വിമര്‍ശനമാണ് നദ്‌വി നടത്തിയതെന്നും നാസര്‍ ഫൈസി പറഞ്ഞിരുന്നു.

‘ഇ.എം.എസിന്റെ ഉമ്മാനെ കെട്ടിച്ചത് അവര്‍ക്ക് 11 വയസുള്ളപ്പോഴാണ്. 15ാം നൂറ്റാണ്ട് വരെയൊന്നും പോകേണ്ട, തൊട്ടുമുമ്പത്തെ ഇരുപതാം നൂറ്റാണ്ടിലെ സംഭവമാണ് പറയുന്നത്. ഇ.എം.എസിന്റെ മാതാവിന്റെ വിവാഹം 11ാം വയസിലായിരുന്നു എന്നതിന്റെ പേരില്‍ ആരും അവരെ അവഹേളിച്ചിരുന്നില്ല. കാരണം അത് അന്നത്തെ സാമൂഹിക രീതിയായിരുന്നു. അതിനെ അവഹേളിക്കാനും പാടില്ല.

ഇനി ബഹുഭാര്യത്വത്തെ കുറിച്ച് പറയുകയാണെങ്കില്‍ നാട്ടിലെ മാന്യന്മാരായ ഉദ്യോഗസ്ഥരും എം.പിമാരും എം.എല്‍.എമാരും മന്ത്രിമാരും കേന്ദ്രമന്ത്രിമാരും ഉള്‍പ്പടെയുള്ളവര്‍ക്ക് ഭാര്യമാര്‍ ഒന്നേ ഉണ്ടാകൂ. എന്നാല്‍ അവര്‍ക്കൊക്കെ വൈഫ്-ഇന്‍-ചാര്‍ജ് ഭാര്യമാര്‍ ഉണ്ടായിരിക്കും. പേര് ഇന്‍ചാര്‍ജ് ഭാര്യമാര്‍ എന്നായിരിക്കില്ലെന്ന് മാത്രം. ഇല്ലാത്തവരോട് കൈ പൊന്തിക്കാന്‍ പറഞ്ഞാല്‍ എത്ര പേര്‍ക്ക് സാധിക്കും,’ നദ്‌വിയുടെ അധിക്ഷേപ പരാമര്‍ശം.

Content Highlight: CPI(M) leader expelled from Mahal for derogatory remarks against Nadwi

We use cookies to give you the best possible experience. Learn more