| Monday, 1st December 2025, 4:29 pm

നിമിഷപ്രിയയ്ക്കായി കണ്ണീരൊഴുക്കിയ രക്ഷക; വേട്ടക്കാർക്ക് കുടപിടിക്കാൻ ഇറങ്ങിയിരിക്കുന്നു; അഡ്വക്കേറ്റ് ദീപ ജോസഫിനെതിരെ സരിൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അതിജീവിതയെ അപമാനിച്ച കേസിൽ അഡ്വക്കേറ്റ് ദീപ ജോസഫിനെതിരെ വിമർശനവുമായി സി.പി.ഐ.എം നേതാവ് ഡോ. സരിൻ.പി. രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ കേസിൽ പരാതി നൽകിയ യുവതിയെ അപമാനിച്ചതിലെ രണ്ടാം പ്രതിയാണ് ദീപ ജോസഫ്.

അതിജീവിതയെ ഭീഷണിപ്പെടുത്താൻ അവർ തുനിഞ്ഞിറങ്ങിയിരിക്കുകയാണെന്ന് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ സരിൻ പറഞ്ഞു.

നാട്ടിൽ ആക്ടിവിസം തൊഴിലായി സ്വീകരിച്ച പലരെയും കണ്ടിട്ടുണ്ടെന്നും എന്നാൽ ഇത്രയും കഴിവുള്ളതായി അവകാശപ്പെടുന്ന ഒരു സുപ്രീംകോടതി വക്കീലിനെ ആദ്യമായാണ് താൻ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ടൈം ട്രാവൽ നടത്തുന്ന വക്കീലും യമനിലെ വീട് പണിയും പിന്നെ കുറച്ച് മനുഷ്യാവകാശ സേവനങ്ങളുമാണ് അവർ നടത്തുന്നതെന്ന് സരിൻ കൂട്ടിച്ചേർത്തു.

യമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ ജീവൻ രക്ഷിക്കാനാണെന്ന പേരിൽ പിരിച്ച പണം കൊണ്ട് സ്വന്തമായി വീടുപണിയാൻ സ്വപ്നം കാണുന്ന ദീപ ജോസഫിനെ കുറിച്ച് ഒരു യെമൻ പൗരൻ പോസ്റ്റ് ചെയ്ത കാർട്ടൂൺ ഉൾപ്പെടുത്തിയാണ് സരിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

യമനിലുള്ളവർക്ക് ഇവരുടെ തനിനിറം മനസിലായെന്നും എന്നാൽ ഇവിടെയുള്ള ചില ആളുകൾക്ക് ഇപ്പോഴും ഇതൊന്നും മനസിലായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാവങ്ങളുടെ കണ്ണീർ വിറ്റ് കാശാക്കുന്ന ഈ പരിപാടിക്ക് എന്ത് പേരിടണമെന്നും സരിൻ ചോദിച്ചു.

ദീപ ജോസഫിന്റെ വിദ്യാഭ്യാസ യോഗ്യതയെയും സരിൻ ചോദ്യം ചെയ്തു. 2017 മുതൽ താനൊരു സുപ്രീം കോടതി വക്കീലാണെന്നാണ് ദീപജോസഫ് അവകാശപ്പെടുന്നതെന്നും എന്നാൽ ബാർ കൗൺസിൽ രേഖകൾ പ്രകാരം ഇവർ നിയമബിരുദം പൂർത്തിയാക്കിയത് 2020 ലാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ വിവരങ്ങൾ അടങ്ങിയ തെളിവുകളുണ്ടെന്നും സരിൻ കൂട്ടിച്ചേർത്തു.

എൽ.എൽ.ബി പാസാകുന്നതിന് മൂന്ന് വർഷം മുമ്പ് പ്രാക്ടീസ് തുടങ്ങിയ ലോകത്തിലെ ആദ്യത്തെ “അത്ഭുത വക്കീൽ” ആയിരിക്കും ഇവരെന്നും അദ്ദേഹം വിമർശിച്ചു.

നിമിഷപ്രിയയ്ക്ക് വേണ്ടി കണ്ണീരൊഴുക്കിയവർ തന്നെയാണ് ഇപ്പോൾ വേട്ടക്കാർക്ക് വേണ്ടി കുടപിടിക്കാൻ ഇറങ്ങിയിരിക്കുന്നതെന്നും ഇതിനുപിന്നിലെ വിരോധാഭാസം എന്താണെന്ന് ചോദിക്കരുതെന്നും മാഡം പിണങ്ങുമെന്നും സരിൻ പരിഹസിച്ചു.

അതിജീവിതയെ തിരിച്ചറിയുന്ന തരത്തിൽ വെളിപ്പെടുത്തൽ നടത്തിയ കേസിൽ നിലവിൽ അഞ്ച് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.

