| Wednesday, 25th March 2026, 9:04 am

ഹിന്ദി ഹൃദയ ഭൂമി ചെങ്കടലാക്കി സി.പി.ഐ.എം ജൻ ആക്രോശ് റാലി; ചെങ്കൊടി ഇല്ലാതാക്കാമെന്നത് സംഘപരിവാർ വ്യാമോഹമെന്ന് എം.എ ബേബി

മുഹമ്മദ് നബീല്‍

ന്യൂദൽഹി: ഹിന്ദി ഹൃദയ ഭൂമിയാകെ ചെങ്കടലാക്കി സി.പി.ഐ.എം ജൻ ആക്രോശ് റാലി. കേന്ദ്ര സർക്കാരിന്റ ജനവിരുദ്ധ നയങ്ങൾക്കെതിരെ രാംലീല മൈതാനിയിൽ ഒത്തുകൂടിയത് പതിനായിരങ്ങൾ.

ലേബർ കോഡ് പിൻവലിക്കുക, തൊഴിലുറപ്പ് പദ്ധതി പുനസ്ഥാപിക്കുക, വിത്ത് ബില്ലും വൈദ്യുതി ഭേദഗതി ബില്ലും പിൻവലിക്കുക, പാചകവാതക ക്ഷാമം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സി.പി.ഐ.എമ്മിന്റെ ഈ ഐതിഹാസിക റാലി.

ഇന്ത്യയിൽ ചെങ്കൊടിക്കാലം കഴിഞ്ഞെന്ന് വീമ്പുപറയുന്ന പ്രഥാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത്ഷാക്കുമുള്ള താക്കീതാണ് ഈ ജൻ ആക്രോശ് റാലിയെന്ന് സി.പി.ഐ.എം ജനറൽ സെക്രട്ടറി എം. എ ബേബി പറഞ്ഞു.

‘കേരളത്തിൽ മാത്രമാണ് ചെങ്കൊടി ശേഷിക്കുന്നതെന്നും ഈ തെരഞ്ഞെടുപ്പോടുകൂടി അതും ഇല്ലാതാകുമെന്നാണ് മോദിയും ഷായും പറയുന്നത്, ഇന്ത്യയിൽ നിന്നും കമ്മ്യൂണിസത്തെ തുടച്ചുനീക്കാനുള്ള സംഘപരിവാറിന്റെ കുല്സിത ശ്രമങ്ങളൊന്നും ഫലം കാണില്ലെന്നതിന്റെ തെളിവാണ് രാംലീല മൈതാനിയിൽ ഒത്തുകൂടിയ പതിനായിരങ്ങൾ,’ അദ്ദേഹം പറഞ്ഞു.

ഗുജറാത്ത്, ബീഹാർ, ഉത്തർപ്രദേശ് തുടങ്ങിയ 13 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രവർത്തകരാണ് റാലിയിൽ പങ്കെടുത്തത്.

ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെത്തി സി.പി.ഐ.എം പ്രവർത്തകർ ജനങ്ങളുമായി സംവദിച്ചും ഗ്രാമങ്ങളിൽ ജാഥ നടത്തിയുമാണ് ഇത്തരത്തിലൊരു വലിയ റാലി സംഘടിപ്പിച്ചതെന്ന് പറഞ്ഞ ബേബി പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയിലെ ജാഥയിൽ താൻ പങ്കെടുത്തപ്പോൾ അവിടങ്ങളിലെ ദുരവസ്ഥ ബോധ്യമായെന്നും കൂട്ടിച്ചേർത്തു.

നിരവധിപേരാണ് റാലിക്ക് ഐക്യദാർഢ്യവുമായി വന്നത്. ബീഫ് കൈവശം വച്ചെന്ന് ആരോപിച്ച് സംഘപരിവാർ ക്രിമിനലുകൾ കൊലപ്പെടുത്തിയ ഹരിയാനയിലെ ജുനൈദിന്റെ ഉമ്മയും സഹോദരനും സി.പി.ഐ.എം റാലിക്ക് ഐക്യദാർഢ്യവുമായി രാം ലീല മൈദാനിയിലെത്തി.

യുവാക്കൾ, വിദ്യാർഥികൾ, കർഷകർ, ആശാ പ്രവർത്തകർ തുടങ്ങി കേന്ദ്ര സർക്കാരിന്റെ ജന ദ്രോഹ നടപടികളിൽ പൊറുതിമുട്ടിയ സർവ മേഖലയിലെ മനുഷ്യരും റാലിയിൽ അണിനിരന്നു.

ദൽഹിയിലെ മോശം കാലാവസ്ഥയെയും കവച്ചുമാറ്റിയാണ് സി.പി.ഐ.എം കേന്ദ്ര സർക്കാരിന്റെ മൂക്കിൻ തുമ്പത്ത് ഈ മഹാ റാലി സംഘടിപ്പിച്ചത്.

സി.പി.ഐ.എം ജനറൽ സെക്രട്ടറി എം. എ ബേബി റാലി ഉദ്‌ഘാടനം ചെയ്തു. പോളിറ്റ് ബ്യുറോ അംഗം അമ്രാ റാം അധ്യക്ഷനായി. പോളിറ്റ് ബ്യുറോ അംഗങ്ങളായ വിജു കൃഷ്ണൻ, സുദീപ് ദത്ത്, അശോക് ധവളെ കേന്ദ്ര കമ്മറ്റി അംഗങ്ങളായ മുഹമ്മദ് യുസഫ് തരിഗാമി, വിക്രം സിങ്, സുദീപ് ദത്ത, തുടങ്ങിയവർ സംസാരിച്ചു. മുതിർന്ന നേതാക്കളായ പ്രകാശ് കാരാട്ട്, ബ്രിന്ദ കാരാട്ട്, രാജ്യസഭാ നേതാവ് ജോൺ ബ്രിട്ടാസ് തുടങ്ങിയവർ പങ്കെടുത്തു.

Content Highlight: CPI(M) Jan Akrosh Rally turns Hindi heartland into a sea of ​​red; M.A. Baby says Sangh Parivar’s delusion that they can eliminate the red flag

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more