രഞ്ജിത പുളിക്കൽ, അഡ്വക്കേറ്റ് ദീപ ജോസഫ്, സന്ദീപ് വാര്യർ, രാഹുൽ ഈശ്വർ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. രാഹുൽ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

‘ടൈം ട്രാവൽ’ നടത്തുന്ന വക്കീലും, യെമനിലെ വീട് പണിയും, പിന്നെ കുറച്ച് ‘മനുഷ്യാവകാശ’ സേവനങ്ങളും!
നമ്മുടെ നാട്ടിൽ ‘ആക്ടിവിസം’ തൊഴിലായി സ്വീകരിച്ച പലരേയും കണ്ടിട്ടുണ്ട്. പക്ഷെ ഇത്രയും ‘കഴിവുള്ള’ ഒരു സുപ്രീം കോടതി വക്കീലിനെ (അങ്ങനെയാണ് സ്വയം അവകാശപ്പെടുന്നത്) ആദ്യമായിട്ടാണ് കാണുന്നത്.
യെമനിൽ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ ജീവൻ രക്ഷിക്കാൻ എന്ന പേരിൽ പിരിച്ച പണം കൊണ്ട് സ്വന്തമായി വീട് പണിയാൻ സ്വപ്നം കാണുന്ന ഈ ‘മഹതി’യെ പറ്റി സാക്ഷാൽ ഒരു യെമൻ പൗരൻ പോസ്റ്റ് ചെയ്ത കാർട്ടൂൺ ആണ് താഴെ കൊടുത്തിരിക്കുന്നത്.

യെമനിലുള്ളവർക്ക് പോലും ഇവരുടെ തനിനിറം മനസ്സിലായി, പക്ഷെ ഇവിടുത്തെ ചില ‘പ്രബുദ്ധർക്ക്’ മാത്രം ഇപ്പോഴും സംഗതി കത്തിയിട്ടില്ല! പാവങ്ങളുടെ കണ്ണീര് വിറ്റ് കാശാക്കുന്ന ഈ പരിപാടിക്ക് എന്ത് പേരിടണം?

ഇനി ഇവരുടെ ‘വിദ്യാഭ്യാസ യോഗ്യത’യുടെ കാര്യം. അവിടെയാണ് ശരിക്കും ട്വിസ്റ്റ്! 2017 മുതൽ താനൊരു സുപ്രീം കോടതി വക്കീലാണെന്നാണ് മാഡത്തിന്റെ അവകാശവാദം. എന്നാൽ ബാർ കൗൺസിൽ രേഖകൾ പ്രകാരം ഇവർ നിയമബിരുദം (LLB) പൂർത്തിയാക്കിയത് 2020-ലാണ്! (വിവരങ്ങൾ അടങ്ങിയ സ്ക്രീൻഷോട്ടുകൾ ഒപ്പമുണ്ട് ).
എൽ.എൽ.ബി പാസാകുന്നതിന് മൂന്ന് വർഷം മുൻപേ പ്രാക്ടീസ് തുടങ്ങിയ ലോകത്തിലെ ആദ്യത്തെ ‘അത്ഭുത വക്കീൽ’ ആയിരിക്കും ഇവർ! പോരാത്തതിന്, ആ പാസായ ഡിഗ്രി പോലും ഡൽഹി ബാർ കൗൺസിൽ ഇതുവരെ വെരിഫൈ ചെയ്തിട്ടില്ലത്രേ. ‘ടൈം ട്രാവൽ’ സിനിമകളെ വെല്ലുന്ന തിരക്കഥ!
ഇതുകൊണ്ടൊന്നും തീർന്നില്ല ഇവരുടെ സേവനം. ഏറ്റവും ഒടുവിൽ കാണുന്നത്, കേരളത്തിലെ പ്രമുഖ യുവ എം.എൽ.എ. പ്രതിയായ ലൈംഗിക അതിക്രമ കേസിലെ ഇരയെ ഭീഷണിപ്പെടുത്താൻ ഇവർ തുനിഞ്ഞിറങ്ങിയിരിക്കുന്നതാണ്.
നിമിഷ പ്രിയക്ക് വേണ്ടി കണ്ണീരൊഴുക്കിയ അതേ ‘രക്ഷക’ തന്നെയാണോ ഇപ്പോൾ വേട്ടക്കാർക്ക് വേണ്ടി കുടപിടിക്കാൻ ഇറങ്ങിയിരിക്കുന്നതിലെ വിരോധാഭാസം എന്നൊന്നും ചോദിക്കരുത്, മാഡം പിണങ്ങും!

മുഖംമൂടികൾ ഒന്നൊന്നായി അഴിഞ്ഞു വീഴുകയാണ് സുഹൃത്തുക്കളെ. ‘സുപ്രീം കോടതി’ എന്ന ബോർഡും വെച്ച് നടക്കുന്ന ഇത്തരം തട്ടിപ്പുകാരെ നിലക്ക് നിർത്താൻ ഒക്കെ ഇന്നാട്ടിലെ ഭരണകൂടത്തിന് അറിയാം എന്ന് വിനീതമായി ഓർമ്മിപ്പിക്കട്ടെ…

എന്തയാലും ‘വ്യാജ’മല്ലാത്ത ഒന്നിനെയും അവിടുന്ന് എടുക്കാൻ ഇല്ലയോ ആവോ. നല്ലൊരു വക്കീലിനെ വെച്ചാൽ ശിക്ഷ കുറഞ്ഞു കിട്ടും.

ഇതിലെങ്കിലും വ്യാജന്മാരെ മാറ്റി നിർത്തിയില്ലെങ്കിൽ ശിഷ്ടകാലം ജയിലിൽ കിടക്കാനുള്ള വകുപ്പുകൾ പല കേസുകളിലായി ഉണ്ടാക്കി വെച്ചിട്ടുണ്ടെന്നാണല്ലോ കേൾക്കുന്നത്.

Content Highlight: CPI(M) leader Dr. Sarin P. has criticized advocate Deepa Joseph for insulting a survivor.

We use cookies to give you the best possible experience. Learn more